പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label education. Show all posts
Showing posts with label education. Show all posts

Tuesday, May 30, 2023

സ്‌കൂൾ തുറക്കുമ്പോൾ :

സ്‌കൂൾ തുറക്കുമ്പോൾ :

കേരളത്തിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ഒരു സംശയം ബാക്കിയുണ്ട്. കേരളത്തിൽ നിലവിൽ എത്ര സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്? കാസർഗോഡ് ജില്ലയിൽ മാത്രം നൂറോളം സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി വാർത്തകളിൽ കണ്ടു. എങ്കിൽ സംസ്ഥാനത്ത് എത്ര സ്‌കൂളുകൾ യാതൊരു ബോർഡിന്റെയും അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടാവും. എന്തുകൊണ്ട് സർക്കാരുകൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. എത്രയോ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിന് അംഗീകാരം ഇല്ല എന്ന യാഥാർഥ്യം അറിയാതെ ഈ സ്കൂളുകളിലേക്ക് അയക്കുന്നു. അടച്ചു പൂട്ടാൻ സർക്കാരിന് സാധിക്കുന്നില്ല എങ്കിൽ, ഇത്തരം സ്‌കൂളുകൾക്ക് മുന്നിൽ അംഗീകാരമില്ല എന്ന ബോർഡ് തൂക്കാൻ നിർദ്ദേശിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും ഉയർന്നു നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഈ സ്‌കൂളുകൾ അപമാനമാണ്. സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ശമ്പളം കൊടുക്കുന്ന പൊതുവിദ്യാലയങ്ങൾ പത്താം ക്‌ളാസ്സുവരെ കുട്ടികളെ കിട്ടാതെ വിഷമിക്കുന്ന ഇക്കാലത്ത് എന്തിന്റെ പേരിൽ ആയാലും അനധികൃത സ്‌കൂളുകൾ നടത്തികൊണ്ടുപോകുവാൻ അനുവദിച്ചുകൂടാ.



ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 

Friday, October 29, 2021

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ

 വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ : ലോകത്ത് ആകമാനം കൊറോണ വൈറസ് വ്യാപനം മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ, നമ്മൾ പഠിച്ച ചില പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണം പുതിയ ലോകക്രമത്തിലേക്ക് പ്രവേശിക്കുവാൻ. വിദ്യാലയം, വിദ്യാഭ്യാസം, പഠനപ്രക്രിയ തുടങ്ങിയ മേഖലകളിൽ കാതലായ മാറ്റം കൊണ്ടുവരുവാൻ നല്ല ഒരു അവസരമാണ് നമ്മുക്ക് മുന്നിൽ വന്നിരിക്കുന്നത്.


പഠനഭാരം കുറയ്ക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനമായി തോന്നുന്നത്. ഇനിയെങ്കിലും നമ്മുടെ സ്‌കൂൾ സിലബസ് പൊളിച്ചെഴുതാൻ നമ്മൾ തയ്യാറാവണം. ഇക്കാര്യത്തിൽ  വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ വിദഗ്ദർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സഹകരണം വളരെ ആവശ്യമാണ്. ജീവിത നൈപുണ്യത്തിന് ഉതകാത്ത ഒരു വലിയ സിലബസ് കുട്ടികളുടെ തലയിൽ വച്ചുകെട്ടി, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ ഇപ്പോൾ നല്ല അവസരം ആണ് ലഭിച്ചിരിക്കുന്നത്.

ജീവിത നൈപുണ്യം, ലൈംഗീക വിദ്യാഭ്യാസം, വിവിധ ഭാഷകൾ, മാനസീക ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ സ്‌കൂൾ പഠനത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും നല്ല ബോധ്യമുണ്ട്, ആർക്കും തന്നെ എതിർപ്പുകളില്ല. പക്ഷെ നിലവിലെ കരിക്കുലം വളരെ ബൃഹത് ആയതിനാൽ സിലബസിന് പുറത്തു ജീവിതനൈപുണ്യം പരിശീലിപ്പിക്കാൻ പറഞ്ഞാൽ സ്‌കൂളുകളും അധ്യാപകരും അതിന് തയ്യാറാവുകയില്ല.

കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലവും പുതിയ രീതിയായ ഓൺലൈൻ പഠനം മൂലവും പഠനത്തിൽ വളരെ പിന്നോക്കം പോയിരിക്കുന്ന അവസ്ഥയുണ്ട്. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഒരു ക്‌ളാസ്സിലെ എല്ലാ കുട്ടികളെയും ഒരേ നിരയിലേക്ക് (നിലയിലേക്ക്) കൊണ്ടുവരാൻ സ്‌കൂൾ അധികൃതരുടെ ആത്മാർത്ഥമായ ശ്രമം ഉണ്ടാവണം.

ഓൺലൈൻ പഠനം എന്ന അനന്ത സാധ്യതയാണ് വിവര സാങ്കേതിക വിദ്യ ഈ കൊറോണ കാലത്ത് നമ്മുടെ മുൻപിൽ തുറന്നു തന്നിരിക്കുന്നത്. ഈ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അധ്യാപകസമൂഹം സ്വയം ഡിജിറ്റൽ സങ്കേതങ്ങളിൽ നൈപുണ്യം നേടുകയും, അറിവ് പകരുന്നതിൽ ഓൺലൈൻ ക്‌ളാസ്സുകളുടെ സഹായം പരമാവധി ഉപയോഗിക്കണം. ഇവിടെ നമുക്ക് നഷ്ടമാകുന്ന സാമൂഹ്യബോധം, കൂട്ടായ്മയുടെ പ്രവർത്തങ്ങൾ, വ്യക്തിബന്ധങ്ങൾ, കലാ - കായിക വിനോദങ്ങൾ   മുതലായവ യുടെ കുറവ് പരിഹരിക്കാൻ പ്രാദേശിക ഭരണ സംവിധാങ്ങളും കൂട്ടായ്മകളും കുട്ടികൾക്ക് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണം. അധികം യാത്ര വേണ്ടാത്ത പ്രാദേശിക കൂട്ടായ്മകൾ രൂപം കൊടുത്ത് വേണ്ട പരിശീലനം ലഭിച്ച മെന്റർ അധ്യാപകർ ഇതിന് നേതൃത്വം നൽകിയാൽ നന്ന്.

സ്‌കൂളിൽ പോകുമ്പോൾ സ്വായം ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കണം. ഭീതിയില്ലാതെ കളിച്ചു വളരാൻ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അനുവദിക്കണം. നല്ല ആരോഗ്യശീലങ്ങൾ ചെറുപ്പം മുതലേ സ്വായത്തമാക്കിയാൽ രോഗപ്രതിരോധശേഷി കൂട്ടികൊണ്ടുവരുവാൻ സാധിക്കും. നല്ല ഭക്ഷണം, നല്ല വിശ്രമം, നല്ല വ്യായാമം (അദ്ധ്വാനം) ഇവ മൂന്നും ഉണ്ടെങ്കിൽ സ്വന്തം ആരോഗ്യം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വരും തലമുറയെ എങ്കിലും മനസിലാക്കി കൊടുക്കുക. കാശുകൊടുത്ത് മരുന്നും ആശുപത്രി ചികിത്സയും മാത്രമേ ലഭിക്കൂ, ആരോഗ്യം കിട്ടില്ല!! നമ്മൾ കഴിക്കുന്നത് ഭൂരിഭാഗവും മായം കലർന്ന ഭക്ഷണമാണ് എന്ന നഗ്നസത്യം മനസിലാക്കി, വിഷലിപ്തമല്ലാത്ത ആഹാരം ഉല്പാദിപ്പിച്ച് ഭക്ഷണം കഴിക്കാൻ വരും തലമുറയെ പഠിപ്പിക്കാം.

കുട്ടികളിലെ ബഹുമുഖ ബുദ്ധി വൈഭവങ്ങളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവിനും താല്പര്യങ്ങൾക്കും ഇണങ്ങുന്ന പഠന /തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ നമ്മൾ ഇനിയും മടികാണിക്കരുത്. എല്ലാവരും മെഡിക്കൽ, എഞ്ചിനീയറിംഗ് പോലെ സ്ഥിരം മേഖലകൾക്ക് പുറകെ പായുന്ന പ്രവണത ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ നേരായ ദിശയിലേക്ക് വഴിതിരിച്ചു വിടാൻ ധാരാളം ഓൺലൈൻ അഭിരുചി നിർണ്ണയ പരീക്ഷകളും വിദഗ്ദരായ കരിയർ കൗൺസിലർമാരും നിലവിലുണ്ട്. ഇനിയുള്ള കാലത്ത് കുട്ടികളെ അവരുടെ അഭിരുചികൾ മനസ്സിലാക്കാതെ ഏതെങ്കിലും തോന്നുന്ന മേഖലകളിലേക്ക് തള്ളിവിടരുത്. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്ന സാഫല്യത്തിന് കുട്ടികളെ കുരുതി കൊടുക്കരുത്.

വിദ്യാഭ്യാസരംഗം വൻതോതിൽ വ്യവസായവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്. ഓൺലൈൻ ആപ്പുകൾ, എൻട്രൻസ് കോച്ചിങ് മേഖല, സ്വാശ്രയ കോളേജുകൾ /കോഴ്‌സുകൾ, സ്വകാര്യ യൂണിവേഴ്സിറ്റികൾ ഒക്കെയായി രക്ഷിതാക്കളും കുട്ടികളും വലിയ ആശയക്കുഴപ്പത്തിന് നടുവിൽ ആണ് അകപ്പെട്ടിരിക്കുന്നത്. ഇവിടെ ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടണമെങ്കിൽ കീശ കാലിയാകാതെ യിരിക്കണമെങ്കിൽ ശരിയായ യുക്തിബോധവും ശാസ്ത്രചിന്തയും സാമാന്യബുദ്ധിയും ആവശ്യമാണ്. അതിനാവണം നമ്മുടെ സർക്കാരുകളുടെ പ്രഥമ പരിഗണന. സ്‌കൂൾ തലത്തിൽ ഇത്തരം ചിന്താശേഷി വളർത്തികൊണ്ടുവരുവാൻ പരിശ്രമിച്ചാൽ സാധിക്കും.

കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ, സ്ത്രീധന കൊലപാതകങ്ങൾ, പ്രേമനൈരാശ്യം, ലൈംഗീക അറിവില്ലായ്മകൾ, ലിംഗപരമായ അനീതികൾ, പരസ്പര ബഹുമാനമില്ലായ്മ ഒക്കെ കണക്കിലെടുക്കുമ്പോൾ സ്‌കൂൾ വിദ്യാഭ്യാസം ഉടച്ചു വർക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും. ഇനിയും വൈകരുത്, കൊറോണാനന്തരകാലം ഇതുപോലെ വലിയ തിരുത്തലുകൾക്ക് സാധിക്കുന്ന സമയമാണ്.

സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ, കുട്ടികൾ വിദ്യാലയങ്ങളിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വരുമ്പോൾ അവരോട് നീതിപുലർത്താൻ നമുക്ക് ബാധ്യതയുണ്ട്. സർക്കാരിനും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും രക്ഷാകർത്താക്കൾക്കും ഈ വലിയ ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയട്ടെ.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി  682314
98477 32042
(Counseling Psychologist) 
   

 

Friday, July 16, 2021

മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ് :

മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ്:


കേരളത്തിലെ എസ്എസ് എൽസി  വിജയം ആഘോഷിക്കുന്ന തിരക്കിൽ ആണല്ലോ സ്കൂളുകളും രക്ഷകർത്താക്കളും. മഹാമാരി കാലത്ത് ഓൺലൈൻ ക്‌ളാസ്സുകളുടെ മികവിൽ 99.47 ശതമാനം വിജയം സൃഷ്‌ടിച്ച സർക്കാരിന്റെ മികവും വാനോളം വാഴ്ത്തപ്പെടുന്നുമുണ്ട്.  വിദ്യാർഥികൾ ഇക്കാര്യത്തിൽ വലിയ ആവേശം കൊള്ളുന്നില്ല എന്നത് പ്രതീക്ഷ നൽകുന്നു.

ഫുൾ എ പ്ലസ്, തികയ്ക്കാനും സ്‌കൂളിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും പല സ്‌കൂളുകളും  കുല്സിത മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നു വെന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം ഒരു പച്ചയായ യാഥാർഥ്യമാണ്. എയ്‌ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകൾ ഇതുവച്ച് അവരുടെ ഹയർ സെക്കണ്ടറി, മാനേജ്‌മെന്റ് കോട്ടാ പ്രവേശനത്തിലെ സംഭാവനയും ടീച്ചർ നിയമന തലവരിയും ഉയർത്താൻ ഈ എ പ്ലസ് മാമാങ്കം കൊണ്ട് മുതലെടുപ്പ് നടത്തുന്നു.

മൂവായിരം കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ ഒരു ചെറിയ കളിസ്ഥലം /കളിക്കളം പോലും ഇല്ലാതെ കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ഫുൾ എ പ്ലസ് നേടിക്കൊണ്ടിരിക്കുന്നു !!

അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഫുൾ എ പ്ലസ് അല്ല വേണ്ടത്, മറിച്ച് കുട്ടികളിൽ ജീവിത നൈപുണ്യ വികസനം, കായിക പ്രവർത്തങ്ങളിലൂടെ ശാരീരിക ആരോഗ്യം, മാനസീക പക്വത വളർത്തുന്ന പാഠങ്ങൾ ആണ് സ്‌കൂൾ കരിക്കുലത്തിൽ വേണ്ടത് പല വേദികളിലും പ്രസംഗിച്ചു കേൾക്കാറുണ്ട്. എന്നാൽ ഇത് പറയാൻ എളുപ്പവും പ്രയോഗത്തിൽ വരുത്താൻ പ്രയാസവും ഉള്ള ഒരു യാഥാർഥ്യമാണ്. കാരണം അത്ര ഭാരിച്ച സിലബസ് ആണ് ഇന്ന് സ്‌കൂൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് പ്രത്യേകിച്ചും കണക്ക് ഒരു കീറാമുട്ടിയായി ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും ഇന്ന് അനുഭവപ്പെടുന്നത് ഒരു ചെറിയ ഉദാഹരണം. സിലബസ് വെട്ടിച്ചുരുക്കി കരിക്കുലം കാലാനുസൃതമായി പരിഷ്ക്കരിക്കാൻ ഇനിയും വൈകിക്കൂടാ.

കഴിഞ്ഞ ഒരു മാസം മാത്രം കേരളത്തിലെ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം എടുത്താൽ നമ്മുടെ മാനസീക ആരോഗ്യനില വ്യക്തമാകും. ജീവിത നൈപുണ്യം, ശരിയായ ലൈംഗീക വിദ്യാഭ്യാസം, മാനസീക / ശാരീരിക ആരോഗ്യ ബാലപാഠങ്ങൾ, ഭാഷാ പ്രാവിണ്യം  ഇവയൊക്കെയാണ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ അത്യാവശ്യമായി പാഠഭാഗമായി ഉൾപ്പെടുത്തുകയും ആവശ്യമെങ്കിൽ ഇതിന് ആവശ്യമായ പരിശീലകരെ പുറമെ നിന്ന് ഉൾപ്പെടുത്തണം. പ്രഥമ പരിഗണന സ്‌കൂൾ അധ്യാപർക്ക് കൊടുക്കുകയും അവരെ ഇതിനായി സംസ്ഥാന തലത്തിൽ പരിശീലിപ്പിച്ച് എടുക്കുകയും വേണം. കേരള സർക്കാർ അസാപ്പ് (ASAP) പോലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന് തെളിയിച്ചിട്ടുള്ളതാണ്.

നിലവിലെ അക്കാദമിക് കരിക്കുലം പകുതിയായി വെട്ടി ചുരുക്കുകയും ജീവിതത്തിൽ എ പ്ലസ് നേടാൻ, സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം ആണ് കേരളത്തിൽ ഇന്ന് ആവശ്യം. അതിനു വേണ്ട ധീരമായ നടപടികൾ ഈ സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html