കൊച്ചി മെട്രോ യാഥാർഥ്യമാക്കിയ കേന്ദ്ര -കേരള സർക്കാരുകൾക്ക് അഭിനന്ദനങ്ങൾ! ഇപ്പോഴുള്ള സർക്കാരുകളും മുൻ സർക്കാരുകളും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഈ മഹത് സംരംഭം നടപ്പിലാക്കുവാൻ. മെട്രോമാൻ ശ്രീ. ഇ ശ്രീധരന്റെ നിശ്ചയദാർഢ്യമാണ് സമയബന്ധിതമായി തന്നെ ഒന്നാം ഘട്ടം പൂർത്തീകരിക്കുവാൻ കഴിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതെ വൻകിട പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കാൻ കഴിയുമെന്ന് ഇതിനോടകം പലതവണ തെളിയിച്ച മെട്രോമാൻ ഈ രാജ്യത്തിൻറെ പരമോന്നത ബഹുമതിക്ക് അർഹനാണ്. ജനഹൃദയങ്ങളിൽ ചിരകാല പ്രതിഷ്‌ഠ നേടിയ അദ്ദേഹം വരും തലമുറയ്ക്ക് കൃത്യനിഷ്ഠയോടെയുള്ള കാര്യനിർവ്വഹണത്തിൽ ഒരു മാതൃക തന്നെയാണ്.
കൊച്ചി മെട്രോ ഒന്നാം ഭാഗം മാത്രമേ ആയിട്ടുള്ളു. രണ്ടും മൂന്നും ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. മാത്രവുമല്ല, കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ, പൊതുജനത്തിന് പ്രയോജനപ്രദമാകണമെങ്കിൽ അത് ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കണം. അല്ലെങ്കിൽ ഇത് ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഒരു കാഴ്ചവസ്തുവായി മാറും. പാലക്കാട്. കോഴിക്കോട്, തൃശൂർ ഭാഗത്തുനിന്നും ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ആലുവയിൽ ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിൽ നിന്നും കൊച്ചി മെട്രോയിൽ കയറി നഗരത്തിലൂടെ യാത്രചെയ്യാനാകണം. അതുപോലെ തന്നെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ഭാഗത്തു നിന്നും വരുന്നവർക്ക് തൃപ്പൂണിത്തുറയിൽ ഇറങ്ങി കൊച്ചി മെട്രോയിൽ കയറാനാകണം. രണ്ടു ഭാഗത്തും റെയിൽവേ സ്റ്റേഷനിൽ അകത്തെ പ്ലാറ്റുഫോം ആയി ബന്ധിപ്പിക്കാൻ അടിയന്തിര നടപടിയുണ്ടാകണം. സാധാരണ ട്രെയിൻ നിർത്തുന്ന പ്ലാറ്റുഫോമിനു മുകളിൽ മെട്രോ സ്റ്റേഷൻ വരണം. ഇല്ലെങ്കിൽ "ആനയെ വാങ്ങി, തോട്ടി വാങ്ങാൻ കാശില്ല" എന്നുപറഞ്ഞ പോലെയാവും. ഇത്രയും മുതൽമുടക്കിൽ ഈ ബ്രഹത്ത് സംരഭം വരുമ്പോൾ, ഇത് ശ്രദ്ധിക്കണമെന്ന് കേരള -കേന്ദ്ര സർക്കാരുകളോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment