ബിഎസ് എൻ എൽ ദുരന്തം:
എന്റെ വീട്ടിൽ 30 വർഷമായി ഉപയോഗിക്കുന്ന ഒരു ലാൻഡ്‌ലൈൻ ഫോൺ ഉണ്ട്. ഇപ്പൾ മാസം 250 രൂപയും ടാക്സും വാടകയായി നൽകുന്നു. കൂടുതൽ ഫോൺ വിളിച്ചാൽ ഈ വാടകയിൽ അധികമായി പിന്നെയും പണം നൽകണം. കൃത്യമായി എല്ലാ മാസവും ബില്ല് വരുന്നു, മുടങ്ങാതെ അടയ്ക്കുന്നു. എങ്ങാനും ബില്ല് അടയ്ക്കാൻ വൈകിയാൽ ഫോൺ കൃത്യമായി ബിഎസ് എൻഎൽ കട്ടുചെയ്യും. പണ്ട് മാസവാടക കൂടുതൽ ആയിരിന്നു, കഴിഞ്ഞ 30 വർഷം കൊണ്ട് എത്രമാത്രം പണം ഞാൻ അടച്ചിട്ടുണ്ട് എന്നൂഹിക്കാമല്ലോ.
ഞാൻ ഒരു മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 15 വർഷം ആയിക്കാണും. ഇപ്പോൾ മാസം 135 രൂപ ചിലവൊഴിക്കുന്ന റീചാർജ്ജ് മൂന്നു മാസത്തേക്ക് ചെയ്യുന്നു. അന്താരാഷ്ട്ര നമ്പർ ഒഴികെ, മുഴുവൻ വിളികളും സൗജന്യമാണ്, എത്രസമയം വേണമെങ്കിലും സംസാരിക്കാം. ദിവസവും 100 എസ്എംഎസ് സൗജന്യം, ദിവസവും രണ്ടു ജിബി ഡാറ്റാ ഫ്രീ ആയി കിട്ടുന്നു. അജഗജാന്തരം എന്നു പറയാവുന്ന വ്യത്യാസം!!
മുതിർന്ന പൗരന്മാർ രണ്ടുപേർ ഉള്ള വീട്ടിൽ, ആ ഒരു കാരണം കൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴും ലാൻഡ്‌ലൈൻ തുടർന്നു കൊണ്ടുപോകുന്നത്. അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് എന്ന സത്യം മുകളിൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടല്ലോ. ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ് എൻ എൽ എന്തുകൊണ്ടാണ് ഈ പകൽകൊള്ള സാധാരണ ജനങ്ങളുടെ മുകളിൽ നടത്തുന്നത്. ആരും ചോദ്യം ചെയ്യാത്തിടത്തോളം കാലം നാട്ടുകാരെ പറ്റിച്ച് കിട്ടുന്ന പണം ഖജനാവിലേക്ക് പോരട്ടെ എന്ന ചിന്താഗതിയാണോ ഈ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ള കമ്പനി നടത്തുന്നത്? വെറുപ്പിച്ച് വെറുപ്പിച്ച് ബിഎസ് എൻ എൽ എങ്ങിനെയും പൂട്ടിക്കെട്ടുക എന്ന ചിന്തയാണോ ഇതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഉള്ളത്? ഇതേ സേവനം നൽകുന്ന മറ്റു സ്വകാര്യ കമ്പനികളെ സഹായിക്കാൻ ഇത്രയും അന്യായം ചെയ്യാമോ!
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314