വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ : ലോകത്ത് ആകമാനം കൊറോണ വൈറസ് വ്യാപനം മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ, നമ്മൾ പഠിച്ച ചില പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണം പുതിയ ലോകക്രമത്തിലേക്ക് പ്രവേശിക്കുവാൻ. വിദ്യാലയം, വിദ്യാഭ്യാസം, പഠനപ്രക്രിയ തുടങ്ങിയ മേഖലകളിൽ കാതലായ മാറ്റം കൊണ്ടുവരുവാൻ നല്ല ഒരു അവസരമാണ് നമ്മുക്ക് മുന്നിൽ വന്നിരിക്കുന്നത്.
പഠനഭാരം കുറയ്ക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനമായി തോന്നുന്നത്. ഇനിയെങ്കിലും നമ്മുടെ സ്‌കൂൾ സിലബസ് പൊളിച്ചെഴുതാൻ നമ്മൾ തയ്യാറാവണം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ വിദഗ്ദർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സഹകരണം വളരെ ആവശ്യമാണ്. ജീവിത നൈപുണ്യത്തിന് ഉതകാത്ത ഒരു വലിയ സിലബസ് കുട്ടികളുടെ തലയിൽ വച്ചുകെട്ടി, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ ഇപ്പോൾ നല്ല അവസരം ആണ് ലഭിച്ചിരിക്കുന്നത്.
ജീവിത നൈപുണ്യം, ലൈംഗീക വിദ്യാഭ്യാസം, വിവിധ ഭാഷകൾ, മാനസീക ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ സ്‌കൂൾ പഠനത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും നല്ല ബോധ്യമുണ്ട്, ആർക്കും തന്നെ എതിർപ്പുകളില്ല. പക്ഷെ നിലവിലെ കരിക്കുലം വളരെ ബൃഹത് ആയതിനാൽ സിലബസിന് പുറത്തു ജീവിതനൈപുണ്യം പരിശീലിപ്പിക്കാൻ പറഞ്ഞാൽ സ്‌കൂളുകളും അധ്യാപകരും അതിന് തയ്യാറാവുകയില്ല.
കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലവും പുതിയ രീതിയായ ഓൺലൈൻ പഠനം മൂലവും പഠനത്തിൽ വളരെ പിന്നോക്കം പോയിരിക്കുന്ന അവസ്ഥയുണ്ട്. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഒരു ക്‌ളാസ്സിലെ എല്ലാ കുട്ടികളെയും ഒരേ നിരയിലേക്ക് (നിലയിലേക്ക്) കൊണ്ടുവരാൻ സ്‌കൂൾ അധികൃതരുടെ ആത്മാർത്ഥമായ ശ്രമം ഉണ്ടാവണം.
ഓൺലൈൻ പഠനം എന്ന അനന്ത സാധ്യതയാണ് വിവര സാങ്കേതിക വിദ്യ ഈ കൊറോണ കാലത്ത് നമ്മുടെ മുൻപിൽ തുറന്നു തന്നിരിക്കുന്നത്. ഈ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അധ്യാപകസമൂഹം സ്വയം ഡിജിറ്റൽ സങ്കേതങ്ങളിൽ നൈപുണ്യം നേടുകയും, അറിവ് പകരുന്നതിൽ ഓൺലൈൻ ക്‌ളാസ്സുകളുടെ സഹായം പരമാവധി ഉപയോഗിക്കണം. ഇവിടെ നമുക്ക് നഷ്ടമാകുന്ന സാമൂഹ്യബോധം, കൂട്ടായ്മയുടെ പ്രവർത്തങ്ങൾ, വ്യക്തിബന്ധങ്ങൾ, കലാ - കായിക വിനോദങ്ങൾ മുതലായവ യുടെ കുറവ് പരിഹരിക്കാൻ പ്രാദേശിക ഭരണ സംവിധാങ്ങളും കൂട്ടായ്മകളും കുട്ടികൾക്ക് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണം. അധികം യാത്ര വേണ്ടാത്ത പ്രാദേശിക കൂട്ടായ്മകൾ രൂപം കൊടുത്ത് വേണ്ട പരിശീലനം ലഭിച്ച മെന്റർ അധ്യാപകർ ഇതിന് നേതൃത്വം നൽകിയാൽ നന്ന്.
സ്‌കൂളിൽ പോകുമ്പോൾ സ്വായം ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കണം. ഭീതിയില്ലാതെ കളിച്ചു വളരാൻ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അനുവദിക്കണം. നല്ല ആരോഗ്യശീലങ്ങൾ ചെറുപ്പം മുതലേ സ്വായത്തമാക്കിയാൽ രോഗപ്രതിരോധശേഷി കൂട്ടികൊണ്ടുവരുവാൻ സാധിക്കും. നല്ല ഭക്ഷണം, നല്ല വിശ്രമം, നല്ല വ്യായാമം (അദ്ധ്വാനം) ഇവ മൂന്നും ഉണ്ടെങ്കിൽ സ്വന്തം ആരോഗ്യം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വരും തലമുറയെ എങ്കിലും മനസിലാക്കി കൊടുക്കുക. കാശുകൊടുത്ത് മരുന്നും ആശുപത്രി ചികിത്സയും മാത്രമേ ലഭിക്കൂ, ആരോഗ്യം കിട്ടില്ല!! നമ്മൾ കഴിക്കുന്നത് ഭൂരിഭാഗവും മായം കലർന്ന ഭക്ഷണമാണ് എന്ന നഗ്നസത്യം മനസിലാക്കി, വിഷലിപ്തമല്ലാത്ത ആഹാരം ഉല്പാദിപ്പിച്ച് ഭക്ഷണം കഴിക്കാൻ വരും തലമുറയെ പഠിപ്പിക്കാം.
കുട്ടികളിലെ ബഹുമുഖ ബുദ്ധി വൈഭവങ്ങളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവിനും താല്പര്യങ്ങൾക്കും ഇണങ്ങുന്ന പഠന /തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ നമ്മൾ ഇനിയും മടികാണിക്കരുത്. എല്ലാവരും മെഡിക്കൽ, എഞ്ചിനീയറിംഗ് പോലെ സ്ഥിരം മേഖലകൾക്ക് പുറകെ പായുന്ന പ്രവണത ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ നേരായ ദിശയിലേക്ക് വഴിതിരിച്ചു വിടാൻ ധാരാളം ഓൺലൈൻ അഭിരുചി നിർണ്ണയ പരീക്ഷകളും വിദഗ്ദരായ കരിയർ കൗൺസിലർമാരും നിലവിലുണ്ട്. ഇനിയുള്ള കാലത്ത് കുട്ടികളെ അവരുടെ അഭിരുചികൾ മനസ്സിലാക്കാതെ ഏതെങ്കിലും തോന്നുന്ന മേഖലകളിലേക്ക് തള്ളിവിടരുത്. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്ന സാഫല്യത്തിന് കുട്ടികളെ കുരുതി കൊടുക്കരുത്.
വിദ്യാഭ്യാസരംഗം വൻതോതിൽ വ്യവസായവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്. ഓൺലൈൻ ആപ്പുകൾ, എൻട്രൻസ് കോച്ചിങ് മേഖല, സ്വാശ്രയ കോളേജുകൾ /കോഴ്‌സുകൾ, സ്വകാര്യ യൂണിവേഴ്സിറ്റികൾ ഒക്കെയായി രക്ഷിതാക്കളും കുട്ടികളും വലിയ ആശയക്കുഴപ്പത്തിന് നടുവിൽ ആണ് അകപ്പെട്ടിരിക്കുന്നത്. ഇവിടെ ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടണമെങ്കിൽ കീശ കാലിയാകാതെ യിരിക്കണമെങ്കിൽ ശരിയായ യുക്തിബോധവും ശാസ്ത്രചിന്തയും സാമാന്യബുദ്ധിയും ആവശ്യമാണ്. അതിനാവണം നമ്മുടെ സർക്കാരുകളുടെ പ്രഥമ പരിഗണന. സ്‌കൂൾ തലത്തിൽ ഇത്തരം ചിന്താശേഷി വളർത്തികൊണ്ടുവരുവാൻ പരിശ്രമിച്ചാൽ സാധിക്കും.
കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ, സ്ത്രീധന കൊലപാതകങ്ങൾ, പ്രേമനൈരാശ്യം, ലൈംഗീക അറിവില്ലായ്മകൾ, ലിംഗപരമായ അനീതികൾ, പരസ്പര ബഹുമാനമില്ലായ്മ ഒക്കെ കണക്കിലെടുക്കുമ്പോൾ സ്‌കൂൾ വിദ്യാഭ്യാസം ഉടച്ചു വർക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും. ഇനിയും വൈകരുത്, കൊറോണാനന്തരകാലം ഇതുപോലെ വലിയ തിരുത്തലുകൾക്ക് സാധിക്കുന്ന സമയമാണ്.
സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ, കുട്ടികൾ വിദ്യാലയങ്ങളിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വരുമ്പോൾ അവരോട് നീതിപുലർത്താൻ നമുക്ക് ബാധ്യതയുണ്ട്. സർക്കാരിനും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും രക്ഷാകർത്താക്കൾക്കും ഈ വലിയ ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയട്ടെ.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314