പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, August 17, 2022

നഗ്നത പാപമാണ് (മതം)

 നഗ്നത പാപമാണ് (മതം)

വസ്ത്രം, നഗ്നത ഇതൊക്കെ ചർച്ചയായത് അങ്ങിനെയാണ്. 

ഗേറ്റ് താഴിട്ടു പൂട്ടി, വീടിന്റെ വാതിലുകൾ കുറ്റിയിട്ട് , ബാത്‌റൂമിൽ കയറി വാതിലടച്ചു ലോക്കിട്ടു കുളിക്കാൻ നേരത്തും മനുഷ്യർ  (ചിലർ) നഗ്നരാകാൻ ഭയക്കുന്നത് ഈ മതത്തിന്റെ സ്വാധീനം കൊണ്ടാണ്. എനിക്ക് തോന്നുന്നത് നഗ്നത മനുഷ്യർക്ക് വലിയ അളവിൽ മാനസീക ആരോഗ്യം പ്രധാനം ചെയ്യുമെന്നാണ്. (അല്ലെങ്കിൽ, മാനസീക സമ്മർദ്ദങ്ങളിൽ നിന്നും പുറത്തുവരാൻ നഗ്നത ഒരുപാട് സഹായിക്കും) 

പക്ഷെ, നമ്മൾ കുളിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ എന്തിന് രതിയിൽ ഏർപ്പെടുമ്പോൾ പോലും നഗ്നരാകാൻ ഭയപ്പെടുന്നു?

Friday, November 5, 2021

കൊറോണ കാലവും ട്രെയിനർമാരും:

 കൊറോണ കാലവും ട്രെയിനർമാരും:

കഴിഞ്ഞ 20 മാസമായി നമ്മെ വേട്ടയാടുന്ന കൊറോണ മഹാമാരി കാലത്ത് തങ്ങളുടെ തൊഴിൽ മേഖലയിൽ വലിയൊരു സ്തംഭനം സംഭവിച്ച ഒരു വിഭാഗം ആളുകൾ ആണ് ട്രെയിനർമാർ. പ്രധാനമായും സ്‌കൂൾ, കോളേജ് തലങ്ങളിൽ വിവിധ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കഴിഞ്ഞു പോന്നിരുന്ന ആയിരക്കണക്കിന് അനൗപചാരിക അധ്യാപകർ ആണ് ട്രെയിനർമാർ. കേരള സർക്കാരിന്റെ കുടുംബശ്രീ,സാമൂഹ്യനീതി, നൈപുണ്യ പരിശീലനം, അസാപ്പ്, പോലുള്ള  വിവിധ പദ്ധതികളിലും ധാരാളം വ്യക്തികൾ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കണ്ടെത്തിയിരുന്നു. കൂടാതെ വ്യവസായ സ്ഥാപനങ്ങളിലും വായനശാല, ക്ലബ്ബ്, റെസിഡൻസ് പോലുള്ള പ്രസ്ഥാനങ്ങളിലും നിരവധി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഒട്ടനവധി പേർ പ്രവർത്തിച്ചു വരുന്നു. ഇവരുടെ ജീവിതം, ഇവരുടെ കുടുംബം ഒക്കെ കൊറോണകാലത്ത് വളരെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ക്‌ളാസ്സ്‌റൂമുകളും സെമിനാർ ഹാളുകളും അന്യമായ കൊറോണ കാലത്ത് വളരെ കുറച്ചുപേർ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, വളരെ യധികം പേർ ലോക്ക് ഡൗൺ കുത്തൊഴുക്കിൽ   ഒലിച്ചുപോവുകയും മറ്റു തൊഴിലുകൾ തേടാൻ നിർബന്ധിതരാവുകയും ചെയ്തു.
വീണ്ടും സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ ഈ ട്രെയിനർമാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഭിനിവേശവും ആവേശവുമായി ഈ മേഖലയിൽ പ്രവർത്തിരുന്നവർക്ക് ഒരു തിരിച്ചുവരവിനുള്ള അവസരം വന്നുചേർന്നിരിക്കുകയാണ്. എന്നാൽ ഈയിടെ പല സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും വിവിധ പരിശീലന പരിപാടികൾക്ക്  പുറമെ നിന്നും റിസോഴ്‌സ് പേഴ്സണെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങി സുരക്ഷിതമായി കഴിയുന്നവരെയോ സർവീസിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെയോ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ നിയോഗിക്കുകയും അവർക്ക് അതിനുള്ള ഹോണറേറിയം കൊടുക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇത് വലിയ അനീതിയാണ്, മറ്റു   വരുമാന മാർഗ്ഗം ഇല്ലാതെ, ട്രെയിനിംഗ് രംഗത്തുമാത്രം പിടിച്ചു നിൽക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണ്. പലപ്പോഴും സർക്കാർ വകുപ്പുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയുന്ന ഏർപ്പാട് കണ്ടുവരുന്നു. ഒരു വകുപ്പിൽ ക്‌ളാസ് ആവശ്യം വരുമ്പോൾ മറ്റൊരു വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നു ഫീസ് കൊടുക്കുന്നു. അദ്ദേഹം ജോലി ചെയ്യുന്ന വകുപ്പിൽ തിരിച്ചും ഉപകാരസ്മരണ ചെയ്ത് ഇത്തരം പരിശീലന പരിപാടികൾക്കുള്ള ഫണ്ട് വിദഗ്ദമായി സ്വന്തം പോക്കറ്റുകളിൽ തന്നെ എത്തിക്കുന്ന ഏർപ്പാട്, സർക്കാർ ശമ്പളം വാങ്ങുന്ന സാമൂഹ്യ /സാമ്പത്തീക സുരക്ഷയിൽ ജീവിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭൂഷണമല്ല. കോളേജുകൾ, പോളിടെക്‌നിക്കുകൾ, സ്‌കൂളുകൾ പോലും വിവിധ നൈപുണ്യ പരിശീലന പരിപാടികൾക്ക് അനുവദിക്കുന്ന തുക ഇത്തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോക്കറ്റിൽ ഇട്ട് വൗച്ചറുകൾ ഒപ്പിടുന്ന സംഭവങ്ങൾ ഉണ്ട്. ദയവുചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന (സർക്കാർ ശമ്പളം എന്ന സുരക്ഷിതത്വം ഇല്ലാത്ത) ട്രെയിനർമാരുടെ കഞ്ഞിയിൽ മണ്ണു വാരിയിടരുത് എന്നും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ പരിശീലന പരിപാടികൾക്ക് കൂടുതൽ സമയവും പണവും കണ്ടെത്തി വിനിയോഗിച്ച് ഈ നീണ്ട കാലം തൊഴിലില്ലാതെ വീട്ടിലിരുന്ന ട്രെയിനർമാർക്ക് സഹായം നൽകണമെന്നും അഭ്യർത്ഥിക്കുന്നു

ജോസി വർക്കി
+91 98477 32042 
കരിയർ കൗൺസിലർ
മുളന്തുരുത്തി
   
 

Friday, October 29, 2021

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ

 വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ : ലോകത്ത് ആകമാനം കൊറോണ വൈറസ് വ്യാപനം മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ, നമ്മൾ പഠിച്ച ചില പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണം പുതിയ ലോകക്രമത്തിലേക്ക് പ്രവേശിക്കുവാൻ. വിദ്യാലയം, വിദ്യാഭ്യാസം, പഠനപ്രക്രിയ തുടങ്ങിയ മേഖലകളിൽ കാതലായ മാറ്റം കൊണ്ടുവരുവാൻ നല്ല ഒരു അവസരമാണ് നമ്മുക്ക് മുന്നിൽ വന്നിരിക്കുന്നത്.


പഠനഭാരം കുറയ്ക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനമായി തോന്നുന്നത്. ഇനിയെങ്കിലും നമ്മുടെ സ്‌കൂൾ സിലബസ് പൊളിച്ചെഴുതാൻ നമ്മൾ തയ്യാറാവണം. ഇക്കാര്യത്തിൽ  വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ വിദഗ്ദർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സഹകരണം വളരെ ആവശ്യമാണ്. ജീവിത നൈപുണ്യത്തിന് ഉതകാത്ത ഒരു വലിയ സിലബസ് കുട്ടികളുടെ തലയിൽ വച്ചുകെട്ടി, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ ഇപ്പോൾ നല്ല അവസരം ആണ് ലഭിച്ചിരിക്കുന്നത്.

ജീവിത നൈപുണ്യം, ലൈംഗീക വിദ്യാഭ്യാസം, വിവിധ ഭാഷകൾ, മാനസീക ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ സ്‌കൂൾ പഠനത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും നല്ല ബോധ്യമുണ്ട്, ആർക്കും തന്നെ എതിർപ്പുകളില്ല. പക്ഷെ നിലവിലെ കരിക്കുലം വളരെ ബൃഹത് ആയതിനാൽ സിലബസിന് പുറത്തു ജീവിതനൈപുണ്യം പരിശീലിപ്പിക്കാൻ പറഞ്ഞാൽ സ്‌കൂളുകളും അധ്യാപകരും അതിന് തയ്യാറാവുകയില്ല.

കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലവും പുതിയ രീതിയായ ഓൺലൈൻ പഠനം മൂലവും പഠനത്തിൽ വളരെ പിന്നോക്കം പോയിരിക്കുന്ന അവസ്ഥയുണ്ട്. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഒരു ക്‌ളാസ്സിലെ എല്ലാ കുട്ടികളെയും ഒരേ നിരയിലേക്ക് (നിലയിലേക്ക്) കൊണ്ടുവരാൻ സ്‌കൂൾ അധികൃതരുടെ ആത്മാർത്ഥമായ ശ്രമം ഉണ്ടാവണം.

ഓൺലൈൻ പഠനം എന്ന അനന്ത സാധ്യതയാണ് വിവര സാങ്കേതിക വിദ്യ ഈ കൊറോണ കാലത്ത് നമ്മുടെ മുൻപിൽ തുറന്നു തന്നിരിക്കുന്നത്. ഈ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അധ്യാപകസമൂഹം സ്വയം ഡിജിറ്റൽ സങ്കേതങ്ങളിൽ നൈപുണ്യം നേടുകയും, അറിവ് പകരുന്നതിൽ ഓൺലൈൻ ക്‌ളാസ്സുകളുടെ സഹായം പരമാവധി ഉപയോഗിക്കണം. ഇവിടെ നമുക്ക് നഷ്ടമാകുന്ന സാമൂഹ്യബോധം, കൂട്ടായ്മയുടെ പ്രവർത്തങ്ങൾ, വ്യക്തിബന്ധങ്ങൾ, കലാ - കായിക വിനോദങ്ങൾ   മുതലായവ യുടെ കുറവ് പരിഹരിക്കാൻ പ്രാദേശിക ഭരണ സംവിധാങ്ങളും കൂട്ടായ്മകളും കുട്ടികൾക്ക് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണം. അധികം യാത്ര വേണ്ടാത്ത പ്രാദേശിക കൂട്ടായ്മകൾ രൂപം കൊടുത്ത് വേണ്ട പരിശീലനം ലഭിച്ച മെന്റർ അധ്യാപകർ ഇതിന് നേതൃത്വം നൽകിയാൽ നന്ന്.

സ്‌കൂളിൽ പോകുമ്പോൾ സ്വായം ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കണം. ഭീതിയില്ലാതെ കളിച്ചു വളരാൻ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അനുവദിക്കണം. നല്ല ആരോഗ്യശീലങ്ങൾ ചെറുപ്പം മുതലേ സ്വായത്തമാക്കിയാൽ രോഗപ്രതിരോധശേഷി കൂട്ടികൊണ്ടുവരുവാൻ സാധിക്കും. നല്ല ഭക്ഷണം, നല്ല വിശ്രമം, നല്ല വ്യായാമം (അദ്ധ്വാനം) ഇവ മൂന്നും ഉണ്ടെങ്കിൽ സ്വന്തം ആരോഗ്യം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വരും തലമുറയെ എങ്കിലും മനസിലാക്കി കൊടുക്കുക. കാശുകൊടുത്ത് മരുന്നും ആശുപത്രി ചികിത്സയും മാത്രമേ ലഭിക്കൂ, ആരോഗ്യം കിട്ടില്ല!! നമ്മൾ കഴിക്കുന്നത് ഭൂരിഭാഗവും മായം കലർന്ന ഭക്ഷണമാണ് എന്ന നഗ്നസത്യം മനസിലാക്കി, വിഷലിപ്തമല്ലാത്ത ആഹാരം ഉല്പാദിപ്പിച്ച് ഭക്ഷണം കഴിക്കാൻ വരും തലമുറയെ പഠിപ്പിക്കാം.

കുട്ടികളിലെ ബഹുമുഖ ബുദ്ധി വൈഭവങ്ങളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവിനും താല്പര്യങ്ങൾക്കും ഇണങ്ങുന്ന പഠന /തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ നമ്മൾ ഇനിയും മടികാണിക്കരുത്. എല്ലാവരും മെഡിക്കൽ, എഞ്ചിനീയറിംഗ് പോലെ സ്ഥിരം മേഖലകൾക്ക് പുറകെ പായുന്ന പ്രവണത ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ നേരായ ദിശയിലേക്ക് വഴിതിരിച്ചു വിടാൻ ധാരാളം ഓൺലൈൻ അഭിരുചി നിർണ്ണയ പരീക്ഷകളും വിദഗ്ദരായ കരിയർ കൗൺസിലർമാരും നിലവിലുണ്ട്. ഇനിയുള്ള കാലത്ത് കുട്ടികളെ അവരുടെ അഭിരുചികൾ മനസ്സിലാക്കാതെ ഏതെങ്കിലും തോന്നുന്ന മേഖലകളിലേക്ക് തള്ളിവിടരുത്. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്ന സാഫല്യത്തിന് കുട്ടികളെ കുരുതി കൊടുക്കരുത്.

വിദ്യാഭ്യാസരംഗം വൻതോതിൽ വ്യവസായവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്. ഓൺലൈൻ ആപ്പുകൾ, എൻട്രൻസ് കോച്ചിങ് മേഖല, സ്വാശ്രയ കോളേജുകൾ /കോഴ്‌സുകൾ, സ്വകാര്യ യൂണിവേഴ്സിറ്റികൾ ഒക്കെയായി രക്ഷിതാക്കളും കുട്ടികളും വലിയ ആശയക്കുഴപ്പത്തിന് നടുവിൽ ആണ് അകപ്പെട്ടിരിക്കുന്നത്. ഇവിടെ ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടണമെങ്കിൽ കീശ കാലിയാകാതെ യിരിക്കണമെങ്കിൽ ശരിയായ യുക്തിബോധവും ശാസ്ത്രചിന്തയും സാമാന്യബുദ്ധിയും ആവശ്യമാണ്. അതിനാവണം നമ്മുടെ സർക്കാരുകളുടെ പ്രഥമ പരിഗണന. സ്‌കൂൾ തലത്തിൽ ഇത്തരം ചിന്താശേഷി വളർത്തികൊണ്ടുവരുവാൻ പരിശ്രമിച്ചാൽ സാധിക്കും.

കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ, സ്ത്രീധന കൊലപാതകങ്ങൾ, പ്രേമനൈരാശ്യം, ലൈംഗീക അറിവില്ലായ്മകൾ, ലിംഗപരമായ അനീതികൾ, പരസ്പര ബഹുമാനമില്ലായ്മ ഒക്കെ കണക്കിലെടുക്കുമ്പോൾ സ്‌കൂൾ വിദ്യാഭ്യാസം ഉടച്ചു വർക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും. ഇനിയും വൈകരുത്, കൊറോണാനന്തരകാലം ഇതുപോലെ വലിയ തിരുത്തലുകൾക്ക് സാധിക്കുന്ന സമയമാണ്.

സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ, കുട്ടികൾ വിദ്യാലയങ്ങളിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വരുമ്പോൾ അവരോട് നീതിപുലർത്താൻ നമുക്ക് ബാധ്യതയുണ്ട്. സർക്കാരിനും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും രക്ഷാകർത്താക്കൾക്കും ഈ വലിയ ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയട്ടെ.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി  682314
98477 32042
(Counseling Psychologist) 
   

 

Friday, October 22, 2021

സംവരണം അല്ല വേണ്ടത്!

 സംവരണം അല്ല വേണ്ടത്: 

സംവരണം അല്ല വേണ്ടത്; ഇനി ശാക്തീകരണം 

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും എത്രയോ മുൻപ് ഇവിടെ സംവരണം നടപ്പിൽ വരുത്തിയിരുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം അല്ല സംവരണത്തിന്റെ ലക്‌ഷ്യം എന്നു പറയുന്നുണ്ടെങ്കിലും പിന്നോക്ക വിഭാഗത്തെ മുഖ്യധാരയിൽ കൊണ്ടുവരാൻ, സാമ്പത്തീക അഭിവൃദ്ധി അത്യാവശ്യമാണല്ലോ. സർക്കാർ ജോലികളിലെ സംവരണമാണ് പിന്നോക്ക ജനവിഭാഗത്തിന് ഒരു അപ്പക്കഷണം പോലെ കാണിച്ച് കാലാകാലങ്ങളായി ഭരണാധികാരികൾ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കേവലം 5 ശതമാനത്തിൽ താഴെ മാത്രമേ സർക്കാർ ജോലി സാധ്യതകൾ ഉള്ളൂ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർന്നു വന്ന വിഭാഗങ്ങൾ ഒന്നും സർക്കാർ ജോലി കൊണ്ടല്ല, അതു സാധിച്ചെടുത്തത്. സാമൂഹിക - സാമ്പത്തീക പുരോഗതി നേടിയ ജനതകൾ (കേരളം, പഞ്ചാബ്) കൂടുതലും വിദേശത്തേക്ക് കുടിയേറി ജോലി സമ്പാദിക്കുകയുയോ ബിസിനസ് ചെയ്ത് പുരോഗതി പ്രാപിക്കുകയോ ചെയ്യുകയാണുണ്ടായത്. 

പിന്നോക്ക ജനവിഭാഗങ്ങളെ ലോകഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുകയും, ഉപരി പഠനത്തിനും തൊഴിലിനും ആയി വിദേശ രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങൾ) ചേക്കേറാൻ പ്രാപ്തരാക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കേരള സർക്കാരിന്റെ ഒഡെപെക്, നോർക്ക പോലുള്ള സ്ഥാപനങ്ങൾ പട്ടിക ജാതി - പട്ടിക വർഗ്ഗ സമുദായങ്ങൾക്ക് പ്രത്യേക പരിഗണന കൊടുത്തു കൊണ്ട് ഭാഷാപഠനത്തിലൂടെ ഐഇ എൽറ്റി എസ്, ഓ.ഇ.ടി, ടോഫെൽ, പി.ഈ.റ്റി പോലുള്ള കടമ്പകൾ നല്ല സ്‌കോർ നേടി വിജയിക്കുവാൻ തീവ്രപരിശീലനം നൽകുകയോ, അത്തരം സ്ഥാപനങ്ങളിൽ പഠിക്കുവാൻ സ്കോളർഷിപ്പ് നല്കുകയോ ചെയ്യണം. പ്ലസ് 2 കഴിഞ്ഞു വിദേശ രാജ്യങ്ങളിൽ പോയി ബിരുദപഠനം ചെയ്യുവാൻ പലിശ രഹിത വായ്പകൾ സബ്‌സിഡി യോട് കൂടി നൽകണം. 2030 ആകുമ്പോൾ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വലിയ മാറ്റം കാണുവാൻ സാധിക്കും. ഇതിലൂടെ ലഭിക്കുന്ന എക്സ്പോഷർ അളക്കുവാൻ സാധിക്കുന്നതിലും വലുതായിരിക്കും. സാമ്പത്തികമായും മാനസികമായും വലിയ തുറവിയിലേക്ക് വരാൻ ഈ പ്രവാസം /കുടിയേറ്റം കാരണമാകും. കഴിഞ്ഞ 50 വർഷങ്ങൾ കൊണ്ട് നേടാൻ കഴിയാതിരുന്ന സാമൂഹ്യമാറ്റം കേവലം 5 -10 വർഷങ്ങൾ കൊണ്ട് സാധിക്കും. സർക്കാർ ജോലി എന്ന ബിസ്‌കറ്റ് കാണിച്ച് എത്രനാൾ ആളുകളെ വിഡ്ഢികളാക്കും? ചെറുകിട വ്യവസായ /കച്ചവട രംഗത്തും (ബേക്കറി, ഗ്രോസറി etc ) സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ചെറുകിട വ്യവസായ സംരംഭകത്വ പരിശീലനവും മതിയായ മൂലധനവും (പലിശരഹിത) നൽകി പിന്നോക്കവിഭാഗങ്ങളെ വ്യാപാരിവ്യവസായി സമൂഹത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരണം. അവരുടെ സ്വപ്‌നങ്ങൾ സിവിൽ സർവീസിലും സർക്കാർ ജോലികളിലും മാത്രം (എന്നതിൽ തുലോം ആയ) തളച്ചിടരുത്. പറന്നു പൊങ്ങാൻ ആകാശം കാണിച്ചു കൊടുക്കണം, ഭരണാധികാരികൾ.

---

ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി  682314

     


Friday, July 16, 2021

എസ്.എസ്.എൽ.സി. ബുക്കിലെ ജാതി!!

 




മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ് :

മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ്:


കേരളത്തിലെ എസ്എസ് എൽസി  വിജയം ആഘോഷിക്കുന്ന തിരക്കിൽ ആണല്ലോ സ്കൂളുകളും രക്ഷകർത്താക്കളും. മഹാമാരി കാലത്ത് ഓൺലൈൻ ക്‌ളാസ്സുകളുടെ മികവിൽ 99.47 ശതമാനം വിജയം സൃഷ്‌ടിച്ച സർക്കാരിന്റെ മികവും വാനോളം വാഴ്ത്തപ്പെടുന്നുമുണ്ട്.  വിദ്യാർഥികൾ ഇക്കാര്യത്തിൽ വലിയ ആവേശം കൊള്ളുന്നില്ല എന്നത് പ്രതീക്ഷ നൽകുന്നു.

ഫുൾ എ പ്ലസ്, തികയ്ക്കാനും സ്‌കൂളിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും പല സ്‌കൂളുകളും  കുല്സിത മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നു വെന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം ഒരു പച്ചയായ യാഥാർഥ്യമാണ്. എയ്‌ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകൾ ഇതുവച്ച് അവരുടെ ഹയർ സെക്കണ്ടറി, മാനേജ്‌മെന്റ് കോട്ടാ പ്രവേശനത്തിലെ സംഭാവനയും ടീച്ചർ നിയമന തലവരിയും ഉയർത്താൻ ഈ എ പ്ലസ് മാമാങ്കം കൊണ്ട് മുതലെടുപ്പ് നടത്തുന്നു.

മൂവായിരം കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ ഒരു ചെറിയ കളിസ്ഥലം /കളിക്കളം പോലും ഇല്ലാതെ കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ഫുൾ എ പ്ലസ് നേടിക്കൊണ്ടിരിക്കുന്നു !!

അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഫുൾ എ പ്ലസ് അല്ല വേണ്ടത്, മറിച്ച് കുട്ടികളിൽ ജീവിത നൈപുണ്യ വികസനം, കായിക പ്രവർത്തങ്ങളിലൂടെ ശാരീരിക ആരോഗ്യം, മാനസീക പക്വത വളർത്തുന്ന പാഠങ്ങൾ ആണ് സ്‌കൂൾ കരിക്കുലത്തിൽ വേണ്ടത് പല വേദികളിലും പ്രസംഗിച്ചു കേൾക്കാറുണ്ട്. എന്നാൽ ഇത് പറയാൻ എളുപ്പവും പ്രയോഗത്തിൽ വരുത്താൻ പ്രയാസവും ഉള്ള ഒരു യാഥാർഥ്യമാണ്. കാരണം അത്ര ഭാരിച്ച സിലബസ് ആണ് ഇന്ന് സ്‌കൂൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് പ്രത്യേകിച്ചും കണക്ക് ഒരു കീറാമുട്ടിയായി ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും ഇന്ന് അനുഭവപ്പെടുന്നത് ഒരു ചെറിയ ഉദാഹരണം. സിലബസ് വെട്ടിച്ചുരുക്കി കരിക്കുലം കാലാനുസൃതമായി പരിഷ്ക്കരിക്കാൻ ഇനിയും വൈകിക്കൂടാ.

കഴിഞ്ഞ ഒരു മാസം മാത്രം കേരളത്തിലെ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം എടുത്താൽ നമ്മുടെ മാനസീക ആരോഗ്യനില വ്യക്തമാകും. ജീവിത നൈപുണ്യം, ശരിയായ ലൈംഗീക വിദ്യാഭ്യാസം, മാനസീക / ശാരീരിക ആരോഗ്യ ബാലപാഠങ്ങൾ, ഭാഷാ പ്രാവിണ്യം  ഇവയൊക്കെയാണ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ അത്യാവശ്യമായി പാഠഭാഗമായി ഉൾപ്പെടുത്തുകയും ആവശ്യമെങ്കിൽ ഇതിന് ആവശ്യമായ പരിശീലകരെ പുറമെ നിന്ന് ഉൾപ്പെടുത്തണം. പ്രഥമ പരിഗണന സ്‌കൂൾ അധ്യാപർക്ക് കൊടുക്കുകയും അവരെ ഇതിനായി സംസ്ഥാന തലത്തിൽ പരിശീലിപ്പിച്ച് എടുക്കുകയും വേണം. കേരള സർക്കാർ അസാപ്പ് (ASAP) പോലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന് തെളിയിച്ചിട്ടുള്ളതാണ്.

നിലവിലെ അക്കാദമിക് കരിക്കുലം പകുതിയായി വെട്ടി ചുരുക്കുകയും ജീവിതത്തിൽ എ പ്ലസ് നേടാൻ, സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം ആണ് കേരളത്തിൽ ഇന്ന് ആവശ്യം. അതിനു വേണ്ട ധീരമായ നടപടികൾ ഈ സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Friday, June 11, 2021

ബിഎസ് എൻഎൽ ദുരന്തം:

ബിഎസ് എൻ എൽ ദുരന്തം:

എന്റെ വീട്ടിൽ 30 വർഷമായി ഉപയോഗിക്കുന്ന ഒരു ലാൻഡ്‌ലൈൻ ഫോൺ ഉണ്ട്. ഇപ്പൾ മാസം 250 രൂപയും ടാക്സും വാടകയായി നൽകുന്നു. കൂടുതൽ ഫോൺ വിളിച്ചാൽ ഈ വാടകയിൽ അധികമായി പിന്നെയും പണം നൽകണം. കൃത്യമായി എല്ലാ മാസവും ബില്ല് വരുന്നു, മുടങ്ങാതെ അടയ്ക്കുന്നു. എങ്ങാനും ബില്ല് അടയ്ക്കാൻ വൈകിയാൽ ഫോൺ കൃത്യമായി ബിഎസ് എൻഎൽ കട്ടുചെയ്യും.  പണ്ട് മാസവാടക കൂടുതൽ ആയിരിന്നു, കഴിഞ്ഞ 30 വർഷം കൊണ്ട് എത്രമാത്രം പണം ഞാൻ അടച്ചിട്ടുണ്ട് എന്നൂഹിക്കാമല്ലോ.

ഞാൻ ഒരു മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 15 വർഷം ആയിക്കാണും. ഇപ്പോൾ മാസം 135 രൂപ ചിലവൊഴിക്കുന്ന റീചാർജ്ജ് മൂന്നു മാസത്തേക്ക് ചെയ്യുന്നു. അന്താരാഷ്ട്ര നമ്പർ ഒഴികെ,  മുഴുവൻ വിളികളും സൗജന്യമാണ്, എത്രസമയം വേണമെങ്കിലും സംസാരിക്കാം. ദിവസവും 100 എസ്എംഎസ് സൗജന്യം, ദിവസവും രണ്ടു ജിബി ഡാറ്റാ ഫ്രീ ആയി കിട്ടുന്നു. അജഗജാന്തരം എന്നു പറയാവുന്ന വ്യത്യാസം!!

മുതിർന്ന പൗരന്മാർ രണ്ടുപേർ ഉള്ള വീട്ടിൽ, ആ ഒരു കാരണം കൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴും ലാൻഡ്‌ലൈൻ തുടർന്നു കൊണ്ടുപോകുന്നത്. അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് എന്ന സത്യം മുകളിൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടല്ലോ. ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ് എൻ എൽ എന്തുകൊണ്ടാണ് ഈ പകൽകൊള്ള സാധാരണ ജനങ്ങളുടെ മുകളിൽ നടത്തുന്നത്. ആരും ചോദ്യം ചെയ്യാത്തിടത്തോളം കാലം നാട്ടുകാരെ പറ്റിച്ച് കിട്ടുന്ന പണം ഖജനാവിലേക്ക് പോരട്ടെ എന്ന ചിന്താഗതിയാണോ ഈ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ള കമ്പനി നടത്തുന്നത്?  വെറുപ്പിച്ച് വെറുപ്പിച്ച് ബിഎസ് എൻ എൽ എങ്ങിനെയും പൂട്ടിക്കെട്ടുക എന്ന ചിന്തയാണോ ഇതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഉള്ളത്? ഇതേ സേവനം നൽകുന്ന മറ്റു സ്വകാര്യ കമ്പനികളെ സഹായിക്കാൻ ഇത്രയും അന്യായം ചെയ്യാമോ!

ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 682314 

 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html