ഞാന്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ ബുള്ളെറ്റ് ട്രെയിന്‍ സര്‍വ്വീസിനെക്കുറിച്ച് കേട്ടിട്ടുണ്ട്. കൊച്ചി മെട്രോ വരും വരും എന്ന് പറയുന്നു, എന്നാല്‍ ഇത് നടക്കില്ല എന്ന് തന്നെയാണ് എന്റെ പൂര്‍ണ വിശ്വാസം. കേരളത്തിന്റെ പ്രകൃതിക്കും, കാലാവസ്ഥയ്ക്കും ആളുകളുടെ മനോഭാവത്തിനും ഈ കൊച്ചി മെട്രോ ചേരുന്നതല്ല. അധികവും മഴക്കലമാണല്ലോ, കേരളത്തില്‍ അപ്പോള്‍ ഈ ട്രെയിനില്‍ കയറി യാത്ര ചെയ്യാന്‍ ഒന്നും മലയാളി തുനിയില്ല. ആട്ടോയും കാറും ബൈക്കും മാറ്റി വച്ച് കുറച്ചു ദൂരം യാത്ര ചെയ്യാന്‍ നമ്മുടെ മലയാളി തുനിയില്ല! അതുകൊണ്ട് തന്നെ ഇത് വന്നാലും ഒരു പരാജയം ആയിരിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഉള്ളപോലെ ദിനവും വലിയൊരു ജനസംഖ്യ പൊതുയാത്ര സംവിധാനങ്ങളെ ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന് ഇവിടെ വോള്‍വോ എ.സി ബസ്സ് ഓടിതുടങ്ങിയിട്ടു ആറുമാസത്തിനു മേലെയായി, ഇപ്പോഴും അത് പരാജയം ആണ്. മറ്റു മെട്രോകളിലെ പോലെ ജനസാന്ദ്രത ഒരു പ്രദേശത്ത് മാത്രം തിങ്ങി നിറഞ്ഞു നില്‍ക്കുകയല്ല കേരളത്തില്‍. കേരളം മൊത്തത്തില്‍ ഒരു മെട്രോ ആണ്. ഇവിടെ നഗരവും ഗ്രാമവും തമ്മില്‍ വേര്‍തിരിക്കാന്‍ പ്രയാസം ആണ്. ഉദാ: ചെന്നൈ നഗരത്തില്‍ നിന്നും 25-30 കി.മി. പുറത്തേക്കു സഞ്ചരിച്ചാല്‍ തുറസായ ഭൂമി കാണാം. എന്നാല്‍ കൊച്ചിയില്‍ ഇത് പോലെ പുറത്തേക്കു പോയാല്‍ പിറവം, കൂത്താട്ടുകുളം, പാലാ അല്ലെങ്കില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കിഴക്കമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു.
ഇനി ഇതിലെ അഴിമതിയെക്കുറിച്ച് അല്പം. ഇന്ത്യയില്‍ മെട്രോ നിര്‍മ്മിക്കാന്‍ ഈ ഒരു ശ്രീധരന്‍ മാത്രമേ ഉള്ളൂ എന്ന ധാരണ തെറ്റാണ്. വേറെയും ശ്രീധരന്മാര്‍ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. ജപ്പാനിലും സിംഗപൂരും ഡി.എം.ആര്‍.സി -യേക്കാള്‍ പ്രഗല്‍ഭ കമ്പനികള്‍ ഉണ്ടാവാം, ഉണ്ട്. ശ്രീധരനും ഡല്‍ഹി മെട്രോയും ഇല്ലെങ്കില്‍ ഇവിടെ പ്രളയം എന്ന് ധരിക്കുന്നത് തെറ്റല്ലേ? പിന്നെ ഭരിക്കുന്ന പാര്‍ട്ടി ഇതില്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പണം വേണ്ടേ? പാര്‍ട്ടി നന്നാക്കാനും നേതാക്കന്മാരുടെ വീട് നന്നാക്കാനും! അല്ലാതെ ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമിട്ട് ഭരിക്കുന്ന/ ഭരിക്കാന്‍ താല്പര്യമുള്ള ഒരു രാഷ്ട്രീയ പാര്‍ടിയെ കാണിച്ചു തരൂ. ഞാന്‍ എന്റെ തല മൊട്ടയടിക്കാം!! വലതായാലും ഇടതായാലും കാവി ആയാലും അഴിമതി അവരുടെ കൂടെയില്ലേ? ഇതൊരു പദ്ധതിയും പ്രഖ്യാപിക്കുമ്പോള്‍ അതില്‍ നിന്നും തങ്ങള്‍ക്കു എന്ത് കിട്ടും എന്നല്ലേ എല്ലാവരുടെയും ചിന്ത? പണ്ട് രാജീവ് ഗാന്ധി പ്രഥാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 100 രൂപ വികസനത്തിന് വേണ്ടി നീക്കി വയ്ക്കുമ്പോള്‍ ജനങ്ങളില്‍ എത്തുന്നത് 17 രൂപ മാത്രമാണെന്ന്. അതില്‍ പദ്ധതി ചെലവും, കാലതാമസത്തിന്റെ നഷ്ടവും ഉദ്യോഗസ്ഥരുടെ കിഴിവും രാഷ്ട്രീയക്കാരന്റെ കഴിവും ഒക്കെ കൂടും.
അപ്പോള്‍ പിന്നെ 5500 കോടി രൂപ വകയിരുത്തിയ കൊച്ചി മെട്രോ പണിയുമ്പോള്‍ ഭരിക്കുന്നവര്‍ക്കും കിട്ടണ്ടേ ചായക്കാശ്?? ഈ ഭരണത്തില്‍ പണി തീര്‍ന്നാല്‍ വലതന്മാര്‍ മാത്രം അനുഭവിക്കും. പണി നീട്ടി കൊണ്ടോയാല്‍ ചിലപ്പോള്‍ ഇടതനും കിട്ടും ഗുണം. നല്ല അഴിമതിക്കാരാണ് നല്ല വികസന നായകന്മാര്‍ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഉദാ: കെ.കരുണാകരന്‍ അന്തോണിയും അച്ചുമാമയും മാത്രം ഭരിച്ചിരുന്നെങ്കില്‍ ഈ നെടുമ്പാശ്ശേരിയും കലൂര്‍ സ്റ്റേഡിയവും ഗോശ്രീ പാലങ്ങളും ഉണ്ടാകുമായിരുന്നോ?
ഇന്ത്യയില്‍ രാജ്യ രക്ഷയ്ക്കെന്ന വ്യാജേന നാം വാങ്ങി കൂട്ടുന്ന ആയുധങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവയ്ക്ക് എത്ര ആയിരം കോടി രൂപയാണ് ചെലവാക്കുന്നത്? അന്തോണി പുണ്യാളന്‍ നടത്തുന്ന ഈ ഇടപാടുകളില്‍ അഴിമതി അല്ലാതെ മറ്റെന്താണുള്ളത്? (ആരു മന്ത്രിയായാലും രക്ഷയില്ല!!). പാകിസ്ഥാന്‍ ആക്രമണം, ചൈന പ്രതിരോധം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു നാം വാങ്ങി കൂട്ടുന്നത് ലക്ഷം കോടി രൂപയുടെ പഴയ യുദ്ധസാമഗ്രികള്‍ ആണ്. ഇനിയിപ്പോള്‍ ഭരണം മാറി കവിയോ, ഇടതോ വന്നെന്നു വിചാരിക്കുക, അപ്പോള്‍ ഇതിനു മാറ്റം ഉണ്ടാവുമോ? അവരും ഈ ചക്കരകുടത്തില്‍ കയ്യിടും, നക്കും. തീവ്രവാദവും യുദ്ധഭീഷണിയും പറഞ്ഞു ഈ വാങ്ങിക്കൂട്ടുന്നതൊക്കെ രാജ്യസ്നേഹം കൊണ്ടല്ല, മറിച്ചു കമ്മീഷന്‍ മോഹിച്ചു തന്നെയല്ലേ?
കൊച്ചി മെട്രോയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം, ഡി.എം.ആര്‍.സി യെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണ് എന്നൊക്കെ പറഞ്ഞുള്ള കോലാഹലം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതൊക്കെ കേട്ടപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിച്ചു പോയി. വികസനത്തിന്റെ ഭാഗമാണ് കമ്മീഷന്‍//// അഴിമതി. പിന്നെതിനാണ് സാറന്മാരെ ഈ പുറാട്ട് നാടകങ്ങള്‍!!??
2ജി /3ജി കുംബകോണങ്ങള്‍ പോലെ കുറച്ചു വര്‍ഷം കഴിയുമ്പോള്‍ പുറത്തു വരും ചെന്നൈ, ബംഗ്ലൂര്‍, കൊച്ചി കുംബകോണകഥകള്‍!.