പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Friday, July 16, 2021
മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ് :
മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ്:
കേരളത്തിലെ എസ്എസ് എൽസി വിജയം ആഘോഷിക്കുന്ന തിരക്കിൽ ആണല്ലോ സ്കൂളുകളും രക്ഷകർത്താക്കളും. മഹാമാരി കാലത്ത് ഓൺലൈൻ ക്‌ളാസ്സുകളുടെ മികവിൽ 99.47 ശതമാനം വിജയം സൃഷ്‌ടിച്ച സർക്കാരിന്റെ മികവും വാനോളം വാഴ്ത്തപ്പെടുന്നുമുണ്ട്. വിദ്യാർഥികൾ ഇക്കാര്യത്തിൽ വലിയ ആവേശം കൊള്ളുന്നില്ല എന്നത് പ്രതീക്ഷ നൽകുന്നു.
ഫുൾ എ പ്ലസ്, തികയ്ക്കാനും സ്‌കൂളിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും പല സ്‌കൂളുകളും കുല്സിത മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നു വെന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം ഒരു പച്ചയായ യാഥാർഥ്യമാണ്. എയ്‌ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകൾ ഇതുവച്ച് അവരുടെ ഹയർ സെക്കണ്ടറി, മാനേജ്‌മെന്റ് കോട്ടാ പ്രവേശനത്തിലെ സംഭാവനയും ടീച്ചർ നിയമന തലവരിയും ഉയർത്താൻ ഈ എ പ്ലസ് മാമാങ്കം കൊണ്ട് മുതലെടുപ്പ് നടത്തുന്നു.
മൂവായിരം കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ ഒരു ചെറിയ കളിസ്ഥലം /കളിക്കളം പോലും ഇല്ലാതെ കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ഫുൾ എ പ്ലസ് നേടിക്കൊണ്ടിരിക്കുന്നു !!
അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഫുൾ എ പ്ലസ് അല്ല വേണ്ടത്, മറിച്ച് കുട്ടികളിൽ ജീവിത നൈപുണ്യ വികസനം, കായിക പ്രവർത്തങ്ങളിലൂടെ ശാരീരിക ആരോഗ്യം, മാനസീക പക്വത വളർത്തുന്ന പാഠങ്ങൾ ആണ് സ്‌കൂൾ കരിക്കുലത്തിൽ വേണ്ടത് പല വേദികളിലും പ്രസംഗിച്ചു കേൾക്കാറുണ്ട്. എന്നാൽ ഇത് പറയാൻ എളുപ്പവും പ്രയോഗത്തിൽ വരുത്താൻ പ്രയാസവും ഉള്ള ഒരു യാഥാർഥ്യമാണ്. കാരണം അത്ര ഭാരിച്ച സിലബസ് ആണ് ഇന്ന് സ്‌കൂൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് പ്രത്യേകിച്ചും കണക്ക് ഒരു കീറാമുട്ടിയായി ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും ഇന്ന് അനുഭവപ്പെടുന്നത് ഒരു ചെറിയ ഉദാഹരണം. സിലബസ് വെട്ടിച്ചുരുക്കി കരിക്കുലം കാലാനുസൃതമായി പരിഷ്ക്കരിക്കാൻ ഇനിയും വൈകിക്കൂടാ.
കഴിഞ്ഞ ഒരു മാസം മാത്രം കേരളത്തിലെ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം എടുത്താൽ നമ്മുടെ മാനസീക ആരോഗ്യനില വ്യക്തമാകും. ജീവിത നൈപുണ്യം, ശരിയായ ലൈംഗീക വിദ്യാഭ്യാസം, മാനസീക / ശാരീരിക ആരോഗ്യ ബാലപാഠങ്ങൾ, ഭാഷാ പ്രാവിണ്യം ഇവയൊക്കെയാണ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ അത്യാവശ്യമായി പാഠഭാഗമായി ഉൾപ്പെടുത്തുകയും ആവശ്യമെങ്കിൽ ഇതിന് ആവശ്യമായ പരിശീലകരെ പുറമെ നിന്ന് ഉൾപ്പെടുത്തണം. പ്രഥമ പരിഗണന സ്‌കൂൾ അധ്യാപർക്ക് കൊടുക്കുകയും അവരെ ഇതിനായി സംസ്ഥാന തലത്തിൽ പരിശീലിപ്പിച്ച് എടുക്കുകയും വേണം. കേരള സർക്കാർ അസാപ്പ് (ASAP) പോലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന് തെളിയിച്ചിട്ടുള്ളതാണ്.
നിലവിലെ അക്കാദമിക് കരിക്കുലം പകുതിയായി വെട്ടി ചുരുക്കുകയും ജീവിതത്തിൽ എ പ്ലസ് നേടാൻ, സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം ആണ് കേരളത്തിൽ ഇന്ന് ആവശ്യം. അതിനു വേണ്ട ധീരമായ നടപടികൾ ഈ സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314
Friday, June 11, 2021
ബിഎസ് എൻഎൽ ദുരന്തം:
ബിഎസ് എൻ എൽ ദുരന്തം:
എന്റെ വീട്ടിൽ 30 വർഷമായി ഉപയോഗിക്കുന്ന ഒരു ലാൻഡ്‌ലൈൻ ഫോൺ ഉണ്ട്. ഇപ്പൾ മാസം 250 രൂപയും ടാക്സും വാടകയായി നൽകുന്നു. കൂടുതൽ ഫോൺ വിളിച്ചാൽ ഈ വാടകയിൽ അധികമായി പിന്നെയും പണം നൽകണം. കൃത്യമായി എല്ലാ മാസവും ബില്ല് വരുന്നു, മുടങ്ങാതെ അടയ്ക്കുന്നു. എങ്ങാനും ബില്ല് അടയ്ക്കാൻ വൈകിയാൽ ഫോൺ കൃത്യമായി ബിഎസ് എൻഎൽ കട്ടുചെയ്യും. പണ്ട് മാസവാടക കൂടുതൽ ആയിരിന്നു, കഴിഞ്ഞ 30 വർഷം കൊണ്ട് എത്രമാത്രം പണം ഞാൻ അടച്ചിട്ടുണ്ട് എന്നൂഹിക്കാമല്ലോ.
ഞാൻ ഒരു മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 15 വർഷം ആയിക്കാണും. ഇപ്പോൾ മാസം 135 രൂപ ചിലവൊഴിക്കുന്ന റീചാർജ്ജ് മൂന്നു മാസത്തേക്ക് ചെയ്യുന്നു. അന്താരാഷ്ട്ര നമ്പർ ഒഴികെ, മുഴുവൻ വിളികളും സൗജന്യമാണ്, എത്രസമയം വേണമെങ്കിലും സംസാരിക്കാം. ദിവസവും 100 എസ്എംഎസ് സൗജന്യം, ദിവസവും രണ്ടു ജിബി ഡാറ്റാ ഫ്രീ ആയി കിട്ടുന്നു. അജഗജാന്തരം എന്നു പറയാവുന്ന വ്യത്യാസം!!
മുതിർന്ന പൗരന്മാർ രണ്ടുപേർ ഉള്ള വീട്ടിൽ, ആ ഒരു കാരണം കൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴും ലാൻഡ്‌ലൈൻ തുടർന്നു കൊണ്ടുപോകുന്നത്. അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് എന്ന സത്യം മുകളിൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടല്ലോ. ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ് എൻ എൽ എന്തുകൊണ്ടാണ് ഈ പകൽകൊള്ള സാധാരണ ജനങ്ങളുടെ മുകളിൽ നടത്തുന്നത്. ആരും ചോദ്യം ചെയ്യാത്തിടത്തോളം കാലം നാട്ടുകാരെ പറ്റിച്ച് കിട്ടുന്ന പണം ഖജനാവിലേക്ക് പോരട്ടെ എന്ന ചിന്താഗതിയാണോ ഈ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ള കമ്പനി നടത്തുന്നത്? വെറുപ്പിച്ച് വെറുപ്പിച്ച് ബിഎസ് എൻ എൽ എങ്ങിനെയും പൂട്ടിക്കെട്ടുക എന്ന ചിന്തയാണോ ഇതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഉള്ളത്? ഇതേ സേവനം നൽകുന്ന മറ്റു സ്വകാര്യ കമ്പനികളെ സഹായിക്കാൻ ഇത്രയും അന്യായം ചെയ്യാമോ!
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314
Thursday, May 6, 2021
പകർച്ചവ്യാധികൾ പെരുകുമ്പോൾ;
പകർച്ചവ്യാധികൾ പെരുകുമ്പോൾ;
കേരളത്തിൽ എങ്ങും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കുന്നില്ല. മൂന്നോ നാലോ പേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാൻ നിർമ്മിച്ച വീടുകൾ 20 -30 തൊഴിലാളികൾക്ക് താമസിക്കുവാൻ വാടകയ്ക്ക് കൊടുക്കുന്നു! വാടക ഇനത്തിൽ കിട്ടുന്ന ലാഭത്തിനു വേണ്ടി മാത്രം ഈ വിഡ്ഢിത്തം നമ്മൾ ചെയ്യണോ? ഇത്രയധികം മനുഷ്യർ ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ -മാലിന്യ പ്രശ്നങ്ങൾക്കു നേരെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും എന്തുകൊണ്ട് മൗനം ഭജിക്കുന്നു. ഇത് മനുഷ്യത്വം അല്ല വിഡ്ഢിത്തം ആണ്. അന്യസംസ്ഥാന തൊഴിലാളി ബ്രോക്കര്മാരും നിർമ്മാണ കോൺട്രാക്ടർമാരും അമിത ലാഭത്തിനു വേണ്ടിയാണ് ഇതുപോലെ ആളുകളെ ചെറിയ വീടുകളിൽ അടുക്കി അടുക്കി താമസിപ്പിക്കുന്നത്. പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ ഇവയ്‌ക്കെതിരെ നാം പടപൊരുതുമ്പോൾ ഇത്തരം അശാസ്ത്രീയ തൊഴിലാളി ക്യാമ്പുകളെക്കുറിച്ച് നാം ആശങ്ക പ്പെടേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യം ഇല്ലാത്ത, ഒന്നോ രണ്ടോ കക്കൂസും രണ്ടോ മൂന്നോ മുറികളും മാത്രമുള്ള വീടുകൾ 20 -30 അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കണം. ആരോഗ്യ വകുപ്പും പഞ്ചായത്തും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം. ഇത്തരം ക്യാംപുകൾ പരിശോധിച്ച് വൃത്തിയും വെടിപ്പും ശുചിത്വവും ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർ മാർക്ക് സർക്കാർ നിർദ്ദേശം നൽകണം. യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് പോലീസ് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം. ഒരു വീടിന്റെ വിസ്തൃതി തിട്ടപ്പെടുത്തി അതിനുള്ളിൽ താമസിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം. മതിയായ കക്കൂസ്, മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം . ഇല്ലെങ്കിൽ എക്കാലവും കേരളം നിപ്പ, കൊറോണ, ഡെങ്കി, ചിക്കൻ ഗുനിയ പോലുള്ള സാംക്രമിക രോഗങ്ങളുടെ വിളനിലമായിരിക്കും
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314
Monday, May 3, 2021
ക്വാറന്റൈൻ സ്റ്റിക്കർ പതിക്കണം
ക്വാറന്റൈൻ സ്റ്റിക്കർ:
കഴിഞ്ഞ വർഷം ഇതേകാലത്ത് നമ്മൾ കൊറോണയുടെ ആദ്യ വരവിനെ നേരിടുകയായിരുന്നു.അന്ന് കേരളത്തിന് പുറത്തുനിന്നു വരുന്ന എല്ലാവരെയും ക്വാറന്റൈൻ ആവാൻ
നിർബന്ധിച്ചിരുന്നു. (പോസിറ്റീവ് അല്ല!!) പഞ്ചായത്തുകൾ ഇങ്ങിനെ വീടുകളിൽ
ക്വാറന്റൈൻ ആകുന്ന വീടുകളിൽ ഒരു ചുവന്ന സ്റ്റിക്കർ പതിച്ച് മുന്നറിയിപ്പ്
നൽകിയിരുന്നു.
എന്നാൽ പിന്നീട് ഇങ്ങിനെ സ്റ്റിക്കർ പതിക്കുന്നത് സാമൂഹ്യ വിവേചനം
ആണെന്ന് കാണിച്ച് ചിലർ കോടതിയെ സമീപിക്കുകയും ഇങ്ങനെ സ്റ്റിക്കർ
പതിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ക്വാറന്റൈൻ വാസത്തിൽ ആയിരിക്കുന്ന
(കേരളത്തിന് പുറത്തു നിന്നും വന്ന) ആളുകൾക്കും കുടുംബത്തിനും ഇത്തരം
സ്റ്റിക്കർ പതിക്കൽ തീർച്ചയായും ഒരു മാനസീക, സാമൂഹിക പ്രയാസം
ഉണ്ടാകുന്നുണ്ട് എന്നത് സത്യാവസ്ഥ തന്നെയാണ്.
എന്നാൽ ഇന്നത്തെ അവസ്ഥ ഇതല്ല. ദിവസവും 30 -35 ആയിരം ആളുകൾ കോവിഡ്
പോസിറ്റീവ് ആകുന്നു. അവർ ക്വാറന്റൈൻ ആകുന്നത് സ്വന്തം വീടുകളിൽ
തന്നെയാണ്, പൊതു ക്വാറന്റൈൻ സൗകര്യങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്
കുറവാണ്.
പോസിറ്റീവ് ആകുന്ന ആളുകൾ സ്വയം സന്നദ്ധരായി അവരവരുടെ വീടുകൾക്ക് മുൻപിൽ
(ചുവപ്പ്) ക്വാറന്റൈൻ സ്റ്റിക്കർ പ്രദർശിപ്പിക്കാൻ തയ്യാറായാൽ അതൊരു
വലിയ സാമൂഹിക നന്മ ആകും. ഇത് സാമൂഹിക വ്യാപനം കൂടാതെ നിയന്ത്രിക്കാൻ
വലിയൊരു മുന്നേറ്റമാകും. കേരളം മാതൃകയാകണം, "സന്ദർശകർ അനുവദനീയമല്ല; ഈ
വീട്ടിൽ കോവിഡ് പോസിറ്റീവ് ഉണ്ട്" എന്ന് സ്വയം പരസ്യപ്പെടുത്തുന്നതിൽ
ലജ്ജിക്കേണ്ടതില്ല. മാത്രവുമല്ല, നമ്മുടെ നാടിനു വേണ്ടി രാജ്യത്തിന്
വേണ്ടി ഇങ്ങനെ ഒരു ത്യാഗം ചെയ്യുന്നതിൽ അഭിമാനിക്കാനും സാധിക്കും.
-----
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314
Saturday, April 24, 2021
വാക്സിൻ ഉന്തും തള്ളും:
വാക്സിൻ ഉന്തും തള്ളും:
ഇപ്പോൾ വാക്സിൻ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ തോതിൽ ഉന്തും തള്ളും നടത്തി കൊണ്ടിരിക്കുകയാണല്ലോ.എത്ര വലിയ മഹാമാരി വന്നാലും മതപരമായ, രാഷ്ട്രീയ പരമായ ചെളിവാരി എറിയുന്നത് മനുഷ്യ സഹജമാണ് എന്നു മനസ്സിലാക്കാം. സ്വന്തം മതത്തെയും രാഷ്ട്രീയ പാർട്ടിയെയും അന്ധമായി വിശ്വസിക്കുന്ന ചില അണികൾ ഇപ്പോൾ തെരുവിൽ തല്ലി മരിക്കുന്നതിന് പകരം, സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്പരം പഴിചാരിയും തേജോവധം ചെയ്തും രസിക്കുന്നു!
എന്നാൽ ഞാൻ ഇവിടെ കുറിക്കാൻ ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ എല്ലാ ജില്ലകളിലും കാണുന്ന വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഉന്തും തള്ളും കാഴ്ചകളെ കുറിച്ചാണ്. സിനിമ റിലീസിനെ വെല്ലുന്ന തിക്കും തിരക്കും ബഹളവും ആണ് നമ്മുടെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ദിവസങ്ങളിൽ കണ്ടത്.
തീർച്ചയായും ഒഴിവാക്കേണ്ട /ഒഴിവാക്കാമായിരുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ആണ് നമ്മുടെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ നടക്കുന്നത്. കേരളം പോലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉയർന്നു നിൽക്കുന്ന ഒരു ദേശത്തിന് നാണക്കേടാണ് ഈ ബഹളങ്ങൾ.
ചിലയാഥാർഥ്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്,
1) കോവിഡ് വാക്സിന് ക്ഷാമമുണ്ട്, അത് എല്ലാ ജനങ്ങളിലും എത്തിക്കുക ശ്രമകരമായ ഒരു വലിയ യജ്ഞമാണ്. പൊതുജനം സഹകരിച്ചാൽ മാത്രമേ വാക്സിൻ വിതരണം നല്ല രീതിയിൽ നടത്താൻ കഴിയൂ
2) ഇന്ത്യയിൽ ഇതുവരെ രണ്ടുഡോസും എടുത്തവർ കേവലം 1 % വും ഒരു ഡോസെങ്കിലും എടുത്തവർ 8 % മാത്രമാണ്. കുറഞ്ഞത് 6 മാസം എങ്കിലും എടുക്കും നമ്മുടെ പകുതി ലക്ഷ്യം എങ്കിലും കൈവരിക്കാൻ
3) ഇതിനിടയിൽ ആണ് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും അടുത്ത ആഴ്ച്ച മുതൽ വാക്സിൻ കൊടുക്കും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണിത്. ഇനിയും തിക്കും തിരക്കും കൂടുകയും കയ്യൂക്കുള്ളവൻ കാര്യക്കാരൻ (പണം, പിടിപാട്) എന്ന രീതിയിൽ കാര്യങ്ങൾ പോകും
4)വാക്സിൻ ഇറങ്ങിയ സന്ദർഭത്തിൽ പറഞ്ഞ വാചകങ്ങൾ ഓർമ്മിപ്പിക്കുകയാണ് - മുതിർന്ന പൗരന്മാർക്കും, രോഗികൾക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്കും മാറ്റ് ഗൗരവ രോഗങ്ങൾ ഉള്ള വർക്കും മുൻഗണന നൽകണം (ഹൃദ്രോഗം, കിഡ്‌നി, കരൾ രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം മുതലാവ)
5) ആരോഗ്യമുള്ള ചെറുപ്പക്കാർ (ഗൗരവ രോഗങ്ങൾക്ക് ചികിത്സ എടുക്കാത്ത) സ്വയം മാറി നിന്ന് മുൻഗണനാ വിഭാഗങ്ങൾക്ക് തിരക്കില്ലാത്ത വാക്സിനേഷൻ സ്വീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം
6 ) ഒരു കാരണ വശാലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഉത്സവ പറമ്പ് പോലെ ആകരുത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വേണം വിതരണം നടത്താൻ
7) മുതിർന്ന പൗരന്മാരെ വലയ്ക്കരുത്, വളരെ നേരം ക്യുവിൽ നിർത്തിയും വെയിലത്ത് നിർത്തിയും ഇരിപ്പിടം കൊടുക്കാതെയും പ്രായാധിക്യമുള്ള 70 തും 80 തും വയസ്സ് പ്രായമുള്ള നമ്മുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പീഡിപ്പിക്കുന്നത് കേരളത്തിന് ഭൂഷണമല്ല
8) ബീവറേജസ് മദ്യവിതരണത്തിനു ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ /ആപ്പ് ഇവിടെ ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ അതുപോലെ ഒരു ആപ്പ് ഉണ്ടാക്കാൻ മണിക്കൂറുകൾ മതി
9) നിസ്സാരമായി ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ /ആശാ വർക്കർ ഒരു ഫോണും 100 പേജിന്റെ നോട്ട് ബുക്കും ആയി ഇരുന്നാൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തി സമയക്രമം കൊടുത്ത് ഈ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു
10) ഒരു മണിക്കൂറിൽ പത്തോ ഇരുപതോ പേർക്ക് മാത്രം സമയം കൊടുക്കാമല്ലോ, ജീവനക്കാരുടെ എണ്ണം അനുസരിച്ച്. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ ഇതുപോലെ സമയക്രമം കൊടുത്താൽ ഏതു തിരക്കും നിസ്സാരമായി നിയന്ത്രിക്കാം.
11) കേന്ദ്ര സർക്കാർ ഓൺലൈൻ പണമിടപാടുകൾക്ക് 5 % എങ്കിലും റീവാർഡ് /റീഫണ്ട് കൊടുത്ത് ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ നികുതി പിരിവ്, ഫീസ് അടക്കൽ മുതലായവ ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കണം. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം
12) സംസ്ഥാന സർക്കാർ റേഷൻ കട, മദ്യ വില്പന കേന്ദ്രങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കണം. (ചില ദിവസങ്ങളിൽ കൂട്ട തിരക്ക് മറ്റു ദിവസങ്ങളിൽ കാലിയായ അവസ്ഥ ഈ ഇടങ്ങളിൽ കാണുന്നുണ്ട്) പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314
Friday, January 1, 2021
പഞ്ചായത്ത് മെംബർ ആയാൽ എന്ത് ഗുണം?
ശരിക്കും ജനസേവനം ലക്ഷ്യമാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച എത്ര ശതമാനം ആളുകൾ കാണും?
കിട്ടുന്ന തുച്ഛമായ ഹണറേരിയം മാത്രം കൊണ്ട് ഒരു പഞ്ചായത്ത് മെമ്പർ ക്ക് ജീവിക്കാൻ പറ്റുമോ? കുടുംബം പുലർത്താൻ കഴിയുമോ?
പെൻഷൻ കിട്ടുന്നവരും, വാടക കിട്ടുന്ന വരും, തറവാട് സ്വത്ത് ഉള്ളവരും മാത്രം മെമ്പർ ആയാൽ മതിയോ?
പദ്ധ തി കളിൽ കയ്യിട്ടുവാരി പാർട്ടിക്കും സ്വന്തം പോക്കറ്റിൽ ലും വരുമാനം കണ്ടെ ത്താൻ കഴിവുള്ള ആളുകളെ ആണോ രാജ്യം/സമൂഹം പ്രതീക്ഷിക്കുന്നത്?
എൻ്റെ അഭിപ്രായം:
30 വയസിനുള്ളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് അംഗമായി 5 വർഷം പ്രവർത്തിക്കുന്ന യുവാക്കൾക്ക് പി. എസ്സ്. സി പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുക്കണം. രണ്ടു ഗുണം ഉണ്ട്, യുവാക്കൾ കൂടുതൽ ആയി പഞ്ചായത്തീരാജ് ഗ്രമസേവന രംഗത്ത് എത്തും. പൊതുജന സമ്പർക്ക പരിചയവും പരിജ്ഞാനവും ഉള്ള ഉദ്യോഗാർത്ഥി കളെ പി എസ്സ് സി ക്കു കിട്ടും, സെക്രട്ടറിയേറ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ നല്ല പങ്കു വഹിക്കാൻ ഈ ബ്യൂറോ ക്രസി ക്ക് കഴിയും.👍
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
