പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, April 24, 2021

വാക്സിൻ ഉന്തും തള്ളും:

 വാക്സിൻ ഉന്തും തള്ളും:

ഇപ്പോൾ വാക്സിൻ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ തോതിൽ ഉന്തും തള്ളും നടത്തി കൊണ്ടിരിക്കുകയാണല്ലോ.
എത്ര വലിയ മഹാമാരി വന്നാലും മതപരമായ, രാഷ്ട്രീയ പരമായ ചെളിവാരി എറിയുന്നത് മനുഷ്യ സഹജമാണ് എന്നു മനസ്സിലാക്കാം. സ്വന്തം മതത്തെയും രാഷ്ട്രീയ പാർട്ടിയെയും അന്ധമായി വിശ്വസിക്കുന്ന ചില അണികൾ ഇപ്പോൾ തെരുവിൽ തല്ലി മരിക്കുന്നതിന് പകരം, സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്പരം പഴിചാരിയും തേജോവധം ചെയ്തും രസിക്കുന്നു!
എന്നാൽ ഞാൻ  ഇവിടെ കുറിക്കാൻ ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ എല്ലാ ജില്ലകളിലും കാണുന്ന വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഉന്തും തള്ളും കാഴ്ചകളെ കുറിച്ചാണ്. സിനിമ റിലീസിനെ വെല്ലുന്ന തിക്കും തിരക്കും ബഹളവും ആണ് നമ്മുടെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ദിവസങ്ങളിൽ കണ്ടത്.
തീർച്ചയായും ഒഴിവാക്കേണ്ട /ഒഴിവാക്കാമായിരുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ആണ് നമ്മുടെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ നടക്കുന്നത്. കേരളം പോലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉയർന്നു നിൽക്കുന്ന ഒരു ദേശത്തിന് നാണക്കേടാണ് ഈ ബഹളങ്ങൾ.
ചിലയാഥാർഥ്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്,
1) കോവിഡ് വാക്സിന് ക്ഷാമമുണ്ട്, അത് എല്ലാ ജനങ്ങളിലും എത്തിക്കുക ശ്രമകരമായ ഒരു വലിയ യജ്ഞമാണ്. പൊതുജനം സഹകരിച്ചാൽ മാത്രമേ വാക്സിൻ വിതരണം നല്ല രീതിയിൽ നടത്താൻ കഴിയൂ
2) ഇന്ത്യയിൽ ഇതുവരെ രണ്ടുഡോസും എടുത്തവർ  കേവലം 1 % വും ഒരു ഡോസെങ്കിലും എടുത്തവർ 8 % മാത്രമാണ്. കുറഞ്ഞത് 6 മാസം എങ്കിലും എടുക്കും നമ്മുടെ പകുതി ലക്ഷ്യം എങ്കിലും  കൈവരിക്കാൻ
3) ഇതിനിടയിൽ ആണ് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും അടുത്ത ആഴ്ച്ച മുതൽ വാക്സിൻ കൊടുക്കും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണിത്. ഇനിയും തിക്കും തിരക്കും കൂടുകയും കയ്യൂക്കുള്ളവൻ കാര്യക്കാരൻ (പണം, പിടിപാട്) എന്ന രീതിയിൽ കാര്യങ്ങൾ പോകും
4)വാക്സിൻ ഇറങ്ങിയ സന്ദർഭത്തിൽ പറഞ്ഞ വാചകങ്ങൾ ഓർമ്മിപ്പിക്കുകയാണ് - മുതിർന്ന പൗരന്മാർക്കും, രോഗികൾക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്കും മാറ്റ് ഗൗരവ രോഗങ്ങൾ ഉള്ള വർക്കും മുൻഗണന നൽകണം  (ഹൃദ്രോഗം, കിഡ്‌നി, കരൾ രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം  മുതലാവ)
5) ആരോഗ്യമുള്ള ചെറുപ്പക്കാർ (ഗൗരവ രോഗങ്ങൾക്ക് ചികിത്സ എടുക്കാത്ത) സ്വയം മാറി നിന്ന് മുൻഗണനാ വിഭാഗങ്ങൾക്ക് തിരക്കില്ലാത്ത വാക്സിനേഷൻ സ്വീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം
6 ) ഒരു കാരണ വശാലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഉത്സവ പറമ്പ് പോലെ ആകരുത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വേണം വിതരണം നടത്താൻ
7) മുതിർന്ന പൗരന്മാരെ വലയ്ക്കരുത്, വളരെ നേരം ക്യുവിൽ നിർത്തിയും വെയിലത്ത് നിർത്തിയും ഇരിപ്പിടം കൊടുക്കാതെയും പ്രായാധിക്യമുള്ള 70 തും 80 തും വയസ്സ് പ്രായമുള്ള നമ്മുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പീഡിപ്പിക്കുന്നത് കേരളത്തിന് ഭൂഷണമല്ല
8) ബീവറേജസ് മദ്യവിതരണത്തിനു ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ /ആപ്പ് ഇവിടെ ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ അതുപോലെ ഒരു ആപ്പ് ഉണ്ടാക്കാൻ മണിക്കൂറുകൾ മതി
9) നിസ്സാരമായി ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ /ആശാ വർക്കർ ഒരു ഫോണും 100 പേജിന്റെ നോട്ട് ബുക്കും ആയി ഇരുന്നാൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തി സമയക്രമം കൊടുത്ത് ഈ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു
10) ഒരു മണിക്കൂറിൽ പത്തോ ഇരുപതോ പേർക്ക് മാത്രം സമയം കൊടുക്കാമല്ലോ, ജീവനക്കാരുടെ എണ്ണം അനുസരിച്ച്. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ ഇതുപോലെ സമയക്രമം കൊടുത്താൽ ഏതു തിരക്കും നിസ്സാരമായി നിയന്ത്രിക്കാം.
11) കേന്ദ്ര സർക്കാർ ഓൺലൈൻ പണമിടപാടുകൾക്ക് 5 % എങ്കിലും റീവാർഡ് /റീഫണ്ട് കൊടുത്ത് ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ നികുതി പിരിവ്, ഫീസ് അടക്കൽ മുതലായവ ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കണം. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം 
12) സംസ്ഥാന സർക്കാർ റേഷൻ കട, മദ്യ വില്പന കേന്ദ്രങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കണം. (ചില ദിവസങ്ങളിൽ കൂട്ട തിരക്ക് മറ്റു ദിവസങ്ങളിൽ കാലിയായ അവസ്ഥ ഈ ഇടങ്ങളിൽ കാണുന്നുണ്ട്)  പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം 

ഇന്ത്യയിൽ 1 % എന്ന കണക്ക് 50 % എങ്കിലും ആകണമെങ്കിൽ ആറുമാസം മുതൽ ഒരു വർഷം വരെ എടുത്തേക്കാം . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ സ്വയം മാറി നിന്ന് മുൻഗണന വിഭാഗത്തിൽ വരുന്ന കൊറോണ ബാധിച്ചാൽ മാരകമാകാൻ സാധ്യതയുള്ള മറ്റു സഹജീവികൾക്ക് അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
   
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html