എന്റെ തൊഴിൽ അഭിമാനം പദ്ധതി:
നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന തൊഴിലുറപ്പ് പദ്ധതിയെക്കാൾ ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ് 60 വയസ്സ് കഴിഞ്ഞിട്ടും സ്വന്തം കുലത്തൊഴിൽ സംരക്ഷിച്ചു, അഭിമാനത്തോടെ കാർഷിക - കാർഷികേതര ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഒരു പറ്റം മുതിർന്ന പൗരന്മാരുടെ അവസ്ഥ. ആരുടെ മുൻപിലും കൈനീട്ടാതെ രാവിലെ മുതൽ സ്വന്തം തൊഴിലിൽ അവർ സജീവമാകുന്നു. ഉദാഹരണമായി എന്റെ നാട് വേമ്പനാട്ട് കായലിന് അടുത്താണ്, ഏകദേശം പത്തോളം ഫിഷ് ലാൻഡിംഗ് സെന്ററുകൾ ഈ മേഖലയിൽ ഉണ്ട്. ദിവസവും ഇവിടുത്തെ മൽസ്യ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങി തലച്ചുമടായി വീട് വീടാന്തരം കയറിയിറങ്ങി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു മീൻ വില്പന നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും 60 -70 വയസ്സ് പ്രായമുള്ളവരാണ്. ഒരു ദിവസം ശരാശരി 20 കിമി എങ്കിലും നടന്നു മീൻ വില്പന നടത്തുന്ന ഇവർക്ക് സർക്കാർ എന്ത് പ്രോത്സാഹനം ആണ് കൊടുക്കുന്നത്. അവരുടെ ആരോഗ്യരക്ഷയ്ക്കും ചികിത്സയ്ക്കും മുന്തിയ പരിഗണന നല്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ തൊഴിലില്ലായ്മ വേതനം അല്ല കൊടുക്കേണ്ടത്. ഇതുപോലെ ജീവിതാന്ത്യം വരെ ജോലി ചെയ്യുന്ന, അധ്വാനിക്കുന്ന മനുഷ്യർക്ക് അർഹമായ പരിഗണന കൊടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവരെ ആദരിക്കാൻ തയ്യാറാവണം. അവർക്ക് ഈ സായംകാലത്ത് ജീവിതം ആസ്വദിക്കാൻ ഉതകുന്ന വിനോദ
പരിപാടികൾ (വിനോദയാത്ര, പ്രതിമാസ കൂടിച്ചേരലുകൾ, സൽക്കാരങ്ങൾ ...) പദ്ധതികളിൽ ഉൾപ്പെടുത്തണം. ജോലി ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ (മഴമൂലം, അനാരോഗ്യം മൂലം) സാമ്പത്തീക സഹായം ദിനബത്തയായി കൊടുക്കണം. മൽസ്യത്തൊഴിലാളികൾ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ തൊഴിലുകൾ ജീവിതാന്ത്യം വരെ ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്ന മനുഷ്യരെ ആദരിക്കാൻ അംഗീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേക പരിപാടികൾ തയ്യാറാക്കണം. കാരണം അവർ വരും തലമുറയ്ക്ക് മാതൃകകളാണ്.
ജോസി വർക്കി
മുളന്തുരുത്തി
No comments:
Post a Comment