പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, June 18, 2017

കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ:

കൊച്ചി മെട്രോ യാഥാർഥ്യമാക്കിയ കേന്ദ്ര -കേരള സർക്കാരുകൾക്ക് അഭിനന്ദനങ്ങൾ! ഇപ്പോഴുള്ള സർക്കാരുകളും മുൻ സർക്കാരുകളും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഈ മഹത് സംരംഭം നടപ്പിലാക്കുവാൻ. മെട്രോമാൻ ശ്രീ. ഇ ശ്രീധരന്റെ നിശ്ചയദാർഢ്യമാണ് സമയബന്ധിതമായി തന്നെ ഒന്നാം ഘട്ടം പൂർത്തീകരിക്കുവാൻ കഴിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതെ വൻകിട പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കാൻ കഴിയുമെന്ന് ഇതിനോടകം പലതവണ തെളിയിച്ച മെട്രോമാൻ ഈ രാജ്യത്തിൻറെ പരമോന്നത ബഹുമതിക്ക് അർഹനാണ്. ജനഹൃദയങ്ങളിൽ  ചിരകാല പ്രതിഷ്‌ഠ നേടിയ അദ്ദേഹം വരും തലമുറയ്ക്ക് കൃത്യനിഷ്ഠയോടെയുള്ള കാര്യനിർവ്വഹണത്തിൽ ഒരു മാതൃക തന്നെയാണ്. 

കൊച്ചി മെട്രോ ഒന്നാം ഭാഗം മാത്രമേ ആയിട്ടുള്ളു. രണ്ടും മൂന്നും ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. മാത്രവുമല്ല, കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ, പൊതുജനത്തിന് പ്രയോജനപ്രദമാകണമെങ്കിൽ അത് ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കണം. അല്ലെങ്കിൽ ഇത് ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഒരു കാഴ്ചവസ്തുവായി മാറും. പാലക്കാട്. കോഴിക്കോട്, തൃശൂർ ഭാഗത്തുനിന്നും ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ആലുവയിൽ ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിൽ നിന്നും കൊച്ചി  മെട്രോയിൽ കയറി നഗരത്തിലൂടെ യാത്രചെയ്യാനാകണം. അതുപോലെ തന്നെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ഭാഗത്തു നിന്നും വരുന്നവർക്ക് തൃപ്പൂണിത്തുറയിൽ ഇറങ്ങി കൊച്ചി മെട്രോയിൽ കയറാനാകണം. രണ്ടു ഭാഗത്തും റെയിൽവേ സ്റ്റേഷനിൽ അകത്തെ പ്ലാറ്റുഫോം ആയി ബന്ധിപ്പിക്കാൻ അടിയന്തിര നടപടിയുണ്ടാകണം. സാധാരണ ട്രെയിൻ നിർത്തുന്ന പ്ലാറ്റുഫോമിനു മുകളിൽ മെട്രോ സ്റ്റേഷൻ വരണം. ഇല്ലെങ്കിൽ "ആനയെ വാങ്ങി, തോട്ടി വാങ്ങാൻ കാശില്ല" എന്നുപറഞ്ഞ പോലെയാവും.  ഇത്രയും മുതൽമുടക്കിൽ ഈ ബ്രഹത്ത് സംരഭം വരുമ്പോൾ, ഇത് ശ്രദ്ധിക്കണമെന്ന് കേരള -കേന്ദ്ര സർക്കാരുകളോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

Thursday, June 8, 2017

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്!!

എറണാകുളം എം.എൽ.എ ശ്രീ.ഹൈബി ഈഡൻ മുട്ടോളം വെള്ളത്തിൽ നിൽക്കുന്ന കാഴ്ച്ച പത്രത്തിൽ കണ്ടത് വളരെ ഇഷ്ടപ്പെട്ടു. മെട്രോയുടെ ഹൈ സ്പീഡിൽ കുതിക്കുന്ന എറണാകുളത്തെ മഴവെള്ളക്കെട്ട് വർഷങ്ങളായി യാതൊരു പരിഹാരവുമില്ലാതെ കിടക്കുന്നു. എല്ലാവർഷവും കാലവർഷം തുടങ്ങുമ്പോൾ തന്നെ കൊച്ചി നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങുന്നു. എറണാകുളം സൗത്ത് റെയിൽ വേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും പുറത്തുകടക്കാനാവാത്തവിധം വെള്ളം കെട്ടിക്കിടക്കുന്നത് ദൂരെ നിന്നും വരുന്ന യാത്രക്കാർക്ക് പോലും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

രാഷ്ട്രീയക്കാർക്ക് മുണ്ടു മടക്കിക്കുത്തി 'ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണല്' എന്നപോലെ വെള്ളത്തിന് നടുവിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാം. പക്ഷെ ഓരോ ഓഫീസിലും പോകുന്ന, ഓഫീസ് ഡ്രസ്സ് കോഡിന്റെ ഭാഗമായി പാന്റ്സും ഷൂസും ധരിക്കുന്ന സ്ഥിരം യാത്രക്കാർ ഈ മുട്ടോളം വെള്ളത്തിൽ എന്തുചെയ്യാൻ? ഓടയിലും കാനയിലും നിന്ന് മനുഷ്യമലം അടക്കമുള്ള മാലിന്യവും അഴുക്കും ഈ മഴക്കാലത്ത് റോഡിലേക്ക് ഒഴുകി വൃത്തികേടാകുകയും ജനങ്ങൾ ഈ അഴുക്കുചാൽ നീന്തി നടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമ്പോൾ കൊച്ചി മെട്രോ എങ്ങിനെ സ്മാർട്ട് സിറ്റിയാകും? കൊച്ചിയുടെ കനാലുകളും കാനകളും അടച്ചുകെട്ടുകയും മാലിന്യ നിക്ഷേപകേന്ദ്രമാക്കുകയും ചെയ്യുന്ന വാണിജ്യ -വ്യവസായ സ്ഥാപനങ്ങൾ നിർബാധം ഇത് തുടരുന്നത് അധികൃതരുടെ അനാസ്ഥമൂലമാണ്.

വൻകിട ആശുപത്രികളുടെ യടക്കം മാലിന്യക്കുഴലുകൾ നീളുന്നത് കൊച്ചിയുടെ സിരകളായ ഈ കനലുകളിലേക്കാണ് എന്നുള്ളത് വളരെ ദുഖകരമായ സത്യമാണ്. ഇനിയും ഇത് തുടർന്നുപോയാൽ കൊച്ചി പകർച്ചവ്യാധികളുടെ തലസ്ഥാനമായി മാറും. ആരോഗ്യവകുപ്പും നഗരസഭയും പൊതുമരാമത്തുവകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കാൻ, അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജനപ്രതിനിധികൾ ആത്മാർഥമായി ഇത്തരം പ്രശ്നങ്ങളിൽ ഇടപെടണം.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html