പ്രധാന വാര്‍ത്തകള്‍:

പറയാതെ വയ്യ,

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, May 30, 2023

എന്റെ തൊഴിൽ അഭിമാനം പദ്ധതി:

എന്റെ തൊഴിൽ അഭിമാനം പദ്ധതി: 


നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന തൊഴിലുറപ്പ് പദ്ധതിയെക്കാൾ ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ് 60 വയസ്സ് കഴിഞ്ഞിട്ടും സ്വന്തം കുലത്തൊഴിൽ സംരക്ഷിച്ചു, അഭിമാനത്തോടെ കാർഷിക - കാർഷികേതര ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഒരു പറ്റം മുതിർന്ന പൗരന്മാരുടെ അവസ്ഥ. ആരുടെ മുൻപിലും കൈനീട്ടാതെ രാവിലെ മുതൽ സ്വന്തം തൊഴിലിൽ അവർ സജീവമാകുന്നു. ഉദാഹരണമായി എന്റെ നാട് വേമ്പനാട്ട് കായലിന് അടുത്താണ്, ഏകദേശം പത്തോളം ഫിഷ് ലാൻഡിംഗ് സെന്ററുകൾ ഈ മേഖലയിൽ ഉണ്ട്. ദിവസവും ഇവിടുത്തെ മൽസ്യ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങി തലച്ചുമടായി വീട് വീടാന്തരം കയറിയിറങ്ങി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു മീൻ വില്പന നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും 60 -70 വയസ്സ് പ്രായമുള്ളവരാണ്. ഒരു ദിവസം ശരാശരി 20 കിമി എങ്കിലും നടന്നു മീൻ വില്പന നടത്തുന്ന ഇവർക്ക് സർക്കാർ എന്ത് പ്രോത്സാഹനം ആണ് കൊടുക്കുന്നത്. അവരുടെ ആരോഗ്യരക്ഷയ്ക്കും ചികിത്സയ്ക്കും മുന്തിയ പരിഗണന നല്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ തൊഴിലില്ലായ്മ വേതനം അല്ല കൊടുക്കേണ്ടത്. ഇതുപോലെ ജീവിതാന്ത്യം വരെ ജോലി ചെയ്യുന്ന, അധ്വാനിക്കുന്ന മനുഷ്യർക്ക് അർഹമായ പരിഗണന കൊടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവരെ ആദരിക്കാൻ തയ്യാറാവണം. അവർക്ക് ഈ സായംകാലത്ത് ജീവിതം ആസ്വദിക്കാൻ ഉതകുന്ന വിനോദ


പരിപാടികൾ (വിനോദയാത്ര, പ്രതിമാസ കൂടിച്ചേരലുകൾ, സൽക്കാരങ്ങൾ ...) പദ്ധതികളിൽ ഉൾപ്പെടുത്തണം. ജോലി ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ (മഴമൂലം, അനാരോഗ്യം മൂലം) സാമ്പത്തീക സഹായം ദിനബത്തയായി കൊടുക്കണം. മൽസ്യത്തൊഴിലാളികൾ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ തൊഴിലുകൾ ജീവിതാന്ത്യം വരെ ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്ന മനുഷ്യരെ ആദരിക്കാൻ അംഗീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേക പരിപാടികൾ തയ്യാറാക്കണം. കാരണം അവർ വരും തലമുറയ്ക്ക് മാതൃകകളാണ്.

ജോസി വർക്കി 

മുളന്തുരുത്തി    


സ്‌കൂൾ തുറക്കുമ്പോൾ :

സ്‌കൂൾ തുറക്കുമ്പോൾ :

കേരളത്തിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ഒരു സംശയം ബാക്കിയുണ്ട്. കേരളത്തിൽ നിലവിൽ എത്ര സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്? കാസർഗോഡ് ജില്ലയിൽ മാത്രം നൂറോളം സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി വാർത്തകളിൽ കണ്ടു. എങ്കിൽ സംസ്ഥാനത്ത് എത്ര സ്‌കൂളുകൾ യാതൊരു ബോർഡിന്റെയും അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടാവും. എന്തുകൊണ്ട് സർക്കാരുകൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. എത്രയോ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിന് അംഗീകാരം ഇല്ല എന്ന യാഥാർഥ്യം അറിയാതെ ഈ സ്കൂളുകളിലേക്ക് അയക്കുന്നു. അടച്ചു പൂട്ടാൻ സർക്കാരിന് സാധിക്കുന്നില്ല എങ്കിൽ, ഇത്തരം സ്‌കൂളുകൾക്ക് മുന്നിൽ അംഗീകാരമില്ല എന്ന ബോർഡ് തൂക്കാൻ നിർദ്ദേശിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും ഉയർന്നു നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഈ സ്‌കൂളുകൾ അപമാനമാണ്. സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ശമ്പളം കൊടുക്കുന്ന പൊതുവിദ്യാലയങ്ങൾ പത്താം ക്‌ളാസ്സുവരെ കുട്ടികളെ കിട്ടാതെ വിഷമിക്കുന്ന ഇക്കാലത്ത് എന്തിന്റെ പേരിൽ ആയാലും അനധികൃത സ്‌കൂളുകൾ നടത്തികൊണ്ടുപോകുവാൻ അനുവദിച്ചുകൂടാ.



ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 

Thursday, January 12, 2023

സൗജന്യം ആരുടെയും ഔദാര്യമല്ല!!


സൗജന്യം ആരുടെയും ഔദാര്യമല്ല!!

ഫ്രീബീസ് (സൗജന്യമായി നല്കപ്പെടുന്നവ) ഇന്ന് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നു. കിറ്റ് (കേരളം), പണം (തമിഴ് നാട്) വൈദ്യുതി,വെള്ളം (ഡൽഹി), മുതലായ ഫ്രീബീസ് സമ്പന്ന ദരിദ്ര ഭേദമന്യേ എല്ലാവര്ക്കും (സാമ്പത്തീകമായി ഉന്നത ശ്രേണിയിൽ ഉള്ളവർക്കും ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്കും) ഒരുപോലെ കൊടുക്കുന്നത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. പൊതു ഖജനാവിൽ നിന്നും ജനങ്ങളുടെ പണം എടുത്ത് ദൂർത്തടിച്ച്, പൊതുജനത്തെ പ്രീതിപ്പെടുത്തി വോട്ടു നേടി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്ന തന്ത്രമാണ് മേൽ പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരും അവലംബിച്ചു പോരുന്നത്. ജനങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം ഇതുവഴി പെട്ടിയിലാക്കാൻ കുറച്ചു കാലം എങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും, എന്നാൽ ഇത് ജനാധിപത്യ ഭാരതത്തിന് വളരെ ദോഷം ചെയ്യും. കിഴക്കമ്പലത്ത് നടക്കുന്ന ഫ്രീബീസ് രാഷ്ട്രീയത്തെ കുറ്റം പറയുന്നവർ പോലും ഈ മാർഗ്ഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്നു.

സത്യത്തിൽ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും അല്ലെങ്കിൽ കടം എടുത്ത് കൊടുക്കുന്ന സൗജന്യങ്ങൾ ഓരോ സർക്കാരും (രാഷ്ട്രീയ പാർട്ടികളും) അവരവരുടെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതുപോലെ ആണ് പ്രഖ്യാപനം നടത്തുന്നത്, പോസ്റ്റർ ഉണ്ടാക്കുന്നത്, ഫ്ളക്സ് വയ്ക്കുന്നത്!!
വിദ്യാഭ്യാസം, ആരോഗ്യരക്ഷ ഇവയൊക്കെ സൗജന്യമായി നൽകുന്നു എന്നുപറഞ്ഞു വീമ്പിളക്കുന്ന നേതാക്കൾ ഓർക്കുക, ഇത് ജനങ്ങളുടെ പണമാണ്. 100 രൂപ നികുതിയായി അടയ്ക്കുമ്പോൾ അതിൽ 50 രൂപ പോലും തിരികെ വികസന പദ്ധതികൾക്കായി ജനങ്ങളിലേക്ക് എത്തുന്നില്ല. 1985  ഇൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ഒരു പൊതുവേദിയിൽ പ്രസംഗിക്കവേ പറഞ്ഞത് 100 ചെലോവോഴിക്കുമ്പോൾ 15 രൂപ മാത്രമേ ജനങ്ങളിലേക്ക് എത്തുന്നുള്ളൂ എന്നാണ്. ഇതാണ് പരമ സത്യം. സർക്കാർ സ്‌കൂളുകളും ആശുപത്രികളും നടത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്. പറയുന്നത് എല്ലാം സൗജന്യം ആയി കൊടുക്കുന്നു എന്നും!
സൗജന്യ സഹായങ്ങൾ പൗരന്മാരുടെ സാമ്പത്തീക പിന്നോക്കാവസ്ഥ നോക്കി നൽകുക എന്നതാണ് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ക്ഷേമപദ്ധതി. അല്ലാത്തപക്ഷം സമൂഹത്തിൽ എക്കാലവും സാമ്പത്തികാസമത്വം നിലനില്കും.  വോട്ട് മുന്നിൽ കണ്ടുകൊണ്ട് സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ പൊതുജനം ഒന്നോർക്കുക, ഇവിടെ തങ്ങളാണ് ഇരയാക്കപ്പെടുന്നത്.

ജോസി വർക്കി
മുളന്തുരുത്തി      
 

Thursday, November 17, 2022

മുതിർന്ന പൗരന്മാരുടെ ക്ഷേമം

മുതിർന്ന പൗരന്മാരുടെ ക്ഷേമം: 
ഇന്ത്യയിൽ ഭരണഘടനാ പ്രകാരം മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 ഇൽ പാസാക്കിയതാണ്. നമ്മൾ എല്ലാവർഷവും വയോജനദിനം ഗംഭീരമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖയിലും വയോജന സംരക്ഷണം ഒരു പ്രധാന അജണ്ടയാണ്. എന്നാൽ ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ യഥാർത്ഥത്തിലുള്ള അവസ്ഥയെന്താണ്? സംരക്ഷണവും ക്ഷേമവും പോയിട്ട് അല്പം കരുണ കാണിക്കാൻ സർക്കാരുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല? 60 വയസ്സ് കഴിഞ്ഞാൽ മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കണം എന്നാണ് നിയമം. 60 പോയിട്ട് 70 വയസ്സ് കഴിഞ്ഞാൽ എങ്കിലും അല്പം കരുതൽ വയോജനങ്ങളോട് കാണിക്കേണ്ടേ? 60, 70, 80 എന്നിങ്ങനെ ഓരോ നാഴികക്കല്ലുകൾ വച്ച് പ്രായം കൂടുതോറും കൂടുതൽ കരുതൽ, ക്ഷേമ പദ്ധതികൾ, പെൻഷൻ, ആനുകൂല്യങ്ങൾ കിട്ടുന്ന രീതിയിൽ സർക്കാർ സംവിധാനം ഒരുക്കിയാൽ സമൂഹത്തിന് വയോജനങ്ങളോടുള്ള കാഴ്ചപ്പാട് പാടെ മാറും. വയോജനങ്ങളെ സംരക്ഷിക്കാൻ ആരുമില്ലാത്ത വഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ ഇല്ലാതാകും. 60 കഴിഞ്ഞവർക്ക് 3000 പെൻഷൻ 70 കഴിഞ്ഞവർക്ക് 5000 പെൻഷൻ 80 കഴിഞ്ഞവർക്ക് 10000 പെൻഷൻ എന്ന നിലയിൽ, ഓരോ മാസവും ഉറപ്പാക്കാൻ വലിയ ബാധ്യതയില്ലാത്ത സർക്കാരുകൾക്ക് സാധിക്കും. (മറ്റു പെൻഷൻ ഇല്ലാത്തവർക്ക് എങ്കിലും)  

എന്നാൽ നിലവിലെ സ്ഥിതി വളരെ മോശമാണ്. സർക്കാർ ആശുപതികളിൽ ഒപി ടിക്കറ്റ് പോലും ഫ്രീ അല്ല!! അവർക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ല, ഒരു അംഗീകൃത ബാങ്കിൽ നിന്നും സഹകരണ സംഘത്തിൽ നിന്നും ലോൺ എടുക്കാൻ സാധിക്കില്ല, പ്രായാധിക്യത്താൽ പലർക്കും ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ല. എന്നാൽ മരിക്കുന്നതുവരെ എല്ലാ വയോജനങ്ങളും അവർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധങ്ങൾക്ക് സേവനങ്ങൾക്ക് നികുതി സർക്കാർ ഖജനാവിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു!! ഒരു ജീവിതകാലം മുഴുവൻ അധ്വാനിക്കുകയും നാടിനുവേണ്ടി രാജ്യത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി വിയർപ്പൊഴുക്കുകയും ചെയ്ത മുതിർന്ന പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ സമൂഹവും സർക്കാരുകളും ബാധ്യസ്ഥരാണ്. വയോജന സംരക്ഷണം ഉറപ്പു വരുത്താത്ത ഒരു സമൂഹവും പുരോഗതി കൈവരിച്ചതായി അഭിമാനിക്കാൻ കഴിയില്ല.
-------
ജോസി വർക്കി
മുളന്തുരുത്തി 
Jossy Varkey
(0091) 98477 32042
 

Wednesday, October 26, 2022

നരബലി 0.2

 നരബലി

ഇപ്പോൾ കേരളത്തിൽ നരബലി ആണല്ലോ ട്രെൻഡ്!! എന്നാൽ ആരും ശ്രദ്ദിക്കാതെ പോകുന്ന നരബലി ധാരാളമായി നടക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. സ്‌കൂൾ, കോളേജ് പഠനമൊക്കെ കഴിഞ്ഞു നിൽക്കുന്ന നല്ല കഴിവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ചെറുപ്പക്കാരെ രാഷ്ട്രീയ പാർട്ടികൾ വശീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിപ്പിക്കുന്നു. ജയിച്ചു കഴിഞ്ഞാൽ അവർ പെട്ടു!! പിന്നെ ജോലിയും ഇല്ല കൂലിയും ഇല്ല, രാപകൽ സാമൂഹ്യസേവനം. ജീവിതത്തിലെ കാതലായ വർഷങ്ങൾ അവർ ഹോമിക്കുന്നു. പരിപഠനവും ജോലി സാധ്യതകളും പിഎസ്‌സി പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കാനോ പരീക്ഷ എഴുതാൻ പോലും സമയം കിട്ടാതെ പഞ്ചായത്ത് /കോർപറേഷൻ മെമ്പർമാരായി തലങ്ങും വിലങ്ങും ഓടിനടന്നു പ്രവർത്തിക്കുന്ന ഈ ചെറുപ്പക്കാർക്ക് ഇവിടുത്തെ സമൂഹവും രാഷ്ട്രീയ പാർട്ടികളും സർക്കാരും എന്താണ് കൊടുക്കുന്നത്? അവസാനം ആർക്കും വേണ്ടാതെ ചണ്ടികളായി അറിയപ്പെടുന്ന യുവാക്കളെ നമ്മുടെ നാട്ടിൽ എല്ലാ പഞ്ചായത്തിലും 10 പേരെയെങ്കിലും കാണാം. ഇത് ഒരുതരത്തിൽ നരബലി തന്നെയാണ്.  
-----
ജോസി വർക്കി
മുളന്തുരുത്തി 

Wednesday, August 17, 2022

നഗ്നത പാപമാണ് (മതം)

 നഗ്നത പാപമാണ് (മതം)

വസ്ത്രം, നഗ്നത ഇതൊക്കെ ചർച്ചയായത് അങ്ങിനെയാണ്. 

ഗേറ്റ് താഴിട്ടു പൂട്ടി, വീടിന്റെ വാതിലുകൾ കുറ്റിയിട്ട് , ബാത്‌റൂമിൽ കയറി വാതിലടച്ചു ലോക്കിട്ടു കുളിക്കാൻ നേരത്തും മനുഷ്യർ  (ചിലർ) നഗ്നരാകാൻ ഭയക്കുന്നത് ഈ മതത്തിന്റെ സ്വാധീനം കൊണ്ടാണ്. എനിക്ക് തോന്നുന്നത് നഗ്നത മനുഷ്യർക്ക് വലിയ അളവിൽ മാനസീക ആരോഗ്യം പ്രധാനം ചെയ്യുമെന്നാണ്. (അല്ലെങ്കിൽ, മാനസീക സമ്മർദ്ദങ്ങളിൽ നിന്നും പുറത്തുവരാൻ നഗ്നത ഒരുപാട് സഹായിക്കും) 

പക്ഷെ, നമ്മൾ കുളിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ എന്തിന് രതിയിൽ ഏർപ്പെടുമ്പോൾ പോലും നഗ്നരാകാൻ ഭയപ്പെടുന്നു?

Friday, November 5, 2021

കൊറോണ കാലവും ട്രെയിനർമാരും:

 കൊറോണ കാലവും ട്രെയിനർമാരും:

കഴിഞ്ഞ 20 മാസമായി നമ്മെ വേട്ടയാടുന്ന കൊറോണ മഹാമാരി കാലത്ത് തങ്ങളുടെ തൊഴിൽ മേഖലയിൽ വലിയൊരു സ്തംഭനം സംഭവിച്ച ഒരു വിഭാഗം ആളുകൾ ആണ് ട്രെയിനർമാർ. പ്രധാനമായും സ്‌കൂൾ, കോളേജ് തലങ്ങളിൽ വിവിധ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കഴിഞ്ഞു പോന്നിരുന്ന ആയിരക്കണക്കിന് അനൗപചാരിക അധ്യാപകർ ആണ് ട്രെയിനർമാർ. കേരള സർക്കാരിന്റെ കുടുംബശ്രീ,സാമൂഹ്യനീതി, നൈപുണ്യ പരിശീലനം, അസാപ്പ്, പോലുള്ള  വിവിധ പദ്ധതികളിലും ധാരാളം വ്യക്തികൾ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കണ്ടെത്തിയിരുന്നു. കൂടാതെ വ്യവസായ സ്ഥാപനങ്ങളിലും വായനശാല, ക്ലബ്ബ്, റെസിഡൻസ് പോലുള്ള പ്രസ്ഥാനങ്ങളിലും നിരവധി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഒട്ടനവധി പേർ പ്രവർത്തിച്ചു വരുന്നു. ഇവരുടെ ജീവിതം, ഇവരുടെ കുടുംബം ഒക്കെ കൊറോണകാലത്ത് വളരെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ക്‌ളാസ്സ്‌റൂമുകളും സെമിനാർ ഹാളുകളും അന്യമായ കൊറോണ കാലത്ത് വളരെ കുറച്ചുപേർ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, വളരെ യധികം പേർ ലോക്ക് ഡൗൺ കുത്തൊഴുക്കിൽ   ഒലിച്ചുപോവുകയും മറ്റു തൊഴിലുകൾ തേടാൻ നിർബന്ധിതരാവുകയും ചെയ്തു.
വീണ്ടും സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ ഈ ട്രെയിനർമാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഭിനിവേശവും ആവേശവുമായി ഈ മേഖലയിൽ പ്രവർത്തിരുന്നവർക്ക് ഒരു തിരിച്ചുവരവിനുള്ള അവസരം വന്നുചേർന്നിരിക്കുകയാണ്. എന്നാൽ ഈയിടെ പല സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും വിവിധ പരിശീലന പരിപാടികൾക്ക്  പുറമെ നിന്നും റിസോഴ്‌സ് പേഴ്സണെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങി സുരക്ഷിതമായി കഴിയുന്നവരെയോ സർവീസിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെയോ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ നിയോഗിക്കുകയും അവർക്ക് അതിനുള്ള ഹോണറേറിയം കൊടുക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇത് വലിയ അനീതിയാണ്, മറ്റു   വരുമാന മാർഗ്ഗം ഇല്ലാതെ, ട്രെയിനിംഗ് രംഗത്തുമാത്രം പിടിച്ചു നിൽക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണ്. പലപ്പോഴും സർക്കാർ വകുപ്പുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയുന്ന ഏർപ്പാട് കണ്ടുവരുന്നു. ഒരു വകുപ്പിൽ ക്‌ളാസ് ആവശ്യം വരുമ്പോൾ മറ്റൊരു വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നു ഫീസ് കൊടുക്കുന്നു. അദ്ദേഹം ജോലി ചെയ്യുന്ന വകുപ്പിൽ തിരിച്ചും ഉപകാരസ്മരണ ചെയ്ത് ഇത്തരം പരിശീലന പരിപാടികൾക്കുള്ള ഫണ്ട് വിദഗ്ദമായി സ്വന്തം പോക്കറ്റുകളിൽ തന്നെ എത്തിക്കുന്ന ഏർപ്പാട്, സർക്കാർ ശമ്പളം വാങ്ങുന്ന സാമൂഹ്യ /സാമ്പത്തീക സുരക്ഷയിൽ ജീവിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭൂഷണമല്ല. കോളേജുകൾ, പോളിടെക്‌നിക്കുകൾ, സ്‌കൂളുകൾ പോലും വിവിധ നൈപുണ്യ പരിശീലന പരിപാടികൾക്ക് അനുവദിക്കുന്ന തുക ഇത്തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോക്കറ്റിൽ ഇട്ട് വൗച്ചറുകൾ ഒപ്പിടുന്ന സംഭവങ്ങൾ ഉണ്ട്. ദയവുചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന (സർക്കാർ ശമ്പളം എന്ന സുരക്ഷിതത്വം ഇല്ലാത്ത) ട്രെയിനർമാരുടെ കഞ്ഞിയിൽ മണ്ണു വാരിയിടരുത് എന്നും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ പരിശീലന പരിപാടികൾക്ക് കൂടുതൽ സമയവും പണവും കണ്ടെത്തി വിനിയോഗിച്ച് ഈ നീണ്ട കാലം തൊഴിലില്ലാതെ വീട്ടിലിരുന്ന ട്രെയിനർമാർക്ക് സഹായം നൽകണമെന്നും അഭ്യർത്ഥിക്കുന്നു

ജോസി വർക്കി
+91 98477 32042 
കരിയർ കൗൺസിലർ
മുളന്തുരുത്തി
   
 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html