പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, November 5, 2020

ഒഴിവാക്കാവുന്ന രക്തസാക്ഷിത്വം:

കഴിഞ്ഞ ദിവസം അകാലചരമം പ്രാപിച്ച യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ,  ശ്രീ  പി ബിജു വളരെ ഊർജ്ജസ്വലനായ ഒരു പൊതുപ്രവർത്തകൻ ആയിരുന്നു. പല വേദികളിലും നിറഞ്ഞു നിന്ന യുവസാന്നിദ്ധ്യം, ഒരു സുപ്രഭാതത്തിൽ അണഞ്ഞു പോയത് പലർക്കും ഇനിയും വിശ്വസിക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തെ നേരിട്ട് പരിചയം ഉള്ളവർക്കെല്ലാം വളരെ നല്ലതേ പറയാനുള്ളൂ, രാഷ്ട്രീയപരമായി എതിർ അഭിപ്രായം ഉള്ളവർ പോലും അദ്ദേഹത്തിന്റെ നേതൃത്വ പാടവം, അർപ്പണ മനോഭാവം, സേവന സന്നദ്ധത ഇവയൊക്കെ പൂർണ്ണമായും അംഗീകരിക്കും. ഈ മരണം ഓർമ്മപ്പെടുത്തുന്ന ചില ചിന്തകൾ പങ്കുവയ്ക്കുന്നു. രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകൾ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണു ഇതെഴുതുന്നത്. സാമൂഹ്യ സേവനത്തിൽ ആകൃഷ്ടരായി സേവന സന്നദ്ധതയോടെ സ്വയമേവ ഇറങ്ങിവരുന്ന ചെറുപ്പക്കാരെ സംരക്ഷിക്കേണ്ട ചുമതല ഈ പറഞ്ഞ എല്ലാ പ്രസ്ഥാങ്ങൾക്കും ഉണ്ട്, അത് ജോലി കൊടുക്കൽ, സ്ഥാനമാനങ്ങൾ നൽകൽ, സാമ്പത്തീക സഹായം ഒന്നും അല്ല മറിച്ച് ആ വ്യക്തിയുടെ ആരോഗ്യം, കുടുംബം, ബന്ധങ്ങൾ ഇവ സംരക്ഷിക്ക പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ശാരീരിക മാനസീക ആരോഗ്യം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ കഴിഞ്ഞ ആറുമാസം, കൊറോണ കാലത്ത് ആറിലധികം യുവനേതാക്കളെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഊണും ഉറക്കവും ഉപേക്ഷിച്ച് പൊതുപ്രവർത്തനം എന്ന ശൈലി നമ്മൾ കേട്ട് പഴകിയതാണ്. എന്നാൽ ഇന്നും സ്വന്തം ആരോഗ്യം വകവയ്ക്കാതെ താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഭരമേൽപിക്കുന്ന ജോലികൾ, ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അഹോരാത്രം പണിയെടുക്കുന്ന നിഷ്കളങ്കരായ ആത്മാർത്ഥതയുള്ള യുവാക്കളെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് സ്വന്തം കുടുംബത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ പ്രസ്ഥാനങ്ങളും അതിലെ തലമുതിർന്ന നേതാക്കന്മാരും ശ്രദ്ധിക്കണം. പ്രതിഭാ ധനരായ, അദ്ധ്വാന ശീലരായ ആത്മാർത്ഥതയുള്ള യുവാക്കൾക്ക് മുകളിൽ സംഘടനകളുടെ ഭാരം കയറ്റി വയ്ക്കുന്ന പ്രവണത എല്ലാ സ്ഥലങ്ങളിലും എല്ലാ കക്ഷികളിലും കാണപ്പെടുന്നുണ്ട്. ഒരേ ആൾ തന്നെ വിവിധ പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് ആരോഹണപ്പെടുകയും ചുക്കാൻ പിടിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്ന കാഴ്ച സർവ്വ സാധാരണമാണ്. പ്രത്യേകിച്ചും പുരോഗമന സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള യുവാക്കൾ കുറഞ്ഞു വരുന്ന ഈ കാലയളവിൽ അതിലേക്ക് ആത്മാർഥമായി ഇറങ്ങുന്ന ചുരുക്കം പേരുടെ തലയിൽ നാട്ടിലെ എല്ലാ പ്രസ്ഥാനങ്ങളും കമ്മിറ്റികളും കയറ്റി വയ്ക്കും. പുതിയ തൊഴിൽ സംസ്കാരവും വർദ്ധിച്ച സ്വകാര്യ മേഖലയിലെ ജോലി സാധ്യതകളും മൂലം  പൊതു പ്രവർത്തനത്തിൽ തല്പരരായ വ്യക്തികളുടെ എണ്ണം വളരെ കുറഞ്ഞു വരുന്നുണ്ട്. സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികളുടെ ആരോഗ്യവും വളർച്ചയും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വം ആയി കാണണം. നാളത്തെ നല്ല നേതാക്കന്മാരെ നമുക്ക് നഷ്ടപ്പെടുത്തി കൂടാ. സമയത്തുള്ള ആഹാരം,ശരിയായ  വിശ്രമം,ചിട്ടയായ  വ്യായാമം ഇവ മുടക്കാതെ ഒരു  ജീവിതം പൊതുപ്രവർത്തകരുടെയും അവകാശമാണ്. 


ജോസി വർക്കി 
ചാത്തങ്കേരിൽ 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html