സ്ത്രീ ശാക്തീകരണം
കേരളത്തിലെ ലക്ഷകണക്കിന് യുവതികളെയും വനിതകളെയും ബാധിക്കുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്. ശബരിമല കയറ്റം അല്ല അത്, മറിച്ച് ക്രിസ്ത്യൻ സമ്പ്രദായത്തിൽ ഉള്ള കുമ്പസാരം എന്ന ആചാരത്തെക്കുറിച്ചാണ്. റോബിൻ സംഭവങ്ങൾ അവർത്തിക്കാതിരിക്കാനും യൂറോപ്യൻ [പൗരോഹിത്യ] ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ടുകൊണ്ടും എത്രയും വേഗം വനിതകളുടെ കുമ്പസാരം വനിതാ സന്യസ്തർ കേൾക്കുന്നതിനുള്ള സാഹചര്യം ഉളവാക്കണം. അതിനുതക്ക ആൾശേഷിയും സംവിധാനവും ക്രിസ്തീയ സഭകളിൽ ഇന്നുണ്ട്. ആയിരക്കണക്കിന് സന്യാസിനികൾക്ക് ഈ ചുമതല കൈമാറുകയും മാറിക്കൊണ്ടിരിക്കുന്ന ഭൗതീക സാഹചര്യങ്ങളിൽ കാലിടറാനുള്ള സാഹചര്യങ്ങളിൽ നിന്ന് ബഹുമാനപ്പെട്ട യുവപുരോഹിത [മധ്യവയസ്കരും] സുഹൃത്തുക്കളെ രക്ഷിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
കുമ്പസാരം എന്ന പ്രക്രിയ, പാപബോധം എന്ന കുനിഷ്ട് ഒഴിവാക്കിയാൽ വളരെ നല്ല ഒരു കൗൺസിലിങ് രീതിയാണ്. അന്യരുടെ ദുഖങ്ങളും സങ്കടങ്ങളും കേൾക്കുക എന്ന വലിയ കാര്യമാണ് ഈ പ്രക്രിയയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു കാരണവശാലും ഒരിക്കലും മൂന്നാമതൊരാൾ അറിയില്ല എന്ന ഉറപ്പോടെ, രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ട്, മറ്റൊരാളുമായി തന്റെ സ്വകാര്യ ദുഃഖങ്ങൾ പങ്കുവയ്ക്കുവാൻ, സാഹചര്യം ഉണ്ടാവുന്നത് ക്രൈസ്തവ സമൂഹത്തിന്റെ വലിയൊരു അനുഗ്രഹമാണ്. എന്നാൽ മാറിവരുന്ന ഭൗതീക സാഹചര്യങ്ങളിൽ നമ്മുടെ പുരോഹിതർക്ക് തങ്ങളുടെ മനോബലം ദൃഢതയോടെ കാത്തുസൂക്ഷിക്കാനാവുമെന്ന് മാർപ്പാപ്പയ്ക്ക് പോലും ഉറപ്പു പറയാനാവില്ല. അതിനാൽ നവോത്ഥാനം വേണ്ടത് ഈ ഒരു ആചാരം തിരുത്തിയെഴുതുന്നതിന് വേണ്ടിയാണ്.
അഭിനവ നവോത്ഥാന പ്രസ്ഥാനക്കാർ ഇക്കാര്യം എത്രയും പെട്ടെന്ന് മാർപാപ്പയുടെ മുന്നിലവതരിപ്പിച്ച് വനിതകളുടെ കുമ്പസാരം വനിതാ സന്യസ്തർ കേൾക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അദ്ദേഹവും ഇതിനു പരിപൂർണ്ണ പിന്തുണ തരുമെന്നാണ് യൂറോപ്പിലെ പൗരോഹിത്യ ലൈംഗീക അപവാദ കേസുകളിൽ നഷ്ടപരിഹാരം കൊടുക്കുന്ന കണക്കുകൾ പത്രങ്ങളിൽ വായിക്കുമ്പോൾ തോന്നുന്നത്
No comments:
Post a Comment