പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, June 18, 2017

കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ:

കൊച്ചി മെട്രോ യാഥാർഥ്യമാക്കിയ കേന്ദ്ര -കേരള സർക്കാരുകൾക്ക് അഭിനന്ദനങ്ങൾ! ഇപ്പോഴുള്ള സർക്കാരുകളും മുൻ സർക്കാരുകളും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഈ മഹത് സംരംഭം നടപ്പിലാക്കുവാൻ. മെട്രോമാൻ ശ്രീ. ഇ ശ്രീധരന്റെ നിശ്ചയദാർഢ്യമാണ് സമയബന്ധിതമായി തന്നെ ഒന്നാം ഘട്ടം പൂർത്തീകരിക്കുവാൻ കഴിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതെ വൻകിട പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കാൻ കഴിയുമെന്ന് ഇതിനോടകം പലതവണ തെളിയിച്ച മെട്രോമാൻ ഈ രാജ്യത്തിൻറെ പരമോന്നത ബഹുമതിക്ക് അർഹനാണ്. ജനഹൃദയങ്ങളിൽ  ചിരകാല പ്രതിഷ്‌ഠ നേടിയ അദ്ദേഹം വരും തലമുറയ്ക്ക് കൃത്യനിഷ്ഠയോടെയുള്ള കാര്യനിർവ്വഹണത്തിൽ ഒരു മാതൃക തന്നെയാണ്. 

കൊച്ചി മെട്രോ ഒന്നാം ഭാഗം മാത്രമേ ആയിട്ടുള്ളു. രണ്ടും മൂന്നും ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. മാത്രവുമല്ല, കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ, പൊതുജനത്തിന് പ്രയോജനപ്രദമാകണമെങ്കിൽ അത് ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കണം. അല്ലെങ്കിൽ ഇത് ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഒരു കാഴ്ചവസ്തുവായി മാറും. പാലക്കാട്. കോഴിക്കോട്, തൃശൂർ ഭാഗത്തുനിന്നും ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ആലുവയിൽ ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിൽ നിന്നും കൊച്ചി  മെട്രോയിൽ കയറി നഗരത്തിലൂടെ യാത്രചെയ്യാനാകണം. അതുപോലെ തന്നെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ഭാഗത്തു നിന്നും വരുന്നവർക്ക് തൃപ്പൂണിത്തുറയിൽ ഇറങ്ങി കൊച്ചി മെട്രോയിൽ കയറാനാകണം. രണ്ടു ഭാഗത്തും റെയിൽവേ സ്റ്റേഷനിൽ അകത്തെ പ്ലാറ്റുഫോം ആയി ബന്ധിപ്പിക്കാൻ അടിയന്തിര നടപടിയുണ്ടാകണം. സാധാരണ ട്രെയിൻ നിർത്തുന്ന പ്ലാറ്റുഫോമിനു മുകളിൽ മെട്രോ സ്റ്റേഷൻ വരണം. ഇല്ലെങ്കിൽ "ആനയെ വാങ്ങി, തോട്ടി വാങ്ങാൻ കാശില്ല" എന്നുപറഞ്ഞ പോലെയാവും.  ഇത്രയും മുതൽമുടക്കിൽ ഈ ബ്രഹത്ത് സംരഭം വരുമ്പോൾ, ഇത് ശ്രദ്ധിക്കണമെന്ന് കേരള -കേന്ദ്ര സർക്കാരുകളോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

Thursday, June 8, 2017

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്!!

എറണാകുളം എം.എൽ.എ ശ്രീ.ഹൈബി ഈഡൻ മുട്ടോളം വെള്ളത്തിൽ നിൽക്കുന്ന കാഴ്ച്ച പത്രത്തിൽ കണ്ടത് വളരെ ഇഷ്ടപ്പെട്ടു. മെട്രോയുടെ ഹൈ സ്പീഡിൽ കുതിക്കുന്ന എറണാകുളത്തെ മഴവെള്ളക്കെട്ട് വർഷങ്ങളായി യാതൊരു പരിഹാരവുമില്ലാതെ കിടക്കുന്നു. എല്ലാവർഷവും കാലവർഷം തുടങ്ങുമ്പോൾ തന്നെ കൊച്ചി നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങുന്നു. എറണാകുളം സൗത്ത് റെയിൽ വേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും പുറത്തുകടക്കാനാവാത്തവിധം വെള്ളം കെട്ടിക്കിടക്കുന്നത് ദൂരെ നിന്നും വരുന്ന യാത്രക്കാർക്ക് പോലും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

രാഷ്ട്രീയക്കാർക്ക് മുണ്ടു മടക്കിക്കുത്തി 'ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണല്' എന്നപോലെ വെള്ളത്തിന് നടുവിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാം. പക്ഷെ ഓരോ ഓഫീസിലും പോകുന്ന, ഓഫീസ് ഡ്രസ്സ് കോഡിന്റെ ഭാഗമായി പാന്റ്സും ഷൂസും ധരിക്കുന്ന സ്ഥിരം യാത്രക്കാർ ഈ മുട്ടോളം വെള്ളത്തിൽ എന്തുചെയ്യാൻ? ഓടയിലും കാനയിലും നിന്ന് മനുഷ്യമലം അടക്കമുള്ള മാലിന്യവും അഴുക്കും ഈ മഴക്കാലത്ത് റോഡിലേക്ക് ഒഴുകി വൃത്തികേടാകുകയും ജനങ്ങൾ ഈ അഴുക്കുചാൽ നീന്തി നടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമ്പോൾ കൊച്ചി മെട്രോ എങ്ങിനെ സ്മാർട്ട് സിറ്റിയാകും? കൊച്ചിയുടെ കനാലുകളും കാനകളും അടച്ചുകെട്ടുകയും മാലിന്യ നിക്ഷേപകേന്ദ്രമാക്കുകയും ചെയ്യുന്ന വാണിജ്യ -വ്യവസായ സ്ഥാപനങ്ങൾ നിർബാധം ഇത് തുടരുന്നത് അധികൃതരുടെ അനാസ്ഥമൂലമാണ്.

വൻകിട ആശുപത്രികളുടെ യടക്കം മാലിന്യക്കുഴലുകൾ നീളുന്നത് കൊച്ചിയുടെ സിരകളായ ഈ കനലുകളിലേക്കാണ് എന്നുള്ളത് വളരെ ദുഖകരമായ സത്യമാണ്. ഇനിയും ഇത് തുടർന്നുപോയാൽ കൊച്ചി പകർച്ചവ്യാധികളുടെ തലസ്ഥാനമായി മാറും. ആരോഗ്യവകുപ്പും നഗരസഭയും പൊതുമരാമത്തുവകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കാൻ, അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജനപ്രതിനിധികൾ ആത്മാർഥമായി ഇത്തരം പ്രശ്നങ്ങളിൽ ഇടപെടണം.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Tuesday, May 30, 2017

സ്‌കൂളുകളിൽ "സ്നാക്സ്" നിരോധിക്കണം

വീണ്ടും ഒരു അധ്യയനവർഷം ആരംഭിക്കുകയാണല്ലോ, അടിയന്തിരമായി "സ്നാക്സ്" സ്‌കൂളിൽ കൊണ്ടുവരുന്ന ശീലം നിയ്രന്തിക്കേണ്ടിയിരിക്കുന്നു. 

ടീച്ചർമാർ പറഞ്ഞുകൊടുത്തും കുട്ടികൾ ചൊല്ലിപ്പഠിച്ചും അമ്മമാർ ഹൃദ്ദിസ്ഥമാക്കിയ പദമാണ് "സ്നാക്സ്" ആരോഗ്യപരമായി  യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ ബേക്കറി പലഹാരങ്ങൾ ആണ് "സ്നാക്സ്" എന്നപേരിൽ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കൊടുത്തുവിടാൻ നിർബന്ധിതരാവുന്നത്. ശരിക്കും ആലോചിച്ചാൽ ഇതിന്റെ ആവശ്യമെന്താണ്? രാവിലെ പ്രാതലും, പിന്നെ സ്‌കൂളിൽ വച്ച് ഉച്ചഭക്ഷണവും രാത്രി വീട്ടിൽ അത്താഴവും അതിനിടയ്ക്ക് നാലുമണി പലഹാരവും (അമിത ഭക്ഷണം) കഴിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് എന്തിനാണ് "സ്നാക്സ്" എന്നപേരിൽ ഈ അനാരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തികൊടുക്കുന്നത്? 

പോഷകാഹാരം രണ്ടുനേരം നന്നായി കഴിക്കുന്ന കുട്ടികളെക്കുറിച്ച് അമ്മമാർ വേവലാതിപ്പെടേണ്ട ആവശ്യം ഒട്ടും തന്നെയില്ല. ബേക്കറി പലഹാരങ്ങൾ 
പരമാവധി ഒഴിവാക്കുക. സംസ്ഥാനസർക്കാർ മുകൈയെടുത്ത് സ്കൂകുകളിൽ സ്നാക്സ് ഫുഡ് കൊണ്ടുവരുന്നത് നിരോധിക്കണം. സ്നാക്സ് കൊണ്ടുവരാൻ /കൊടുത്തുവിടാൻ നിർബന്ധിക്കുന്ന അധ്യാപകരെ വിലക്കണം. ബിസ്കറ്റ്, മിട്ടായി,ചോക്ക്ലേറ്റ്, കേക്കുകൾ, തുടങ്ങിയ ബേക്കറി പലഹാരങ്ങൾ കുട്ടികളെ പിരിപിരുപ്പൻ (Hyperactive)  സ്വഭാവമുള്ളവരും കാലക്രമേണ നിത്യരോഗികളും ആക്കിമാറ്റുന്നു.   

കുട്ടികൾ ചോറും കറിയും ചപ്പാത്തിയും ഒക്കെ കഴിച്ചു ആരോഗ്യമുള്ളവരായി വളരട്ടെ. സ്നാക്സ് നമുക്ക് വേണ്ടേ വേണ്ട!!

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷൻ!!

125 കൊല്ലത്തിൽ പരം വർഷത്തെ പാരമ്പര്യം പറയാനുള്ള കേരളത്തിലെ ആദ്യകാല റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടൌൺ അഥവാ നോർത്ത് റെയിൽവേ സ്റ്റേഷൻ.  ഏകദേശം 15 വർഷം മുൻപ് പുതുക്കി പണിത ഈ സ്റ്റേഷൻ ഇന്നും കഷ്ടതകളുടെ നടുവിലാണ്. പ്രധാന പ്ലാറ്റ്‌ഫോം ആയ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോം പോലും മുഴുവനായി മേൽക്കൂര പണിതുതീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല! ടിക്കറ്റ് കൗണ്ടറിനും ട്രെയിൻ കയറുന്നതിനു ഇടയിൽ മേൽക്കൂര ഇല്ലാത്ത പ്ലാറ്റുഫോം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെയാണ് കഷ്ടപ്പെടുത്തുന്നത്. പ്രത്യേകിച്ചും മഴക്കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത്, രാത്രിയിൽ മലബാർ എക്സ്പ്രസ്സിനും മറ്റും വന്നിറങ്ങുന്ന യാത്രക്കാർ മേൽക്കൂരയില്ലാത്ത പ്ലാറ്റഫോമിലൂടെ ഇരുട്ടത്ത് ഓടി കരപറ്റുന്നത് നിത്യകാഴ്ചയാണ്. മെട്രോയും ബുള്ളെറ്റ് ട്രെയിനും കൊട്ടിഘോഷിക്കുമ്പോൾ യാത്രക്കാരുടെ ഈ കഷ്ടപ്പാട് റെയിവേ കാണാതെ പോകുന്നതെന്തേ? നിസ്സാരമായ ഒരു പ്ലാറ്റഫോം മേൽക്കൂര പണിതു പൂർത്തിയാക്കാനാവാത്ത റെയിവേ അധികൃതർ ലജ്ജിക്കേണ്ടിയിരിക്കുന്നു. 

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Sunday, February 12, 2017

രാത്രിയോഗങ്ങളും സ്ത്രീകളും

സ്ത്രീയും പുരുഷനും ഒരിക്കലും തുല്യരല്ല, തുല്യരായി കാണാനുമാവില്ല. പക്ഷെ പരസ്പര പൂരകങ്ങളാണ്‌. മറിച്ചു പറഞ്ഞാൽ കുറച്ചു സഹാനുഭൂതിയുണ്ടാവും, കൈയടിയും കിട്ടും. പക്ഷെ ലോകത്തൊരിടത്തും ഒരു മതവും രാഷ്ട്രവും രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും തത്വശാസ്ത്രങ്ങളും സ്ത്രീയ്ക്ക് തുല്യപദവി നൽികിയിട്ടില്ല.

ക്രിസ്തുവിന്റെ ശിഷ്യന്മാർ എല്ലാവരും പുരുഷന്മാർ ആയിരുന്നു. സ്ത്രീകൾക്ക് മോസ്കിലും പള്ളികളിലെ അൾത്താരയിലും പ്രവേശനമില്ല. പൗരോഹിത്യവും പൂജാവിധികളും പുരുഷ മേല്കോയ്മയാണ്.

ഇത് മത-രാഷ്ട്രീയ ചിന്താഗതി മാത്രമല്ല. തൊഴിലിടങ്ങൾ പരിശോധിക്കൂ - ഡ്രൈവർ മുതൽ പൈലറ്റ് വരെയുള്ള തൊഴിലുകളിൽ കർശനമായി 50 % സ്ത്രീസംവരണം നടപ്പിലാക്കിയാൽ എന്താവും സ്ഥിതി?

പുരുഷൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്യണം, പുരുഷന്മാർ പോകുന്നിടതിക്കെ പോകണം ഇതല്ല ശരിയായ സ്ത്രീ സമത്വം / ശാക്തീകരണം. താരതമ്യപ്പെടുത്തൽ ഒഴിവാക്കി സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞു സമൂഹത്തിൽ വ്യാപാരിക്കലാണ് ശാക്തീകരണം.

പുരുഷന്മാർക്കൊപ്പം ശബരിമലയ്ക്കു പോകാത്തതുകൊണ്ടോ മാരാമണിൽ  രാത്രിയോഗങ്ങളിൽ പങ്കെടുക്കാതിരുന്നതുകൊണ്ടോ ബിവറേജസിൽ ക്യൂ നിൽക്കാൻ കഴിയാത്തതുകൊണ്ടോ ഇല്ലാതാവുന്നതല്ല സ്ത്രീത്വത്തിന്റെ ശക്തി. മാതൃത്വം ഒന്ന് മാത്രം മതി 'സ്ത്രീശക്തി' മനസിലാക്കാനും ബഹുമാനിക്കാനും.  

Friday, February 3, 2017

നോട്ടുപിൻവലിക്കലും ബാങ്ക് ഫീസും

നോട്ടുപിൻവലിക്കൽ ഇന്ത്യ കണ്ട ഏറ്റവും ധീരമായ നടപടിയാണ്. നികുതിവെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനും ആഗ്രഹിക്കുന്നവർ പരമാവധി സാമ്പത്തീക ഇടപാടുകൾ കറൻസി നോട്ടു വഴി മാത്രമേ നടത്താറുള്ളൂ, എന്നത് പകൽ പോലെ യാഥാർഥ്യമാണ്. ഇതിനു അറുതി വരേണ്ടതും ബാങ്കിങ് / ഡിജിറ്റൽ സാമ്പത്തീക ഇടപാടുകൾ പ്രോത്സാഹിപ്പിക്കേണ്ടതും രാജ്യസുരക്ഷയ്ക്കും പണപ്പെരുപ്പം കുറയ്ക്കുന്നതിനും അത്യാവശ്യമാണ്. 

പക്ഷെ കറൻസി രഹിത സമൂഹത്തെ ക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാൽ ഓൺലൈൻ / ഡിജിറ്റൽ ഇടപാടുകൾക്ക് വലിയ കമ്മീഷൻ ഈടാക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ഓൺലൈൻ പേയ്മെന്റ്, ഫണ്ട് ട്രാൻസ്ഫർ, നെഫ്ട്, ആർ.ജി.ടി.എസ് ഇടപാടുകൾ, ബില്ല് പേയ്മെന്റ്, ടിക്കറ്റ് ബുക്കിംഗ് എന്നിവയ്‌ക്കെല്ലാം അന്യായ ഫീസാണ് ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഈടാക്കുന്നത്. നോട്ടിടപാടുകൾ കുറച്ചുകൊണ്ട് ഇന്ത്യൻ സാമ്പത്തികരംഗം ഡിജിറ്റൽ ആക്കണമെങ്കിൽ സർക്കാർ ശക്തമായി ഇടപെടണം. ബാങ്കിങ് / ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പ്രത്യേക ഇളവുകളും സമ്മാനങ്ങളും നൽകണം. നിലവിലുള്ള സർവീസ് ചാർജുകളും ട്രാൻസാക്ഷൻ ഫീസുകളും പൂർണമായും എടുത്തു കളയണം. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുമ്പോൾ നിലവിലുള്ള ഫീസ് ഉടനടി എടുത്തുകളയണം. 

ബി.എസ.എൻ.എൽ , കെ.എസ.ഇ.ബി, എൽ.ഐ.സി, ഗ്യാസ് ബുക്കിംഗ് എന്നിവ ഓൺലൈൻ ആയി നടത്തുന്നവർക്ക് ഡിസ്‌കൗണ്ട് നൽകി പ്രോത്സാഹിപ്പിക്കണം. നിലവിൽ ഡിജിറ്റൽ ട്രാന്സാക്ഷൻസ് സാധാരണക്കാരന് ഭാരമാണ്, ഇത് എത്രയും പെട്ടെന്ന് ചാർജ്ജുകൾ ഒഴിവാക്കി, എളുപ്പമാക്കണമെന്നു അഭ്യർത്ഥിക്കുന്നു.     


ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html