പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, November 5, 2021

കൊറോണ കാലവും ട്രെയിനർമാരും:

 കൊറോണ കാലവും ട്രെയിനർമാരും:

കഴിഞ്ഞ 20 മാസമായി നമ്മെ വേട്ടയാടുന്ന കൊറോണ മഹാമാരി കാലത്ത് തങ്ങളുടെ തൊഴിൽ മേഖലയിൽ വലിയൊരു സ്തംഭനം സംഭവിച്ച ഒരു വിഭാഗം ആളുകൾ ആണ് ട്രെയിനർമാർ. പ്രധാനമായും സ്‌കൂൾ, കോളേജ് തലങ്ങളിൽ വിവിധ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കഴിഞ്ഞു പോന്നിരുന്ന ആയിരക്കണക്കിന് അനൗപചാരിക അധ്യാപകർ ആണ് ട്രെയിനർമാർ. കേരള സർക്കാരിന്റെ കുടുംബശ്രീ,സാമൂഹ്യനീതി, നൈപുണ്യ പരിശീലനം, അസാപ്പ്, പോലുള്ള  വിവിധ പദ്ധതികളിലും ധാരാളം വ്യക്തികൾ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കണ്ടെത്തിയിരുന്നു. കൂടാതെ വ്യവസായ സ്ഥാപനങ്ങളിലും വായനശാല, ക്ലബ്ബ്, റെസിഡൻസ് പോലുള്ള പ്രസ്ഥാനങ്ങളിലും നിരവധി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഒട്ടനവധി പേർ പ്രവർത്തിച്ചു വരുന്നു. ഇവരുടെ ജീവിതം, ഇവരുടെ കുടുംബം ഒക്കെ കൊറോണകാലത്ത് വളരെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ക്‌ളാസ്സ്‌റൂമുകളും സെമിനാർ ഹാളുകളും അന്യമായ കൊറോണ കാലത്ത് വളരെ കുറച്ചുപേർ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, വളരെ യധികം പേർ ലോക്ക് ഡൗൺ കുത്തൊഴുക്കിൽ   ഒലിച്ചുപോവുകയും മറ്റു തൊഴിലുകൾ തേടാൻ നിർബന്ധിതരാവുകയും ചെയ്തു.
വീണ്ടും സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ ഈ ട്രെയിനർമാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഭിനിവേശവും ആവേശവുമായി ഈ മേഖലയിൽ പ്രവർത്തിരുന്നവർക്ക് ഒരു തിരിച്ചുവരവിനുള്ള അവസരം വന്നുചേർന്നിരിക്കുകയാണ്. എന്നാൽ ഈയിടെ പല സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും വിവിധ പരിശീലന പരിപാടികൾക്ക്  പുറമെ നിന്നും റിസോഴ്‌സ് പേഴ്സണെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങി സുരക്ഷിതമായി കഴിയുന്നവരെയോ സർവീസിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെയോ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ നിയോഗിക്കുകയും അവർക്ക് അതിനുള്ള ഹോണറേറിയം കൊടുക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇത് വലിയ അനീതിയാണ്, മറ്റു   വരുമാന മാർഗ്ഗം ഇല്ലാതെ, ട്രെയിനിംഗ് രംഗത്തുമാത്രം പിടിച്ചു നിൽക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണ്. പലപ്പോഴും സർക്കാർ വകുപ്പുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയുന്ന ഏർപ്പാട് കണ്ടുവരുന്നു. ഒരു വകുപ്പിൽ ക്‌ളാസ് ആവശ്യം വരുമ്പോൾ മറ്റൊരു വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നു ഫീസ് കൊടുക്കുന്നു. അദ്ദേഹം ജോലി ചെയ്യുന്ന വകുപ്പിൽ തിരിച്ചും ഉപകാരസ്മരണ ചെയ്ത് ഇത്തരം പരിശീലന പരിപാടികൾക്കുള്ള ഫണ്ട് വിദഗ്ദമായി സ്വന്തം പോക്കറ്റുകളിൽ തന്നെ എത്തിക്കുന്ന ഏർപ്പാട്, സർക്കാർ ശമ്പളം വാങ്ങുന്ന സാമൂഹ്യ /സാമ്പത്തീക സുരക്ഷയിൽ ജീവിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭൂഷണമല്ല. കോളേജുകൾ, പോളിടെക്‌നിക്കുകൾ, സ്‌കൂളുകൾ പോലും വിവിധ നൈപുണ്യ പരിശീലന പരിപാടികൾക്ക് അനുവദിക്കുന്ന തുക ഇത്തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോക്കറ്റിൽ ഇട്ട് വൗച്ചറുകൾ ഒപ്പിടുന്ന സംഭവങ്ങൾ ഉണ്ട്. ദയവുചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന (സർക്കാർ ശമ്പളം എന്ന സുരക്ഷിതത്വം ഇല്ലാത്ത) ട്രെയിനർമാരുടെ കഞ്ഞിയിൽ മണ്ണു വാരിയിടരുത് എന്നും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ പരിശീലന പരിപാടികൾക്ക് കൂടുതൽ സമയവും പണവും കണ്ടെത്തി വിനിയോഗിച്ച് ഈ നീണ്ട കാലം തൊഴിലില്ലാതെ വീട്ടിലിരുന്ന ട്രെയിനർമാർക്ക് സഹായം നൽകണമെന്നും അഭ്യർത്ഥിക്കുന്നു

ജോസി വർക്കി
+91 98477 32042 
കരിയർ കൗൺസിലർ
മുളന്തുരുത്തി
   
 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html