തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :
ആശ, അംഗനവാടി പ്രവർത്തകർക്കുള്ള വേതനം വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്ക് അഭിവാദ്യങ്ങൾ. ആരോഗ്യമേഖലയിലും സംയോജിത ശിശുവികസനത്തിലും സമൂഹത്തിന് ഗുണപരമായ ഒത്തിരി നല്ലകാര്യങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ആശ, അംഗനവാടി പ്രവർത്തകർ.
കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടി ഉപയോഗിക്കണം. അടുത്ത ഒരു വർഷത്തെ തൊഴിൽ ദിനങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ച വീടുകളുടെയും പൊതുസ്ഥാപങ്ങളുടെയും പുനരുദ്ധാരണത്തിന് മാത്രമായി ഈ പദ്ധതി നീക്കിവയ്ക്കണം. നിലവിൽ ഗൾഫിലും അമേരിക്കയിലും ഉള്ള കോടിശ്വരന്മാരുടെ പറമ്പിലെ പുല്ലുവെട്ടുന്ന പ്രവണതയാണ് ഈ പദ്ധതിയിലൂടെ കാണുന്നത്. ഉടനടി ഈ പാഴ്വേല നിർത്തലാക്കി പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിനുവേണ്ടി തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തണം. ഇതിനു നിയമപ്രശ്‌നം വല്ലതുമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചുകൊടുക്കണം.
അംഗനവാടികളുടെ പ്രവർത്തനത്തിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ എത്തികാണുന്നില്ല.
ഓരോ അംഗൻവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു ആ പ്രദേശത്തെ യുവതികൾക്ക് ആരോഗ്യ പരിശോധന, കൗൺസലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ ലാഭമാക്കണം.
കൗമാര പ്രായക്കാരയ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്ക് വേദിയാകാവുന്ന 'അഡോളസന്റ് ക്ലബ്ബുകൾ' അംഗനവാടി ടീച്ചർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും വിവിധ ബോധവൽക്കരണ ക്‌ളാസ്സുകൾ കൊടുക്കുകയും വേണം. ഭാവി തലമുറയിലെ സ്ത്രീശാക്തീകരണത്തിന് ഇതുപോലുള്ള പ്രവർത്തനങ്ങൾ ഉപകരിക്കും