പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, November 17, 2022

മുതിർന്ന പൗരന്മാരുടെ ക്ഷേമം

മുതിർന്ന പൗരന്മാരുടെ ക്ഷേമം: 
ഇന്ത്യയിൽ ഭരണഘടനാ പ്രകാരം മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 ഇൽ പാസാക്കിയതാണ്. നമ്മൾ എല്ലാവർഷവും വയോജനദിനം ഗംഭീരമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖയിലും വയോജന സംരക്ഷണം ഒരു പ്രധാന അജണ്ടയാണ്. എന്നാൽ ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ യഥാർത്ഥത്തിലുള്ള അവസ്ഥയെന്താണ്? സംരക്ഷണവും ക്ഷേമവും പോയിട്ട് അല്പം കരുണ കാണിക്കാൻ സർക്കാരുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല? 60 വയസ്സ് കഴിഞ്ഞാൽ മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കണം എന്നാണ് നിയമം. 60 പോയിട്ട് 70 വയസ്സ് കഴിഞ്ഞാൽ എങ്കിലും അല്പം കരുതൽ വയോജനങ്ങളോട് കാണിക്കേണ്ടേ? 60, 70, 80 എന്നിങ്ങനെ ഓരോ നാഴികക്കല്ലുകൾ വച്ച് പ്രായം കൂടുതോറും കൂടുതൽ കരുതൽ, ക്ഷേമ പദ്ധതികൾ, പെൻഷൻ, ആനുകൂല്യങ്ങൾ കിട്ടുന്ന രീതിയിൽ സർക്കാർ സംവിധാനം ഒരുക്കിയാൽ സമൂഹത്തിന് വയോജനങ്ങളോടുള്ള കാഴ്ചപ്പാട് പാടെ മാറും. വയോജനങ്ങളെ സംരക്ഷിക്കാൻ ആരുമില്ലാത്ത വഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ ഇല്ലാതാകും. 60 കഴിഞ്ഞവർക്ക് 3000 പെൻഷൻ 70 കഴിഞ്ഞവർക്ക് 5000 പെൻഷൻ 80 കഴിഞ്ഞവർക്ക് 10000 പെൻഷൻ എന്ന നിലയിൽ, ഓരോ മാസവും ഉറപ്പാക്കാൻ വലിയ ബാധ്യതയില്ലാത്ത സർക്കാരുകൾക്ക് സാധിക്കും. (മറ്റു പെൻഷൻ ഇല്ലാത്തവർക്ക് എങ്കിലും)  

എന്നാൽ നിലവിലെ സ്ഥിതി വളരെ മോശമാണ്. സർക്കാർ ആശുപതികളിൽ ഒപി ടിക്കറ്റ് പോലും ഫ്രീ അല്ല!! അവർക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ല, ഒരു അംഗീകൃത ബാങ്കിൽ നിന്നും സഹകരണ സംഘത്തിൽ നിന്നും ലോൺ എടുക്കാൻ സാധിക്കില്ല, പ്രായാധിക്യത്താൽ പലർക്കും ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ല. എന്നാൽ മരിക്കുന്നതുവരെ എല്ലാ വയോജനങ്ങളും അവർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധങ്ങൾക്ക് സേവനങ്ങൾക്ക് നികുതി സർക്കാർ ഖജനാവിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു!! ഒരു ജീവിതകാലം മുഴുവൻ അധ്വാനിക്കുകയും നാടിനുവേണ്ടി രാജ്യത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി വിയർപ്പൊഴുക്കുകയും ചെയ്ത മുതിർന്ന പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ സമൂഹവും സർക്കാരുകളും ബാധ്യസ്ഥരാണ്. വയോജന സംരക്ഷണം ഉറപ്പു വരുത്താത്ത ഒരു സമൂഹവും പുരോഗതി കൈവരിച്ചതായി അഭിമാനിക്കാൻ കഴിയില്ല.
-------
ജോസി വർക്കി
മുളന്തുരുത്തി 
Jossy Varkey
(0091) 98477 32042
 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html