പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, September 21, 2019

ഓമനക്കുട്ടൻ ഒരു അടയാളം:

ഓമനക്കുട്ടൻ ഒരു അടയാളം:
ഒറ്റരാത്രികൊണ്ട് ഒരാളെ കള്ളനും കുറ്റവാളിയും ആക്കുകയും പിറ്റേന്ന് തന്നെ കേരളത്തിന്റെ ഭരണചക്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി,  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പൊതുവായി മാപ്പ് പറയുകയും ചെയ്ത സംഭവം ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

ഓട്ടകീശയുമായി പൊതുപ്രവർത്തനം നടത്തുന്ന പച്ച മനുഷ്യരുടെ പ്രതീകമാണ് ചേർത്തലക്കാരൻ ഓമനക്കുട്ടൻ. എന്തിലും ഇതിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയ പൊതുപ്രവർത്തനത്തിന്റെ നേർ വിപരീതം. കാശ്മീരിൽ, ഇന്ത്യയുടെ അതിർത്തിയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട വീരസൈനീകരുടെ മൃതശരീരം കൊണ്ടുപോകാൻ വാങ്ങിക്കുന്ന ശവപ്പെട്ടിയിൽ പോലും കമ്മീഷൻ വാങ്ങാൻ യാതൊരു ഉളുപ്പുമില്ലാതെ മനസാക്ഷി മരവിച്ച രാഷ്ട്രീയക്കാരുടെ ഇടയിൽ തിളങ്ങുന്ന രത്നമാണ് ഓമനക്കുട്ടൻ. രാഷ്ട്രീയക്കാരുടെ സ്വാർത്ഥലാഭം മാത്രം കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനം മനം മടുപ്പിക്കുമ്പോൾ ഇത്തരം ഓമനകുട്ടന്മാരാണ് പ്രതീക്ഷ നൽകുന്നത്.
രാഷ്ട്രീയം തൊഴിലാക്കിയ മാന്യന്മാർക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ ഓമനക്കുട്ടൻ സംഭവത്തിന് കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു. തൊലിക്കട്ടിയുടെ വല്ലാത്തൊരു ആവരണം അവരെ പൊതിയുമ്പോൾ ഓമനകുട്ടന്മാരെ കാണാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചശക്തിയുണ്ടാവില്ലല്ലോ.
പൊതുപ്രവർത്തനം വളരെ സേഫ് ആയി നടത്താൻ അറിയാത്ത ഓമനകുട്ടന്മാർ എക്കാലത്തും സമൂഹത്തിൽ വലിയ പരാജയം തന്നെയായിരുന്നു. എത്രയോ ഓമനകുട്ടന്മാർ നമ്മുടെ യാതൊരു പ്രസക്തിയും ഇല്ലാതെ കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയി. കയ്യിലെ കാശും തീർന്ന്, പിച്ചതെണ്ടി ദുരിതാശ്വാസ ക്യാമ്പും ചികിത്സ സഹായനിധിയും ഒക്കെ നടത്താൻ തെക്കുവടക്ക് പരക്കം പായുന്ന പച്ചയായ സാമൂഹ്യപ്രവർത്തകർ! ഇത്തരുണത്തിൽ രണ്ടു കൂട്ടരേ ഓർക്കാതെ പോകുന്നത് ഉചിതമല്ല എന്നുതോന്നുന്നു.

വളരെ സേഫ് ആയി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന മാന്യന്മാർ. ഇക്കൂട്ടർ ആത്മാർത്ഥതയുള്ളവരാണ്, ആരുടെയും കട്ടും മോഷ്ടിച്ചും വീട്ടിൽ കൊണ്ടുപോകാൻ താല്പര്യമില്ല. എന്നാൽ ചെറിയൊരു കുഴപ്പമേയുള്ളൂ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും പൊതു ഖജനാവിൽ നിന്ന് മാന്യമായ വേതനം പറ്റുകയും കൂടെ  യൂണിയൻ പ്രവർത്തനം നടത്തുകയും, ഓഫിസിൽ ഒപ്പിട്ട് , തന്നിൽ അർപ്പിതമായ ജോലിയൊന്നും ചെയ്യാതെ പൊതുപ്രവർത്തനത്തിൻറെ സഞ്ചിയും തൂക്കി നടക്കുന്നവർ.

രണ്ടാമത് വിഭാഗം സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം നല്ലൊരു  തുക പെൻഷൻ വാങ്ങുകയും കൂടെ ഒരു ടൈം പാസ്സ് ആയി രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്. മാനവികതാ വാദത്തിന്റെ വക്താവായ എബ്രഹാം മാസ്‌ലോ മുന്നോട്ടുവച്ച 'ആവശ്യങ്ങളുടെ ശ്രേണിയിൽ' അംഗീകരിക്കപ്പെടണമെന്ന / ആദരിക്കപ്പെടണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഇവർ നടത്തുന്ന പൊതുപ്രവർത്തനം ആർക്കും വലിയ ശല്യം ഉണ്ടാക്കുന്നില്ല.  എന്നാൽ ഇക്കൂട്ടരിൽ കാണുന്ന വലിയൊരു ന്യൂനത, ചെറുപ്പക്കാരെ കുറ്റപ്പെടുത്തുക എന്നതാണ് - സാമൂഹ്യബോധമില്ല, പൊതുബോധമില്ല, എപ്പോഴും ജോലി .. ജോലി എന്ന ചിന്ത മാത്രമേയുള്ളൂ. ഇപ്പോഴത്തെ തലമുറ ശരിയല്ല എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ പെൻഷൻ പൊതുപ്രവർത്തകരോട് താങ്കളുടെ നല്ല പ്രായത്തിൽ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ അമിത ആത്മാർത്ഥത.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും 'ഓമനകുട്ടന്മാരുടെ' ചിത്രം വച്ച് പൂവിട്ടു പൂജിക്കണം. കാരണം എല്ലാ നാട്ടിലും എല്ലാകാലത്തും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രത്യേക വിഭാഗമാണ് 'ഓമനകുട്ടന്മാർ' അവർക്ക് വീടുണ്ടാവുകയില്ല, ജോലിയുണ്ടാവില്ല, ഒരു ബൈക്ക് പോലുമുണ്ടാവില്ല. എന്നാലും ഓടിനടന്ന് എല്ലാകാര്യങ്ങളിലും ആത്മാർഥമായി കടം വാങ്ങിയും തെണ്ടിയും പണം ഒപ്പിക്കും, സഹായം നൽകും. ഏതു പാതിരാത്രിക്കും അവർ ഉണ്ടാവും, അവരേ ഉണ്ടാവൂ. ഒരു പഞ്ചായത്ത് സീറ്റുപോലും കിട്ടില്ല, ഒരു സഹകരണ സംഘം പോലും വിളിക്കില്ല ഇവരെ. പ്രളയത്തിലും വേനലിലെ വരൾച്ചയിലും തളരാതെ നിൽക്കുന്ന ഓമനകുട്ടന്മാർക്കു മുന്നിൽ ശിരസുനാമിക്കുന്നു.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി682314

No comments:

Post a Comment

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html