പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, November 5, 2020

ഒഴിവാക്കാവുന്ന രക്തസാക്ഷിത്വം:

കഴിഞ്ഞ ദിവസം അകാലചരമം പ്രാപിച്ച യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ,  ശ്രീ  പി ബിജു വളരെ ഊർജ്ജസ്വലനായ ഒരു പൊതുപ്രവർത്തകൻ ആയിരുന്നു. പല വേദികളിലും നിറഞ്ഞു നിന്ന യുവസാന്നിദ്ധ്യം, ഒരു സുപ്രഭാതത്തിൽ അണഞ്ഞു പോയത് പലർക്കും ഇനിയും വിശ്വസിക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തെ നേരിട്ട് പരിചയം ഉള്ളവർക്കെല്ലാം വളരെ നല്ലതേ പറയാനുള്ളൂ, രാഷ്ട്രീയപരമായി എതിർ അഭിപ്രായം ഉള്ളവർ പോലും അദ്ദേഹത്തിന്റെ നേതൃത്വ പാടവം, അർപ്പണ മനോഭാവം, സേവന സന്നദ്ധത ഇവയൊക്കെ പൂർണ്ണമായും അംഗീകരിക്കും. ഈ മരണം ഓർമ്മപ്പെടുത്തുന്ന ചില ചിന്തകൾ പങ്കുവയ്ക്കുന്നു. രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകൾ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണു ഇതെഴുതുന്നത്. സാമൂഹ്യ സേവനത്തിൽ ആകൃഷ്ടരായി സേവന സന്നദ്ധതയോടെ സ്വയമേവ ഇറങ്ങിവരുന്ന ചെറുപ്പക്കാരെ സംരക്ഷിക്കേണ്ട ചുമതല ഈ പറഞ്ഞ എല്ലാ പ്രസ്ഥാങ്ങൾക്കും ഉണ്ട്, അത് ജോലി കൊടുക്കൽ, സ്ഥാനമാനങ്ങൾ നൽകൽ, സാമ്പത്തീക സഹായം ഒന്നും അല്ല മറിച്ച് ആ വ്യക്തിയുടെ ആരോഗ്യം, കുടുംബം, ബന്ധങ്ങൾ ഇവ സംരക്ഷിക്ക പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ശാരീരിക മാനസീക ആരോഗ്യം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ കഴിഞ്ഞ ആറുമാസം, കൊറോണ കാലത്ത് ആറിലധികം യുവനേതാക്കളെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഊണും ഉറക്കവും ഉപേക്ഷിച്ച് പൊതുപ്രവർത്തനം എന്ന ശൈലി നമ്മൾ കേട്ട് പഴകിയതാണ്. എന്നാൽ ഇന്നും സ്വന്തം ആരോഗ്യം വകവയ്ക്കാതെ താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഭരമേൽപിക്കുന്ന ജോലികൾ, ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അഹോരാത്രം പണിയെടുക്കുന്ന നിഷ്കളങ്കരായ ആത്മാർത്ഥതയുള്ള യുവാക്കളെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് സ്വന്തം കുടുംബത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ പ്രസ്ഥാനങ്ങളും അതിലെ തലമുതിർന്ന നേതാക്കന്മാരും ശ്രദ്ധിക്കണം. പ്രതിഭാ ധനരായ, അദ്ധ്വാന ശീലരായ ആത്മാർത്ഥതയുള്ള യുവാക്കൾക്ക് മുകളിൽ സംഘടനകളുടെ ഭാരം കയറ്റി വയ്ക്കുന്ന പ്രവണത എല്ലാ സ്ഥലങ്ങളിലും എല്ലാ കക്ഷികളിലും കാണപ്പെടുന്നുണ്ട്. ഒരേ ആൾ തന്നെ വിവിധ പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് ആരോഹണപ്പെടുകയും ചുക്കാൻ പിടിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്ന കാഴ്ച സർവ്വ സാധാരണമാണ്. പ്രത്യേകിച്ചും പുരോഗമന സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള യുവാക്കൾ കുറഞ്ഞു വരുന്ന ഈ കാലയളവിൽ അതിലേക്ക് ആത്മാർഥമായി ഇറങ്ങുന്ന ചുരുക്കം പേരുടെ തലയിൽ നാട്ടിലെ എല്ലാ പ്രസ്ഥാനങ്ങളും കമ്മിറ്റികളും കയറ്റി വയ്ക്കും. പുതിയ തൊഴിൽ സംസ്കാരവും വർദ്ധിച്ച സ്വകാര്യ മേഖലയിലെ ജോലി സാധ്യതകളും മൂലം  പൊതു പ്രവർത്തനത്തിൽ തല്പരരായ വ്യക്തികളുടെ എണ്ണം വളരെ കുറഞ്ഞു വരുന്നുണ്ട്. സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികളുടെ ആരോഗ്യവും വളർച്ചയും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വം ആയി കാണണം. നാളത്തെ നല്ല നേതാക്കന്മാരെ നമുക്ക് നഷ്ടപ്പെടുത്തി കൂടാ. സമയത്തുള്ള ആഹാരം,ശരിയായ  വിശ്രമം,ചിട്ടയായ  വ്യായാമം ഇവ മുടക്കാതെ ഒരു  ജീവിതം പൊതുപ്രവർത്തകരുടെയും അവകാശമാണ്. 


ജോസി വർക്കി 
ചാത്തങ്കേരിൽ 

Friday, October 30, 2020

വികലമായ മദ്യനയം

 വികലമായ മദ്യനയം :

കേരളത്തിലെ മദ്യനയം തികച്ചും വികലവും തലത്തിരിഞ്ഞതും ആണെന്ന് പറയാതെ വയ്യ! നാമെല്ലാം വളരെയധികം അഭിമാനിക്കുന്ന കേരളാ മോഡൽ വികസനം  നിലനിൽക്കുന്നത് ലോട്ടറി, മദ്യം, സ്വർണ്ണ പണയം, കുറി കമ്പനി  തുടങ്ങിയ സാമൂഹ്യ തിന്മകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ്, എന്നത് നഗ്നസത്യമാണ്. ഇതിൽ മദ്യവരുമാനം ആണ് പ്രധാനം, ആയതിനാൽ മദ്യവില്പന ഏതുവിധേനയും വർദ്ധിപ്പിക്കുക എന്നതാണ് കഴിഞ്ഞ 25 വർഷങ്ങളായി മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുകളുടെ രഹസ്യനയം. തങ്ങൾക്ക് മദ്യത്തിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനം ആവശ്യമില്ലെന്നും (ഘട്ടം ഘട്ടമായി ) മദ്യ നിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും യാതൊരു ഉളുപ്പുമില്ലാതെ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ ഇതുപോലെ പച്ചക്കള്ളം പറഞ്ഞു പറ്റിക്കാമെന്ന് അമിത ആത്മവിശ്വാസം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഭരണത്തിൽ വരുന്ന ജനപ്രതിനിധികളും സർക്കാരുകളും ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്. മദ്യവില്പനയും അതിലൂടെയുള്ള നികുതി വരുമാനവും വർദ്ധിപ്പിക്കാൻ അവർ എല്ലാ തന്ത്രങ്ങളും പയറ്റുന്നു.
മദ്യലഭ്യത കുറച്ച്, വില്പന ശാലകൾ പരിമിതപ്പെടുത്തി, യഥാർത്ഥത്തിൽ ജനങ്ങളെ കൂടുതൽ വാങ്ങിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ ആണ് ഏറ്റവും കുറവ് മദ്യവില്പന ശാലകൾ ഒരു പ്രദേശത്തുള്ളത്. അതുകൊണ്ട് തന്നെ മദ്യം വാങ്ങാൻ പോകുന്ന ആളുകൾ എളുപ്പത്തിന് വേണ്ടി അധികം മദ്യം വാങ്ങിക്കൊണ്ടു പോകുന്നു. വീണ്ടും വീണ്ടും ദൂരെയുള്ള മദ്യവില്പന ശാല സന്ദർശിക്കാനുള്ള ബുദ്ധിമുട്ടും തിരക്കിൽ ക്യൂ നിൽക്കാനുള്ള ബുദ്ധിമുട്ടും ആലോചിക്കുമ്പോൾ ആവശ്യമുള്ളതിൽ അധികം മദ്യം വാങ്ങി സൂക്ഷിക്കാൻ മലയാളിക്ക് മടിയില്ല. ഇതാണ് സർക്കാരുകൾ ഉദ്ദേശിക്കുന്ന കച്ചവടം. കേരളത്തിന് വെളിയിൽ ചെറിയ കുപ്പികൾ ആണ് അധികവും ചിലവാകുന്നതെങ്കിൽ ഇവിടെ നേരെ തിരിച്ചാണ്, ഫുൾ ബോട്ടിലും ഒരു ലിറ്ററും ആണ് ബഹുഭൂരി പക്ഷവും വാങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കാൽ, അരക്കുപ്പി ആണ് അധികവും ചെലവാകുന്നത്.
ഇതിനെയാണ് ലഭ്യത കുറച്ച് (കൃത്രിമ ക്ഷാമം ഉണ്ടാക്കി) വില്പന വർദ്ധിപ്പിക്കുന്ന തന്ത്രം എന്നു പറയുന്നത് , കേരളാ സർക്കാരുകൾ ഇക്കാര്യത്തിൽ വൻ വിജയമാണ് . അതിലൂടെ നശിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ്, വളർന്നു  വരുന്ന തലമുറയാണ്. എന്നിട്ടും പറയുന്നത് മദ്യവർജ്ജനം!!
ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിയ്ക്കും വേണ്ടി നിലകൊള്ളേണ്ട ഒരു ഭരണസംവിധാനം മദ്യവില്പനയിലൂടെ ലാഭം കണ്ടെത്തുന്നതും മദ്യക്കച്ചവടം ഒരു പ്രധാനവരുമാന മാർഗ്ഗമായി കൊണ്ടുനടക്കുന്നതും ലോകത്തു ഈ കൊച്ചു കേരളത്തിൽ മാത്രമായിരിക്കും. 200 ശതമാനം നികുതി ഈടാക്കി, അതിനെ മാത്രം ആശ്രയിച്ച് ഒരു സർക്കാർ ഭരണം നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ ഒറ്റകെട്ടായി നിൽക്കുന്നത് അവർക്കും മദ്യ വ്യാപാരികളിൽ നിന്ന്, ബാറുടമകളിൽ നിന്ന് ലഭിക്കുന്ന നോട്ടുകെട്ടുകൾ കണ്ട കണ്ണു മഞ്ഞളിച്ചു പോയതുകൊണ്ടാണ്, കഷ്ടം!
മദ്യശാലകൾ കുറച്ചു മനുഷ്യരെ കഷ്ടപ്പെടുത്തുന്ന സർക്കാർ, ഈ കൊറോണ കാലത്തുപോലും വില്പനശാലകൾക്ക് മുൻപിൽ യാതൊരു അകലവും പാലിക്കാതെ, അപകടം ക്ഷണിച്ചു വരുത്തുന്ന ആൾക്കൂട്ടത്തിനു നേരെ കണ്ണടക്കുന്നു. സമയക്രമം പാലിക്കാനായി ഉണ്ടാക്കിയ ആപ്പ് ഒരു വൻപരാജയമായി, ബീവറേജസ് കടകൾക്ക് മുൻപിൽ നിത്യവും വൈകിട്ട് ആൾത്തിരക്ക് ഉണ്ടാവുന്ന അവസ്ഥയായി.  ഇനിയെങ്കിലും ഈ കപട സദചാരവും കപട മദ്യനയവും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം. കൂടുതൽ മദ്യവില്പന ശാലകൾ തുറക്കണം, അനാവശ്യ തിരക്ക് ഇല്ലാതാക്കണം, ചെറിയ കുപ്പികൾ (കാൽ, അര - പൈന്റ്) കൂടുതൽ ലഭ്യമാക്കണം. വേണമെങ്കിൽ സ്വകാര്യ കച്ചവടക്കാർക്ക് മദ്യവില്പന ശാലകൾ നടത്താനുള്ള ലൈസൻസ് കൊടുക്കണം. ബീവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ബാധ്യത കൂടി കേരളത്തിലെ ജനങ്ങൾ സഹിക്കേണ്ട അവസ്ഥ സ്വകാര്യ മദ്യവില്പനശാലകൾ തുറന്നാൽ ഇല്ലാതാവും. തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകൾ എത്ര നന്നായി മദ്യവില്പന കൈകാര്യം ചെയ്യുന്നു. കേരളത്തിൽ ഉള്ളതിന്റെ നാലിരട്ടി എങ്കിലും അവിടെ ചില്ലറ വില്പന ശാലകൾ ഉണ്ട്, അവിടെ ആരും കുടിച്ച് മരിക്കുന്നില്ല കേരളത്തിലെ പോലെ. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാൻ, മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാൻ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യം ഉണ്ടെങ്കിൽ മദ്യവില്പന ആധാർ കാർഡുമായി ബന്ധിപ്പിക്കുക. അമിത മദ്യപാനം ഉള്ള, മദ്യം വാങ്ങാൻ അമിതമായി പണം ചിലവൊഴിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുക. അവരെ ബിപിഎൽ റേഷൻ കാർഡിൽ നിന്ന് പുറത്താക്കുക. ഒരു മാസം വാങ്ങാവുന്ന മദ്യത്തിന് പരിധി കൊണ്ടുവരിക. മദ്യം വാങ്ങുന്നതിന് പെർമിറ്റ് /പാസ്സ് നടപ്പിലാക്കുക. കേരളാ സർക്കാരിന്റെ സാമ്പത്തീക വരുമാനം 20% ത്തിൽ അധികം മദ്യവിൽപനയിൽ നിന്നാണ് എന്ന വസ്തുത ലജ്ജിപ്പിക്കുന്നതാണ്. അടിയന്തിരമായി കേരളം മറ്റു വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തണം .
കേരളത്തിലെ പാവപ്പെട്ട തൊഴിലാളി വർഗ്ഗം ആണ് മദ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കുന്നത്. അവരെ ശരിക്കും പറ്റിക്കുകയല്ലേ ജനകീയ സർക്കാരുകൾ ചെയ്യുന്നത്. അവർ വാങ്ങുന്ന ഉൽപ്പന്നത്തിന് 200 ഉം 300 ഉം ശതമാനം നികുതി ഈടാക്കി ശരിക്കും ഈ പാവങ്ങളെ പിടിച്ചു പറിക്കുകയാണ് കേരളാ സർക്കാർ ചെയ്യുന്നത് .                                  
കേരളത്തിൽ സർക്കാർ നേരിട്ട് വിതരണം ചെയ്യുന്ന വിദേശമദ്യം വളരെ ഗുണനിലവാരം കുറഞ്ഞതാണെന്ന് സൈനീക കാന്റീൻ വഴി ലഭിക്കുന്ന മദ്യം കഴിച്ചിട്ടുള്ളവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങി ഉപയോഗിച്ചിട്ടുള്ളവർക്കും പകൽ പോലെ അറിയാം . എന്തിനാണ് നമ്മുടെ സർക്കാർ ഈ കൊടും ചതി ചെയ്യുന്നത്? മദ്യ ഉപഭോക്താക്കളെ പുല്ല് വിലയില്ലാതെയാണ് കേരള സർക്കാർ കണക്കാക്കുന്നത്. ഇനിയെങ്കിലും ഈ കബളിപ്പിക്കൽ നിർത്തൂ .

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 82314
മുളന്തുരുത്തി   
-----------------
98477 32042
                     

Sunday, July 19, 2020

ഇത് കൊറോണയാണ്; ഒരു സാധാരണം ദുരന്തമല്ല!!

ഇത് കൊറോണയാണ്; ഒരു സാധാരണം ദുരന്തമല്ല!!
ആലുവയിൽ മരിച്ച സിസ്റ്ററുടെ സംസ്കാരം ഒരു സംഘടയുടെ നേതൃത്വത്തിൽ നടത്തിയ വാർത്ത മാതൃഭൂമിയിൽ കണ്ടു. കേരളത്തിൽ കൊറോണ ബാധിച്ച്  മരണപ്പെടുന്നവരുടെ സംസ്കാരം നടത്തുന്നത് സംബന്ധിച്ച് ഒരു പ്രോട്ടോകോൾ കേരള സർക്കാർ, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പ്രകാരം ഇറക്കിയിട്ടുണ്ട്. അതുപ്രകാരം കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ ശവസംസ്‌കാരം നടത്താൻ സംഘടകൾക്ക് അധികാരം ഇല്ല. അത് ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്നാണ്, മാനദണ്ഡങ്ങൾ പാലിച്ച്  നടത്തേണ്ടത്. സന്നദ്ധ പ്രവർത്തകർ എന്നാൽ കേരള സർക്കാർ രൂപയോഗികരിച്ച് പരിശീലനം നൽകിയ സന്നദ്ധ സേനയിലെ പ്രവർത്തകർ ആണ്. ഏകദേശം മൂന്നര ലക്ഷം സന്നദ്ധ പ്രവർത്തകർ ഈ സേനയിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. അതിൽ അഞ്ചു പേരെ ഈ മൃതദേഹ സംസ്കാരത്തിന് വിനിയോഗിക്കണമായിരുന്നു, അല്ലാതെ ഏതെങ്കിലും സംഘത്തെ ഏല്പിച്ചത് ഗുരുതര കൃത്യവിലോപമാണ്. ഇതിനു പിന്നിൽ നാടകം കളിച്ചവരെ തിരിച്ചറിയണം, താക്കീതു നല്കണം. 


ഈ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ സംഘടയുടെ പേര് പതിച്ച ടി-ഷർട്ട് മാത്രം ധരിച്ച പ്രവർത്തകരെ കാണുന്നുണ്ട്, ഇത് ഗൗരവമാണ്. മറ്റു സാമൂഹ്യ പ്രവർത്തങ്ങൾ പോലെ സന്നദ്ധ പ്രവർത്തങ്ങൾ പോലെ ആർക്കും ചാടിക്കയറി പ്രവർത്തിക്കാൻ സാധിക്കില്ല, കൊറോണ വ്യാപനത്തിന്റെ വക്താക്കൾ ആയി മാറാം. പി പി ഇ കിറ്റ് ധരിക്കാതെ ധീരത കാണിക്കാനുള്ള ഇടമല്ല, കൊറോണ ശവസംസ്‌കാരം. വളരെ ജാഗ്രത പാലിക്കണം. അതിന് ആരോഗ്യ വകുപ്പ് നേതൃത്വം നൽകണം, കർശന നിർദ്ദേശങ്ങൾ നൽകണം, പോലീസ് നിയന്ത്രണം ആവശ്യമാണ്. എന്തുകൊണ്ട് ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല എന്നത് സംശയകരമാണ്.
സന്നദ്ധ പ്രവർത്തനങ്ങൾ ഏതെങ്കിലും ബാനറിൽ നടത്തി പേരും പ്രശസ്തിയും നേടാൻ ദയവായി കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തരുത്. ഇത് കൊറോണയാണ് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ലോകത്തെ മുൾമുനയിൽ നിർത്തി കൊണ്ടിരിക്കുന്ന മഹാമാരി. ദയവായി എല്ലാവരും സഹകരിക്കണം, സാമൂഹ്യ അകലം മാത്രമാണ് ഏക പോംവഴി.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314  

Saturday, July 11, 2020

ഓൺലൈൻ ക്ലാസുകൾക്കിടയിൽ മാനസികാരോഗ്യം

കൊറോണ കാലവും ഓൺലൈൻ ക്‌ളാസ്സുകളും കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസീക വ്യതിയാനങ്ങൾ വളരെ സസൂഷ്മം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പല കുട്ടികൾക്കും സ്‌കൂൾ ഒരു ആശ്വാസം ആയിരുന്നു, അദ്ധ്യാപകരും സഹപാഠികളും കൊടുത്തിരുന്ന സാന്ത്വനം ആണ് ഈ വര്ഷം ലഭിക്കാതെ വരുന്നത്. വീട്ടിലെ സംഘർഷം അതിജീവിക്കാൻ മാർഗ്ഗമില്ലാതെ ശരിക്കും ലോക്കഡോൺ ആയിരിക്കുന്ന പതിനായിര ക്കണക്കിന് കുട്ടികളുടെ മുഖം മനസ്സിൽ വരുന്നു.

മുതിർന്നവരും പലരും ജോലി നഷ്ടപ്പെട്ട അവസ്ഥ, സാമ്പത്തീക മാന്ദ്യം, അനിശ്ചി തത്ത്വാo ... ഇങ്ങനെയുള്ള കഠിന നാളുകളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. കുറെയധികം കുടുംബ അന്തരീക്ഷങ്ങൾ കലുഷിതമാണ്. മദ്യപാനം, കുടുംബ കലഹം, വഴക്കുകൾ ഇവയൊക്കെ കുഞ്ഞു മനസ്സുകളിൽ വലിയ പോറലുകൾ ആണ് ഏൽപ്പിക്കുന്നത്.  8 - 9 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട് ഈ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ പറ്റിയിരുന്നു.പക്ഷെ ഈ വര്ഷം നമ്മുടെ കുട്ടികൾ ശരിക്കും ലോക്കഡൗണിൽ ആണല്ലോ.

 പ്രാദേശിക ഇടെടലുകളിലൂടെ കുറെയൊക്കെ സാന്ത്വനം നൽകാൻ സാധിക്കും. നിവാസി കൂട്ടായ്മകൾ, കുടുംബശ്രീ, വായനശാല ബാലവേദികൾ, സമീപ അംഗനവാടികൾ തുടങ്ങിയവയ്‌ക്കൊക്കെ ഫലപ്രദമായി കുട്ടികളെ സഹായിക്കാൻ കഴിയും.

തീർച്ചയായും ടെലിഫോണിക്‌ കൗൺസിലിംഗ് നല്ലതാണ്, മൈത്രി പോലുള്ള പദ്ധതികൾ അതിന്റെ സാധ്യതകൾ തെളിയിച്ചിട്ടണ്ട്. സാമ്പത്തീക ലാഭം നോക്കിയോ, അറിവില്ലായ്മ കൊണ്ടോ കൗൺസിലിന് ജോലി കുട്ടികളെ ഏൽപിച്ചത് ശരിയാണോ എന്ന് സംശയം ഉണ്ട്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ചിരി പദ്ധതിയിൽ, കൗൺസിലിംഗ് എന്ന പദം ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഒരു സൗഹൃദ സല്ലാപം ആയി കണക്കാക്കിയാൽ മതി. സമപ്രായക്കാരുടെ (പിയർ ഗ്രൂപ്പ്) സ്വാധീനം കൗമാരക്കാർക്ക് വളരെ പ്രധാനമാണ്, അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് അഭിനന്ദനാർഹം തന്നെ. പക്ഷെ   കൗൺസിലിംഗ്, അതിനു വേണ്ട വിദ്യാഭ്യാസ യോഗ്യത യും പരിചയവും ഉള്ള വ്യക്തികൾ നടത്തേണ്ട പ്രവർത്തനമാണ്. യോഗ്യരായ ധാരാളം ആളുകൾ കേരളത്തിൽ ഉണ്ടല്ലോ. ഇപ്പൊൾ തന്നെ നിരവധി പ്രൊഫെഷണൽ കൗൺസിലര്‍മർ കൊറോണ -ക്വാരൻടൈൻ സപ്പോർട്ട് സന്നദ്ധ പ്രവർത്തനം ആയി ചെയ്യുന്നുണ്ട്. കേരളത്തിൽ മനഃശാസ്ത്രം/എം. എസ്. ഡബ്ലിയൂ യോഗ്യതയുള്ളവർ ക്ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നില്ല
(JOSSY VARKEY 9847732042) ജോസി വർക്കി, മുളന്തുരുത്തി 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html