പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, September 21, 2019

ഓമനക്കുട്ടൻ ഒരു അടയാളം:

ഓമനക്കുട്ടൻ ഒരു അടയാളം:
ഒറ്റരാത്രികൊണ്ട് ഒരാളെ കള്ളനും കുറ്റവാളിയും ആക്കുകയും പിറ്റേന്ന് തന്നെ കേരളത്തിന്റെ ഭരണചക്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി,  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പൊതുവായി മാപ്പ് പറയുകയും ചെയ്ത സംഭവം ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

ഓട്ടകീശയുമായി പൊതുപ്രവർത്തനം നടത്തുന്ന പച്ച മനുഷ്യരുടെ പ്രതീകമാണ് ചേർത്തലക്കാരൻ ഓമനക്കുട്ടൻ. എന്തിലും ഇതിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയ പൊതുപ്രവർത്തനത്തിന്റെ നേർ വിപരീതം. കാശ്മീരിൽ, ഇന്ത്യയുടെ അതിർത്തിയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട വീരസൈനീകരുടെ മൃതശരീരം കൊണ്ടുപോകാൻ വാങ്ങിക്കുന്ന ശവപ്പെട്ടിയിൽ പോലും കമ്മീഷൻ വാങ്ങാൻ യാതൊരു ഉളുപ്പുമില്ലാതെ മനസാക്ഷി മരവിച്ച രാഷ്ട്രീയക്കാരുടെ ഇടയിൽ തിളങ്ങുന്ന രത്നമാണ് ഓമനക്കുട്ടൻ. രാഷ്ട്രീയക്കാരുടെ സ്വാർത്ഥലാഭം മാത്രം കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനം മനം മടുപ്പിക്കുമ്പോൾ ഇത്തരം ഓമനകുട്ടന്മാരാണ് പ്രതീക്ഷ നൽകുന്നത്.
രാഷ്ട്രീയം തൊഴിലാക്കിയ മാന്യന്മാർക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ ഓമനക്കുട്ടൻ സംഭവത്തിന് കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു. തൊലിക്കട്ടിയുടെ വല്ലാത്തൊരു ആവരണം അവരെ പൊതിയുമ്പോൾ ഓമനകുട്ടന്മാരെ കാണാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചശക്തിയുണ്ടാവില്ലല്ലോ.
പൊതുപ്രവർത്തനം വളരെ സേഫ് ആയി നടത്താൻ അറിയാത്ത ഓമനകുട്ടന്മാർ എക്കാലത്തും സമൂഹത്തിൽ വലിയ പരാജയം തന്നെയായിരുന്നു. എത്രയോ ഓമനകുട്ടന്മാർ നമ്മുടെ യാതൊരു പ്രസക്തിയും ഇല്ലാതെ കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയി. കയ്യിലെ കാശും തീർന്ന്, പിച്ചതെണ്ടി ദുരിതാശ്വാസ ക്യാമ്പും ചികിത്സ സഹായനിധിയും ഒക്കെ നടത്താൻ തെക്കുവടക്ക് പരക്കം പായുന്ന പച്ചയായ സാമൂഹ്യപ്രവർത്തകർ! ഇത്തരുണത്തിൽ രണ്ടു കൂട്ടരേ ഓർക്കാതെ പോകുന്നത് ഉചിതമല്ല എന്നുതോന്നുന്നു.

വളരെ സേഫ് ആയി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന മാന്യന്മാർ. ഇക്കൂട്ടർ ആത്മാർത്ഥതയുള്ളവരാണ്, ആരുടെയും കട്ടും മോഷ്ടിച്ചും വീട്ടിൽ കൊണ്ടുപോകാൻ താല്പര്യമില്ല. എന്നാൽ ചെറിയൊരു കുഴപ്പമേയുള്ളൂ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും പൊതു ഖജനാവിൽ നിന്ന് മാന്യമായ വേതനം പറ്റുകയും കൂടെ  യൂണിയൻ പ്രവർത്തനം നടത്തുകയും, ഓഫിസിൽ ഒപ്പിട്ട് , തന്നിൽ അർപ്പിതമായ ജോലിയൊന്നും ചെയ്യാതെ പൊതുപ്രവർത്തനത്തിൻറെ സഞ്ചിയും തൂക്കി നടക്കുന്നവർ.

രണ്ടാമത് വിഭാഗം സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം നല്ലൊരു  തുക പെൻഷൻ വാങ്ങുകയും കൂടെ ഒരു ടൈം പാസ്സ് ആയി രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്. മാനവികതാ വാദത്തിന്റെ വക്താവായ എബ്രഹാം മാസ്‌ലോ മുന്നോട്ടുവച്ച 'ആവശ്യങ്ങളുടെ ശ്രേണിയിൽ' അംഗീകരിക്കപ്പെടണമെന്ന / ആദരിക്കപ്പെടണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഇവർ നടത്തുന്ന പൊതുപ്രവർത്തനം ആർക്കും വലിയ ശല്യം ഉണ്ടാക്കുന്നില്ല.  എന്നാൽ ഇക്കൂട്ടരിൽ കാണുന്ന വലിയൊരു ന്യൂനത, ചെറുപ്പക്കാരെ കുറ്റപ്പെടുത്തുക എന്നതാണ് - സാമൂഹ്യബോധമില്ല, പൊതുബോധമില്ല, എപ്പോഴും ജോലി .. ജോലി എന്ന ചിന്ത മാത്രമേയുള്ളൂ. ഇപ്പോഴത്തെ തലമുറ ശരിയല്ല എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ പെൻഷൻ പൊതുപ്രവർത്തകരോട് താങ്കളുടെ നല്ല പ്രായത്തിൽ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ അമിത ആത്മാർത്ഥത.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും 'ഓമനകുട്ടന്മാരുടെ' ചിത്രം വച്ച് പൂവിട്ടു പൂജിക്കണം. കാരണം എല്ലാ നാട്ടിലും എല്ലാകാലത്തും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രത്യേക വിഭാഗമാണ് 'ഓമനകുട്ടന്മാർ' അവർക്ക് വീടുണ്ടാവുകയില്ല, ജോലിയുണ്ടാവില്ല, ഒരു ബൈക്ക് പോലുമുണ്ടാവില്ല. എന്നാലും ഓടിനടന്ന് എല്ലാകാര്യങ്ങളിലും ആത്മാർഥമായി കടം വാങ്ങിയും തെണ്ടിയും പണം ഒപ്പിക്കും, സഹായം നൽകും. ഏതു പാതിരാത്രിക്കും അവർ ഉണ്ടാവും, അവരേ ഉണ്ടാവൂ. ഒരു പഞ്ചായത്ത് സീറ്റുപോലും കിട്ടില്ല, ഒരു സഹകരണ സംഘം പോലും വിളിക്കില്ല ഇവരെ. പ്രളയത്തിലും വേനലിലെ വരൾച്ചയിലും തളരാതെ നിൽക്കുന്ന ഓമനകുട്ടന്മാർക്കു മുന്നിൽ ശിരസുനാമിക്കുന്നു.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി682314

Wednesday, August 7, 2019

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രഎന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രഎന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ

Tuesday, June 4, 2019

കുപ്പികൾ വലിച്ചെറിയരുതേ :

കുപ്പികൾ വലിച്ചെറിയരുതേ :
കേരളത്തിലെ റോഡ് അരികുകളിൽ മദ്യകുപ്പികളും വെള്ളകുപ്പികളും നിറഞ്ഞുവരുന്നു. കേരള സർക്കാർ 10 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വിപണിയിൽ എത്തിക്കാൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. കാരണം കേരളത്തിലെ വഴിവാക്കുകൾ ഇനിയും കൂടുതൽ കൂടുതൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിറയാൻ ഇതു കരണമാവുമല്ലോ. കാറ്ററിംഗ് സർവീസുകാർ ഒരു ഗ്ലാസ് വെള്ളം പോലും ഒരു കുപ്പിയിൽ നൽകുമ്പോൾ പത്തിരട്ടി പ്ലാസ്റ്റിക് മാലിന്യമാണ് കേരളഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. നമ്മൾ സ്റ്റാറ്റസ് സിംബലിന് പുറകെ പോകുമ്പോൾ കാൻസർ നമ്മുടെ പുറകേ പോരുന്നു.
കുടിവെള്ളത്തിന് കൂടുതൽ ടാക്സ് ഏർപ്പെടുത്തി വില കൂട്ടുകയും, കുപ്പിവെള്ളം വാങ്ങി കുടിച്ച് പ്ലാസ്റ്റിക് മാലിന്യം വഴിയരികിൽ വലിച്ചെറിയുന്ന മലയാളി സംസ്കാരം ഇല്ലായ്മ ചെയ്യുകയും വേണമെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു.
അതുപോലെ മദ്യക്കുപ്പികൾ, വലിച്ചെറിഞ്ഞ് ചില്ലു കഷണങ്ങൾ നമ്മുടെ ഭൂമിയെ, വയലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിയറിനും മദ്യത്തിനും 10 രൂപ വിലവർദ്ധിപ്പിച്ച്, കുപ്പി തിരികെയെടുത്ത് 10 രൂപ തിരികെ നൽകാൻ ബീവറേജസ് തയ്യാറാവണം. ചില്ലുകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും ബീവറേജസ് ഔട്ട്ലെറ്റ് കൾ വഴി ഇപ്രകാരം തിരികെ വാങ്ങി റീസൈക്കിൾ ചെയ്യാനും റീ യൂസ് ചെയ്യാനും മദ്യക്കമ്പനികൾ തയ്യാറാവണം. കേരളത്തിലെ പരിസ്ഥിയെ താറുമാറാക്കുന്ന ഈ കുപ്പിമാലിന്യത്തിന് കടിഞ്ഞാണിടാൻ സർക്കാരിന് സാധിക്കും. പ്ലാസ്റ്റിക്, ചില്ലുകുപ്പികൾ പാതയോരങ്ങളിലും വയലോലകളിലും വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത ഇല്ലാതാക്കണം. ഉപയോഗം കഴിഞ്ഞ ചില്ലുകുപ്പികൾ വിലകൊടുത്ത് ശേഖരിക്കാൻ ക്ളീൻ കേരള കമ്പനി പോലുള്ള പ്രസ്ഥാനങ്ങൾ തയ്യാറാവണം. അല്ലെങ്കിൽ 10 വർഷം കഴിഞ്ഞാൽ കേരളത്തിലെ പറമ്പുകളും പാടങ്ങളും കൃഷിയിടങ്ങളും കുപ്പിച്ചില്ലുകൾ കൊണ്ട് നിറയും.
പ്ലാസ്റ്റിക് കുപ്പികളും പൊന്നും വില കൊടുത്ത് സർക്കാർ ശുചിത്വ മിഷൻ പോലുള്ള സംഘടകൾ ശേഖരിച്ച് പുനരുപയോഗത്തിന് പുനഃചംക്രമണത്തിനും നേതൃത്വം നൽകണം. 

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:
നൂറുശതമാനം വിജയവും ആയിരക്കണക്കിന് എ പ്ലസ്സും കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുന്ന മലയാളികൾക്ക് ഒരു ആത്മശോധനായകനാണ് ഈ കുറിപ്പ്. വിദ്യാഭ്യാസ കച്ചവട സ്ഥാപങ്ങൾക്ക് ഒരു ഫീഡർ ആയി നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതിന്റെ സൂചന മാത്രമാണ് ഈ വർഷാവർഷം വർദ്ധിച്ചുവരുന്ന വിജയശതമാനവും പെരുകിവരുന്ന എ പ്ലസ്സുകളും, അല്ലാതെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കുത്തനെ കൂട്ടിയതുകൊണ്ടല്ല. 18 വർഷം മുൻപ് ഇ കെ ആന്റണി കുപ്പിതുറന്നു വിട്ട സ്വാശ്രയഭൂതം കേരള വിദ്യാഭ്യാസ മേഖലയെ കാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. മാറി മാറി വന്ന സർക്കാരുകൾ സ്വാശ്രയ കച്ചവടക്കാർക്ക് നല്ല ഒത്താശ ചെയ്തുകൊടുത്തു. ഈ കച്ചവടത്തിന് കുട്ടികളെ കിട്ടാൻ 100 ശതമാനം വിജയവും ഇ പ്ലുസ്സുകളുടെ തിളക്കവും കൂടിയപ്പോൾ പാവം കേരളീയർ നാടൊട്ടുക്ക് മക്കളുടെ ഫ്ലെക്സ് വച്ച് ആഹ്ലാദിച്ച് അർമാദിച്ചു. അവസാനം ഈ ഫ്ലെക്സുകളുടെ മാലിന്യം കാൻസർ / പകർച്ചവ്യാധികളെ പെരുക്കുകയും സ്വാശ്രയ "മേടിക്കൽ" കോളേജുകളിൽ പഠിച്ചിറങ്ങുന്ന മക്കളുടെ കീശവീർപ്പിക്കാൻ ഉള്ള വക നൽകുകയും ചെയ്തു! കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ നിലവാരം അറിയണമെങ്കിൽ ഐഐടി, ഐഐഎം, എയിംസ്, ജിപ്മെർ, ഐഎഎസ്, ഐപിഎസ് കണക്കുകൾ പരിശോദിച്ചാൽ മതിയാവും. വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന പല കോളേജുകളും ഇന്ന് സെൽഫ് ഫൈനാൻസിങ് കോഴ്‌സുകൾക്കാണ് പ്രാധാന്യം നൽകുന്നത്, കാരണം പണം വരവുതന്നെ. ഇതിനുപുറമെയാണ് അംഗീകാരമില്ലാത്ത നൂറുകണക്കിന് ഹ്രസ്വകാല കോഴ്‌സുകളും വിപണിയിൽ പണം വാരുന്നത്.
യാതൊരു മാനദണ്ഡവുമില്ലാതെ, ഗുണനിലവാരം നോക്കാതെ കുറെ ബിരുദദാരികളെ സൃഷ്ടിച്ചു വിട്ടിട്ട് ഇവിടെ ആർക്കാണ് മെച്ചം. അവസാനം ഭക്ഷണ വിതരണം നടത്താനും ടാക്സി ഓടിക്കാനും വിദേശ രാജ്യത്തെ ഡാറ്റാ എൻട്രി നടത്താനും ഈ കുട്ടികളെ ഇത്ര ചുമടെടുപ്പിക്കണോ? ഇത് ഒരു പണമൂറ്റൽ പരിപാടി മാത്രമായാൽ മതിയോ? മായാസൃഷ്ടിയായ വിജയങ്ങളുടെ [ഇ പ്ലസ്സുകളുടെ] മറനീക്കി മാതാപിതാക്കൾ [വിദ്യാർത്ഥികളും] ഉണർന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.    

Tuesday, March 19, 2019

വനിതാ കുമ്പസാരം വേണം

സ്ത്രീ ശാക്തീകരണം 
കേരളത്തിലെ ലക്ഷകണക്കിന് യുവതികളെയും വനിതകളെയും ബാധിക്കുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്. ശബരിമല കയറ്റം അല്ല അത്, മറിച്ച് ക്രിസ്ത്യൻ സമ്പ്രദായത്തിൽ ഉള്ള കുമ്പസാരം എന്ന ആചാരത്തെക്കുറിച്ചാണ്. റോബിൻ സംഭവങ്ങൾ അവർത്തിക്കാതിരിക്കാനും യൂറോപ്യൻ [പൗരോഹിത്യ] ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ടുകൊണ്ടും എത്രയും വേഗം വനിതകളുടെ കുമ്പസാരം വനിതാ സന്യസ്തർ കേൾക്കുന്നതിനുള്ള സാഹചര്യം ഉളവാക്കണം. അതിനുതക്ക ആൾശേഷിയും സംവിധാനവും ക്രിസ്തീയ സഭകളിൽ ഇന്നുണ്ട്. ആയിരക്കണക്കിന് സന്യാസിനികൾക്ക് ഈ ചുമതല കൈമാറുകയും മാറിക്കൊണ്ടിരിക്കുന്ന ഭൗതീക സാഹചര്യങ്ങളിൽ കാലിടറാനുള്ള സാഹചര്യങ്ങളിൽ നിന്ന് ബഹുമാനപ്പെട്ട  യുവപുരോഹിത [മധ്യവയസ്കരും] സുഹൃത്തുക്കളെ    രക്ഷിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 

കുമ്പസാരം എന്ന പ്രക്രിയ, പാപബോധം എന്ന കുനിഷ്ട് ഒഴിവാക്കിയാൽ വളരെ നല്ല ഒരു കൗൺസിലിങ് രീതിയാണ്. അന്യരുടെ ദുഖങ്ങളും സങ്കടങ്ങളും കേൾക്കുക എന്ന വലിയ കാര്യമാണ് ഈ പ്രക്രിയയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു കാരണവശാലും ഒരിക്കലും മൂന്നാമതൊരാൾ അറിയില്ല എന്ന ഉറപ്പോടെ, രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ട്, മറ്റൊരാളുമായി തന്റെ സ്വകാര്യ ദുഃഖങ്ങൾ പങ്കുവയ്ക്കുവാൻ, സാഹചര്യം ഉണ്ടാവുന്നത് ക്രൈസ്തവ സമൂഹത്തിന്റെ വലിയൊരു അനുഗ്രഹമാണ്. എന്നാൽ മാറിവരുന്ന ഭൗതീക സാഹചര്യങ്ങളിൽ നമ്മുടെ പുരോഹിതർക്ക് തങ്ങളുടെ മനോബലം ദൃഢതയോടെ കാത്തുസൂക്ഷിക്കാനാവുമെന്ന് മാർപ്പാപ്പയ്ക്ക് പോലും ഉറപ്പു പറയാനാവില്ല. അതിനാൽ നവോത്ഥാനം വേണ്ടത് ഈ ഒരു ആചാരം തിരുത്തിയെഴുതുന്നതിന് വേണ്ടിയാണ്. 

അഭിനവ നവോത്ഥാന പ്രസ്ഥാനക്കാർ ഇക്കാര്യം എത്രയും പെട്ടെന്ന് മാർപാപ്പയുടെ മുന്നിലവതരിപ്പിച്ച് വനിതകളുടെ കുമ്പസാരം വനിതാ സന്യസ്തർ കേൾക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അദ്ദേഹവും ഇതിനു പരിപൂർണ്ണ പിന്തുണ തരുമെന്നാണ് യൂറോപ്പിലെ പൗരോഹിത്യ ലൈംഗീക അപവാദ കേസുകളിൽ നഷ്ടപരിഹാരം കൊടുക്കുന്ന കണക്കുകൾ പത്രങ്ങളിൽ വായിക്കുമ്പോൾ തോന്നുന്നത്     

Sunday, January 13, 2019

സാലറി ചലഞ്ച് - ഹൃദയപക്ഷം

സാലറി ചലഞ്ച് - ഹൃദയപക്ഷം 
രണ്ടു ദിവസം ദേശീയ പണിമുടക്ക് നടത്തി വിജയിപ്പിച്ച ഇടതുപക്ഷം സംഘടകൾ, രണ്ടു ദിവസത്തെ ശമ്പളം ഉപേക്ഷിച്ചു കൊണ്ട് മാതൃക കാട്ടണം. ലോകത്തിനു തന്നെ ഇതൊരു പുതിയ സമരരീതി ആയിരിക്കും. രണ്ടു ദിവസം സമരം ആഘോഷിച്ച് മൂന്നാം ദിവസം പോയി ഒപ്പിട്ട് മുപ്പതാം തീയതി ശമ്പളം എണ്ണിവാങ്ങിയ കരിങ്കാലികൾ എന്ന ചീത്തപ്പേര് ഇല്ലാതാക്കാം നമുക്ക്. സംസ്ഥാന -കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കുദ്യോഗസ്ഥർ മുതലായവർ ഇതിനു മുകൈ എടുക്കണം.       
എന്നിട്ട് യഥാർത്ഥ തൊഴിലാളികളോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കാം, പണിമുടക്ക് മൂലം രണ്ടു ദിവസത്തെ പണിയും പണിക്കൂലിയും നഷ്ടപെട്ട കൂലിപ്പണിക്കർ , മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ,  ദിവസക്കൂലിക്കാർ, ... മുതലായവരോട് ചേർന്നുനിൽക്കണം.     
നാടെങ്ങും കണ്ട സമരപന്തലുകളിൽ ഘോര ഘോരം പ്രസംഗിക്കുമായും പാട്ടുപാടുകയും ആഘോഷിക്കുകയും ചെയ്തത് മേല്പറഞ്ഞ സംഘടിതരാണ്, സ്വന്തം മാസശമ്പളത്തിന് യാതൊരു പോറലും ഏൽക്കാതെ 'തൊഴിലാളി ഐക്യം' ഘോഷിക്കുന്നവർ!! കൂലിപ്പണിക്കാരുടെ അത്താഴപ്പഷ്ണിക്ക് അവർ മറുപടിപറയണം, എന്നിട്ടാകാം അടുത്ത പണിമുടക്ക് അഥവാ ഹർത്താൽ അഥവാ ബന്ദ്.     
ജനുവരി സാലറി ചലഞ്ച് ഏറ്റെടുക്കാൻ ധൈര്യമാരുണ്ടോ സമര സഖാക്കളേ, ആ പണം നമുക്ക് നവകേരള സൃഷ്ടിക്ക് ഉപയോഗിക്കാം .സുസ്ഥിര വികസനം സുരക്ഷിത കേരളം!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html