പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, August 7, 2019

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രഎന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രഎന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ

Tuesday, June 4, 2019

കുപ്പികൾ വലിച്ചെറിയരുതേ :

കുപ്പികൾ വലിച്ചെറിയരുതേ :
കേരളത്തിലെ റോഡ് അരികുകളിൽ മദ്യകുപ്പികളും വെള്ളകുപ്പികളും നിറഞ്ഞുവരുന്നു. കേരള സർക്കാർ 10 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വിപണിയിൽ എത്തിക്കാൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. കാരണം കേരളത്തിലെ വഴിവാക്കുകൾ ഇനിയും കൂടുതൽ കൂടുതൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിറയാൻ ഇതു കരണമാവുമല്ലോ. കാറ്ററിംഗ് സർവീസുകാർ ഒരു ഗ്ലാസ് വെള്ളം പോലും ഒരു കുപ്പിയിൽ നൽകുമ്പോൾ പത്തിരട്ടി പ്ലാസ്റ്റിക് മാലിന്യമാണ് കേരളഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. നമ്മൾ സ്റ്റാറ്റസ് സിംബലിന് പുറകെ പോകുമ്പോൾ കാൻസർ നമ്മുടെ പുറകേ പോരുന്നു.
കുടിവെള്ളത്തിന് കൂടുതൽ ടാക്സ് ഏർപ്പെടുത്തി വില കൂട്ടുകയും, കുപ്പിവെള്ളം വാങ്ങി കുടിച്ച് പ്ലാസ്റ്റിക് മാലിന്യം വഴിയരികിൽ വലിച്ചെറിയുന്ന മലയാളി സംസ്കാരം ഇല്ലായ്മ ചെയ്യുകയും വേണമെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു.
അതുപോലെ മദ്യക്കുപ്പികൾ, വലിച്ചെറിഞ്ഞ് ചില്ലു കഷണങ്ങൾ നമ്മുടെ ഭൂമിയെ, വയലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിയറിനും മദ്യത്തിനും 10 രൂപ വിലവർദ്ധിപ്പിച്ച്, കുപ്പി തിരികെയെടുത്ത് 10 രൂപ തിരികെ നൽകാൻ ബീവറേജസ് തയ്യാറാവണം. ചില്ലുകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും ബീവറേജസ് ഔട്ട്ലെറ്റ് കൾ വഴി ഇപ്രകാരം തിരികെ വാങ്ങി റീസൈക്കിൾ ചെയ്യാനും റീ യൂസ് ചെയ്യാനും മദ്യക്കമ്പനികൾ തയ്യാറാവണം. കേരളത്തിലെ പരിസ്ഥിയെ താറുമാറാക്കുന്ന ഈ കുപ്പിമാലിന്യത്തിന് കടിഞ്ഞാണിടാൻ സർക്കാരിന് സാധിക്കും. പ്ലാസ്റ്റിക്, ചില്ലുകുപ്പികൾ പാതയോരങ്ങളിലും വയലോലകളിലും വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത ഇല്ലാതാക്കണം. ഉപയോഗം കഴിഞ്ഞ ചില്ലുകുപ്പികൾ വിലകൊടുത്ത് ശേഖരിക്കാൻ ക്ളീൻ കേരള കമ്പനി പോലുള്ള പ്രസ്ഥാനങ്ങൾ തയ്യാറാവണം. അല്ലെങ്കിൽ 10 വർഷം കഴിഞ്ഞാൽ കേരളത്തിലെ പറമ്പുകളും പാടങ്ങളും കൃഷിയിടങ്ങളും കുപ്പിച്ചില്ലുകൾ കൊണ്ട് നിറയും.
പ്ലാസ്റ്റിക് കുപ്പികളും പൊന്നും വില കൊടുത്ത് സർക്കാർ ശുചിത്വ മിഷൻ പോലുള്ള സംഘടകൾ ശേഖരിച്ച് പുനരുപയോഗത്തിന് പുനഃചംക്രമണത്തിനും നേതൃത്വം നൽകണം. 

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:
നൂറുശതമാനം വിജയവും ആയിരക്കണക്കിന് എ പ്ലസ്സും കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുന്ന മലയാളികൾക്ക് ഒരു ആത്മശോധനായകനാണ് ഈ കുറിപ്പ്. വിദ്യാഭ്യാസ കച്ചവട സ്ഥാപങ്ങൾക്ക് ഒരു ഫീഡർ ആയി നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതിന്റെ സൂചന മാത്രമാണ് ഈ വർഷാവർഷം വർദ്ധിച്ചുവരുന്ന വിജയശതമാനവും പെരുകിവരുന്ന എ പ്ലസ്സുകളും, അല്ലാതെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കുത്തനെ കൂട്ടിയതുകൊണ്ടല്ല. 18 വർഷം മുൻപ് ഇ കെ ആന്റണി കുപ്പിതുറന്നു വിട്ട സ്വാശ്രയഭൂതം കേരള വിദ്യാഭ്യാസ മേഖലയെ കാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. മാറി മാറി വന്ന സർക്കാരുകൾ സ്വാശ്രയ കച്ചവടക്കാർക്ക് നല്ല ഒത്താശ ചെയ്തുകൊടുത്തു. ഈ കച്ചവടത്തിന് കുട്ടികളെ കിട്ടാൻ 100 ശതമാനം വിജയവും ഇ പ്ലുസ്സുകളുടെ തിളക്കവും കൂടിയപ്പോൾ പാവം കേരളീയർ നാടൊട്ടുക്ക് മക്കളുടെ ഫ്ലെക്സ് വച്ച് ആഹ്ലാദിച്ച് അർമാദിച്ചു. അവസാനം ഈ ഫ്ലെക്സുകളുടെ മാലിന്യം കാൻസർ / പകർച്ചവ്യാധികളെ പെരുക്കുകയും സ്വാശ്രയ "മേടിക്കൽ" കോളേജുകളിൽ പഠിച്ചിറങ്ങുന്ന മക്കളുടെ കീശവീർപ്പിക്കാൻ ഉള്ള വക നൽകുകയും ചെയ്തു! കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ നിലവാരം അറിയണമെങ്കിൽ ഐഐടി, ഐഐഎം, എയിംസ്, ജിപ്മെർ, ഐഎഎസ്, ഐപിഎസ് കണക്കുകൾ പരിശോദിച്ചാൽ മതിയാവും. വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന പല കോളേജുകളും ഇന്ന് സെൽഫ് ഫൈനാൻസിങ് കോഴ്‌സുകൾക്കാണ് പ്രാധാന്യം നൽകുന്നത്, കാരണം പണം വരവുതന്നെ. ഇതിനുപുറമെയാണ് അംഗീകാരമില്ലാത്ത നൂറുകണക്കിന് ഹ്രസ്വകാല കോഴ്‌സുകളും വിപണിയിൽ പണം വാരുന്നത്.
യാതൊരു മാനദണ്ഡവുമില്ലാതെ, ഗുണനിലവാരം നോക്കാതെ കുറെ ബിരുദദാരികളെ സൃഷ്ടിച്ചു വിട്ടിട്ട് ഇവിടെ ആർക്കാണ് മെച്ചം. അവസാനം ഭക്ഷണ വിതരണം നടത്താനും ടാക്സി ഓടിക്കാനും വിദേശ രാജ്യത്തെ ഡാറ്റാ എൻട്രി നടത്താനും ഈ കുട്ടികളെ ഇത്ര ചുമടെടുപ്പിക്കണോ? ഇത് ഒരു പണമൂറ്റൽ പരിപാടി മാത്രമായാൽ മതിയോ? മായാസൃഷ്ടിയായ വിജയങ്ങളുടെ [ഇ പ്ലസ്സുകളുടെ] മറനീക്കി മാതാപിതാക്കൾ [വിദ്യാർത്ഥികളും] ഉണർന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.    

Tuesday, March 19, 2019

വനിതാ കുമ്പസാരം വേണം

സ്ത്രീ ശാക്തീകരണം 
കേരളത്തിലെ ലക്ഷകണക്കിന് യുവതികളെയും വനിതകളെയും ബാധിക്കുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്. ശബരിമല കയറ്റം അല്ല അത്, മറിച്ച് ക്രിസ്ത്യൻ സമ്പ്രദായത്തിൽ ഉള്ള കുമ്പസാരം എന്ന ആചാരത്തെക്കുറിച്ചാണ്. റോബിൻ സംഭവങ്ങൾ അവർത്തിക്കാതിരിക്കാനും യൂറോപ്യൻ [പൗരോഹിത്യ] ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ടുകൊണ്ടും എത്രയും വേഗം വനിതകളുടെ കുമ്പസാരം വനിതാ സന്യസ്തർ കേൾക്കുന്നതിനുള്ള സാഹചര്യം ഉളവാക്കണം. അതിനുതക്ക ആൾശേഷിയും സംവിധാനവും ക്രിസ്തീയ സഭകളിൽ ഇന്നുണ്ട്. ആയിരക്കണക്കിന് സന്യാസിനികൾക്ക് ഈ ചുമതല കൈമാറുകയും മാറിക്കൊണ്ടിരിക്കുന്ന ഭൗതീക സാഹചര്യങ്ങളിൽ കാലിടറാനുള്ള സാഹചര്യങ്ങളിൽ നിന്ന് ബഹുമാനപ്പെട്ട  യുവപുരോഹിത [മധ്യവയസ്കരും] സുഹൃത്തുക്കളെ    രക്ഷിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 

കുമ്പസാരം എന്ന പ്രക്രിയ, പാപബോധം എന്ന കുനിഷ്ട് ഒഴിവാക്കിയാൽ വളരെ നല്ല ഒരു കൗൺസിലിങ് രീതിയാണ്. അന്യരുടെ ദുഖങ്ങളും സങ്കടങ്ങളും കേൾക്കുക എന്ന വലിയ കാര്യമാണ് ഈ പ്രക്രിയയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു കാരണവശാലും ഒരിക്കലും മൂന്നാമതൊരാൾ അറിയില്ല എന്ന ഉറപ്പോടെ, രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ട്, മറ്റൊരാളുമായി തന്റെ സ്വകാര്യ ദുഃഖങ്ങൾ പങ്കുവയ്ക്കുവാൻ, സാഹചര്യം ഉണ്ടാവുന്നത് ക്രൈസ്തവ സമൂഹത്തിന്റെ വലിയൊരു അനുഗ്രഹമാണ്. എന്നാൽ മാറിവരുന്ന ഭൗതീക സാഹചര്യങ്ങളിൽ നമ്മുടെ പുരോഹിതർക്ക് തങ്ങളുടെ മനോബലം ദൃഢതയോടെ കാത്തുസൂക്ഷിക്കാനാവുമെന്ന് മാർപ്പാപ്പയ്ക്ക് പോലും ഉറപ്പു പറയാനാവില്ല. അതിനാൽ നവോത്ഥാനം വേണ്ടത് ഈ ഒരു ആചാരം തിരുത്തിയെഴുതുന്നതിന് വേണ്ടിയാണ്. 

അഭിനവ നവോത്ഥാന പ്രസ്ഥാനക്കാർ ഇക്കാര്യം എത്രയും പെട്ടെന്ന് മാർപാപ്പയുടെ മുന്നിലവതരിപ്പിച്ച് വനിതകളുടെ കുമ്പസാരം വനിതാ സന്യസ്തർ കേൾക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അദ്ദേഹവും ഇതിനു പരിപൂർണ്ണ പിന്തുണ തരുമെന്നാണ് യൂറോപ്പിലെ പൗരോഹിത്യ ലൈംഗീക അപവാദ കേസുകളിൽ നഷ്ടപരിഹാരം കൊടുക്കുന്ന കണക്കുകൾ പത്രങ്ങളിൽ വായിക്കുമ്പോൾ തോന്നുന്നത്     

Sunday, January 13, 2019

സാലറി ചലഞ്ച് - ഹൃദയപക്ഷം

സാലറി ചലഞ്ച് - ഹൃദയപക്ഷം 
രണ്ടു ദിവസം ദേശീയ പണിമുടക്ക് നടത്തി വിജയിപ്പിച്ച ഇടതുപക്ഷം സംഘടകൾ, രണ്ടു ദിവസത്തെ ശമ്പളം ഉപേക്ഷിച്ചു കൊണ്ട് മാതൃക കാട്ടണം. ലോകത്തിനു തന്നെ ഇതൊരു പുതിയ സമരരീതി ആയിരിക്കും. രണ്ടു ദിവസം സമരം ആഘോഷിച്ച് മൂന്നാം ദിവസം പോയി ഒപ്പിട്ട് മുപ്പതാം തീയതി ശമ്പളം എണ്ണിവാങ്ങിയ കരിങ്കാലികൾ എന്ന ചീത്തപ്പേര് ഇല്ലാതാക്കാം നമുക്ക്. സംസ്ഥാന -കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കുദ്യോഗസ്ഥർ മുതലായവർ ഇതിനു മുകൈ എടുക്കണം.       
എന്നിട്ട് യഥാർത്ഥ തൊഴിലാളികളോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കാം, പണിമുടക്ക് മൂലം രണ്ടു ദിവസത്തെ പണിയും പണിക്കൂലിയും നഷ്ടപെട്ട കൂലിപ്പണിക്കർ , മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ,  ദിവസക്കൂലിക്കാർ, ... മുതലായവരോട് ചേർന്നുനിൽക്കണം.     
നാടെങ്ങും കണ്ട സമരപന്തലുകളിൽ ഘോര ഘോരം പ്രസംഗിക്കുമായും പാട്ടുപാടുകയും ആഘോഷിക്കുകയും ചെയ്തത് മേല്പറഞ്ഞ സംഘടിതരാണ്, സ്വന്തം മാസശമ്പളത്തിന് യാതൊരു പോറലും ഏൽക്കാതെ 'തൊഴിലാളി ഐക്യം' ഘോഷിക്കുന്നവർ!! കൂലിപ്പണിക്കാരുടെ അത്താഴപ്പഷ്ണിക്ക് അവർ മറുപടിപറയണം, എന്നിട്ടാകാം അടുത്ത പണിമുടക്ക് അഥവാ ഹർത്താൽ അഥവാ ബന്ദ്.     
ജനുവരി സാലറി ചലഞ്ച് ഏറ്റെടുക്കാൻ ധൈര്യമാരുണ്ടോ സമര സഖാക്കളേ, ആ പണം നമുക്ക് നവകേരള സൃഷ്ടിക്ക് ഉപയോഗിക്കാം .സുസ്ഥിര വികസനം സുരക്ഷിത കേരളം!!

Thursday, December 27, 2018

നിങ്ങളെന്നെ സംഘിയാക്കി!!


നിങ്ങളെന്നെ സംഘിയാക്കി!!
(എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതില്‍ തെറ്റും ശരിയും ഉണ്ടാവാം. ഞാന്‍ പ്രവര്‍ത്തിക്കുന്ന വിവധ സംഘടനകളുടെ നിലപാടുകളോട് ഇതിനെ താരതമ്യം ചെയ്യരുത് എന്നപേക്ഷിക്കുന്നു.)
ഇന്ന് രാവിലെ ഒരു അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ച് “പത്രം വായിച്ചു, ... നീ അപ്പൊ സംഘി ആണല്ലേ?”
ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ, ആരെങ്കിലും സ്വതന്ത്രമായി അഭിപ്രായം  പറഞ്ഞാല്‍ അതും പാര്‍ട്ടി നിലപാടിന്  വിരുദ്ധമായി പറഞ്ഞാല്‍ അയാള്‍ സംഘി!! ഇങ്ങിനെയാണ്‌ കേരളത്തില്‍ ഇപ്പൊ സംഘപരിവാര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്
ഒന്നുകില്‍ പാര്‍ട്ടിക്ക് ഓശാന പാടണം അല്ലെങ്കില്‍ മിണ്ടാണ്ടിരുന്നോണം.
‘നമ്മള്‍ ഒന്നാണ്’ എന്നപരിപാടിയുടെ നോട്ടീസ് കണ്ടു. ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് യൂണിയനുമായിചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന നവോത്ഥാനസദസ്സ്.
ഇതിലെ പ്രഭാഷകരുടെ പേരുകള്‍ നോക്കുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ ജാതിസംഘടനയുടെ ഭാരവാഹികള്‍!! ഈ രണ്ടു ജാതിസംഘടകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? അവരാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതത്രേ.
കേരളത്തിലെ സാമൂഹ്യപരിഷ് കര്‍ത്താക്കളെ ഏതെങ്കിലും ജാതിസംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വരാന്തയില്‍ കെട്ടിയിടാമെന്ന വ്യാമോഹം കഴിഞ്ഞകുറച്ചു നാളുകളായി നമ്മുടെനാട്ടില്‍ കണ്ടുവരുന്നുണ്ട്.
യേശുക്രിസ്തുവിനെ പുരോഹിതര്‍ കയ്യടക്കിയപോലെയും മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒതുക്കിവച്ചിരിക്കുന്നപോലെയും ശ്രീനാരായണഗുരു, സഹോദരന്‍അയ്യപ്പന്‍, അയ്യന്‍‌കാളി തുടങ്ങിയ മഹത്തുക്കളെ ഏതെങ്കിലും സംഘടനകളുടെ മാത്രം നേതാവായി ചിത്രീകരിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്.
നവോത്ഥാനചിന്തകള്‍ തിരികെ കൊണ്ടുവരണമെങ്കില്‍ ‘നമ്മള്‍ ഒന്നാണ്’ എന്ന ചിന്ത തിരികെ കൊണ്ടുവരണം. അതിനു തടസ്സമായി ഇന്നത്തെ കേരളത്തില്‍ നില്‍ക്കുന്നത് രാഷ്ട്രീയവും സാമുദായികവും ആയ സങ്കുചിതമനോഭാവമാണ്.  രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിചിന്ത ഇളക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം
ഏതെങ്കിലും ജാതിയേയോ സമുടയത്തെയോ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ചിന്തഗാതി കേരള സമൂഹത്തിനു വലിയദോഷംചെയ്യും. ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ നല്‍കേണ്ടിവരും
കേരളം ഒരു നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയമഹാപ്രളയം അതിജീവിച്ച് പുനര്‍നിര്മാണ പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ് ‘ശബരിമല’ വിഷയം ഉയര്‍ന്നുവരുന്നത്. സര്‍ക്കാരിന് അതിന്റേതായ അജണ്ട ഇതിനുപിന്നിലുണ്ടാവാം, ഏതായാലും കേരളീയര്‍ ഒറ്റകെട്ടായി ‘നവകേരള സൃഷ്ടിക്കായി’ അണിചേരുന്ന അവസരത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തികൊണ്ട് വിഘടനവാദവും ചേരിതിരിവും സൃഷ്ടിച്ച് നവകേരള നിര്‍മ്മിതിയെ പാടെ തച്ചുടക്കാന്‍ ഈഅനാവശ്യവിവാദത്തിനു കഴിഞ്ഞു. മാത്രവുമല്ല നവോത്ഥാനത്തിനും സ്ത്രീശാക്തീകരണത്തിനും വിപരീതമായ ഫലം ഉളവാക്കാന്‍മാത്രമേ ഈ നിലപാടുകള്‍കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
ശാസ്ത്രസാഹിത്യപരിഷത്ത് പോലും ‘നവകേരള നിര്‍മ്മിതി’ മറന്നുകൊണ്ട് ഈ പൊറാട്ട് നാടകങ്ങള്‍ക്ക് പുറകെ നടക്കുമ്പോള്‍ ഓര്‍മിക്കുക, കേരളത്തില്‍ പ്രളയനന്തരം ഇനിയും നൂറുകണക്കിന് ആളുകള്‍ തിരികെപോകാന്‍ വീടില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. നൂറുകണക്കിന് തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇനിനും മാസങ്ങള്‍വേണ്ടിവരും.
ഈ വര്‍ഷത്തെ ‘ജനോല്‍സവങ്ങള്’ പ്രളയാനന്തര ‘നവകേരളസൃഷ്ടി’ തന്നെയായിരുന്നു സംവദിക്കേണ്ടിയിരുന്നത്.
ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്ന നവോത്ഥാനസദസ്സുകള്‍ അന്ധകാരശക്തികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്.
-         ജോസി വര്‍ക്കി

Monday, December 24, 2018

വിഭജനത്തിന്റെ മതിൽ:

വിഭജനത്തിന്റെ മതിൽ:

വനിതാ മതിൽ നവോത്ഥാനം കൊണ്ടുവരുമോ? സ്ത്രീ ശാക്തീകരണം ഉയർത്തുമോ? തുല്യതാബോധം വളർത്തുമോ?   കേരളത്തിൽ സ്ത്രീകളോടുള്ള മനോഭാവം, (പുരുഷൻമാരുടെയും സ്ത്രീകളുടെയും) മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാൽ മതിൽ കെട്ടി തിരിച്ചോ മതിലിൽ ചാരി നിർത്തിയതുകൊണ്ടോ ഈ സമീപനം മാറില്ല. 

മതിൽ നിർമ്മാണം തന്നെ സ്ത്രീകളെ താഴ്ത്തികെട്ടുന്ന സ്ഥിരം ചില ആചാരങ്ങളുടെ അവർത്തനമായി മാറാനുള്ള സാധ്യത തെളിഞ്ഞു വരുന്നു. സർക്കാർ /പാർട്ടി പരിപാടികൾ വിജയിപ്പിക്കാൻ സ്ഥിരമായി കൈക്കൊള്ളുന്ന ചില സ്ത്രീവിരുദ്ധ നടപടികൾ ഈ മതിൽ കെട്ടാനും ഉപയോഗിക്കും. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തുടങ്ങി വച്ച കുടുംബശ്രീ, ആശ അംഗനവാടി പ്രവർത്തകരെ പരോക്ഷമായ ഭീഷണിയുടെ മതിലിൽ ചാരിനിൽക്കാൻ പ്രേരിപ്പിക്കുന്ന കാഴ്ച എല്ലായിടത്തും കാണാം. പൊതുപരിപാടികൾക്കും പ്രകടങ്ങൾക്കും ആളെകൂട്ടാനുള്ള എളുപ്പവഴിയായി കുടുംബശ്രീ / അംഗനവാടി പ്രവർത്തകരെ ചൂഷണം ചെയ്യുന്നത് വലിയ സ്ത്രീ വിരുദ്ധത തന്നേയാണ്. അധ്യാപികമാർ, വിദ്യാർത്ഥിനികൾ, നേഴ്സ് മാർ, പാചകത്തൊഴിലാളികൾ, അക്ഷയ സെന്റർ ജോലിക്കാർ  തുടങ്ങിയവരെ പുരുഷ കേന്ദ്രീകൃത നേതൃത്വത്തിന്റെ ആജ്ഞാശക്തിയിൽ മതിലിലേക്ക് വലിച്ചടുപ്പിക്കുന്നത് ആണോ നവോത്ഥാനം.          
 
ഭീഷണിപ്പെടുത്തി സംഘടിതരാക്കുന്ന അപരിഷ്‌കൃത രീതി സാക്ഷരകേരളത്തിൽ  അവസാനിപ്പിക്കേണ്ടിയിരിക്കുന്നു

താലമെടുപ്പ്, സ്വീകരണം, ബൊക്കെ കൊടുക്കൽ, ചായവിതരണം, ഫ്ലവർ ഗേൾസ്, ചിയർ ഗേൾസ്  ഇവയ്ക്കുവേണ്ടി മാത്രം വനിതകളെ ഉപയോഗിക്കുന്നവർ പൊതുപരിപാടികളിലെ വേദികളിൽ എത്ര സ്ത്രീകൾ ഉണ്ടെന്ന് എണ്ണണം. യൂണിഫോം ഇട്ട് പരിപാടികൾക്ക് കൊഴുപ്പേകാൻ കുടുംബശ്രീ /അംഗനവാടി പ്രവർത്തകരെ ചൂഷണം ചെയ്യുന്നത് ഉടനടി നിർത്തലാക്കണം     

പ്രകടനങ്ങൾക്കും ആളെകൂട്ടാനും മാത്രമായി സ്ത്രീകളെ കാണുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും മാറിചിന്തിക്കണം. നിയമസഭയടക്കം കേരളത്തിലെ നേതൃത്വ സ്ഥാനങ്ങളിൽ എത്ര വനിതകൾ ഉണ്ടെന്നു കണക്കെടുക്കണം. ബോധപൂർവ്വം മാറ്റിനിർത്തികൊണ്ട് 'ലിംഗനീതി' ഉറപ്പിലാക്കാനാവില്ല!   സ്ത്രീത്വത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വിലകല്പിക്കാത്ത നൃത്തരൂപങ്ങളും വസ്ത്രധാരണ ശൈലികളും വഴിയിലുപേക്ഷിച്ച് സ്വതന്ത്രമായി ചിന്തിക്കുകയും സ്വാഭിമാനത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന വനിതകളെയാണ് നമുക്കാവശ്യം.  

കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി കാട്ടികൂട്ടുന്ന ഈ ലഹളകൾ നമ്മുടെ നാടിനു വലിയ ദോഷം ചെയ്യും. ഭിന്നിപ്പിച്ചു ഭരിക്കുകയും വോട്ടുബാങ്കുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന സഹിഷ്ണുതയും മാനവികതയും വീണ്ടെടുക്കാൻ ഇനിയും ഒരു പ്രളയത്തിനായി നമ്മൾ കാത്തിരിക്കേണ്ടി വരും  
----------
ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html