പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label കേരളമോഡല്‍. Show all posts
Showing posts with label കേരളമോഡല്‍. Show all posts

Tuesday, June 4, 2019

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:
നൂറുശതമാനം വിജയവും ആയിരക്കണക്കിന് എ പ്ലസ്സും കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുന്ന മലയാളികൾക്ക് ഒരു ആത്മശോധനായകനാണ് ഈ കുറിപ്പ്. വിദ്യാഭ്യാസ കച്ചവട സ്ഥാപങ്ങൾക്ക് ഒരു ഫീഡർ ആയി നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതിന്റെ സൂചന മാത്രമാണ് ഈ വർഷാവർഷം വർദ്ധിച്ചുവരുന്ന വിജയശതമാനവും പെരുകിവരുന്ന എ പ്ലസ്സുകളും, അല്ലാതെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കുത്തനെ കൂട്ടിയതുകൊണ്ടല്ല. 18 വർഷം മുൻപ് ഇ കെ ആന്റണി കുപ്പിതുറന്നു വിട്ട സ്വാശ്രയഭൂതം കേരള വിദ്യാഭ്യാസ മേഖലയെ കാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. മാറി മാറി വന്ന സർക്കാരുകൾ സ്വാശ്രയ കച്ചവടക്കാർക്ക് നല്ല ഒത്താശ ചെയ്തുകൊടുത്തു. ഈ കച്ചവടത്തിന് കുട്ടികളെ കിട്ടാൻ 100 ശതമാനം വിജയവും ഇ പ്ലുസ്സുകളുടെ തിളക്കവും കൂടിയപ്പോൾ പാവം കേരളീയർ നാടൊട്ടുക്ക് മക്കളുടെ ഫ്ലെക്സ് വച്ച് ആഹ്ലാദിച്ച് അർമാദിച്ചു. അവസാനം ഈ ഫ്ലെക്സുകളുടെ മാലിന്യം കാൻസർ / പകർച്ചവ്യാധികളെ പെരുക്കുകയും സ്വാശ്രയ "മേടിക്കൽ" കോളേജുകളിൽ പഠിച്ചിറങ്ങുന്ന മക്കളുടെ കീശവീർപ്പിക്കാൻ ഉള്ള വക നൽകുകയും ചെയ്തു! കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ നിലവാരം അറിയണമെങ്കിൽ ഐഐടി, ഐഐഎം, എയിംസ്, ജിപ്മെർ, ഐഎഎസ്, ഐപിഎസ് കണക്കുകൾ പരിശോദിച്ചാൽ മതിയാവും. വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന പല കോളേജുകളും ഇന്ന് സെൽഫ് ഫൈനാൻസിങ് കോഴ്‌സുകൾക്കാണ് പ്രാധാന്യം നൽകുന്നത്, കാരണം പണം വരവുതന്നെ. ഇതിനുപുറമെയാണ് അംഗീകാരമില്ലാത്ത നൂറുകണക്കിന് ഹ്രസ്വകാല കോഴ്‌സുകളും വിപണിയിൽ പണം വാരുന്നത്.
യാതൊരു മാനദണ്ഡവുമില്ലാതെ, ഗുണനിലവാരം നോക്കാതെ കുറെ ബിരുദദാരികളെ സൃഷ്ടിച്ചു വിട്ടിട്ട് ഇവിടെ ആർക്കാണ് മെച്ചം. അവസാനം ഭക്ഷണ വിതരണം നടത്താനും ടാക്സി ഓടിക്കാനും വിദേശ രാജ്യത്തെ ഡാറ്റാ എൻട്രി നടത്താനും ഈ കുട്ടികളെ ഇത്ര ചുമടെടുപ്പിക്കണോ? ഇത് ഒരു പണമൂറ്റൽ പരിപാടി മാത്രമായാൽ മതിയോ? മായാസൃഷ്ടിയായ വിജയങ്ങളുടെ [ഇ പ്ലസ്സുകളുടെ] മറനീക്കി മാതാപിതാക്കൾ [വിദ്യാർത്ഥികളും] ഉണർന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.    

Friday, June 3, 2016

അതിരപ്പിള്ളിയും കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും

1) കേരളത്തിൽ ഉടനെ പവർ കട്ട് - രാവിലെ അര വൈകിട്ട് അര മണിക്കൂർ - തുടങ്ങണം
2) ഇൻ വെർട്ടർ യുദ്ധ കാലാടിസ്ഥാനത്തിൽ നിരോധിക്കണം. ഒരു നിമിഷം എങ്കിലും വൈദ്യുതി ഇല്ലാതെ ജീവിക്കാൻ നമ്മുടെ മക്കൾ പഠിക്കട്ടെ.
3) പാവപ്പെട്ട കൂടംകുളം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി (അതുപോലെ) ഉണ്ടാക്കുന്ന വൈദ്യുതി വാങ്ങി ആർഭാടം കാണിക്കുന്ന മലയാളി (ഞാനടക്കം) ലജ്ജിക്കുക
4) തമിഴ് നാടും ആന്ധ്രയും മറ്റും വൈദ്യുതി ഉണ്ടാക്കി നമുക്ക് തരും, അതു വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കാം എന്നു കരുതുന്നത് മണ്ടത്തരം
5) ഒരു ഫാനോ ഫ്രിഡ്ജ്, വാഷിംഗ് മെഷീനോ, ഒഴിവാക്കുകയോ ആഴ്ചയിൽ ഒരിക്കലെങ്കിലും ഓഫാക്കിയോ ജീവിക്കാൻ പഠിക്കണം
6) ക്രിസ്മസ് / ന്യൂ ഇയർ കാലത്ത് ആഡംബര വിളക്കുകൾ കൂടി വരുന്നു, ഓർക്കുക നമ്മൾ വൈദ്യുതി പ്രതിസന്ധിയിലാണ്
7) ഉപയോഗം / ഉപഭോഗം കുറയ്ക്കുകയാണ്, വൈദ്യുതി പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം
8) കൂടുതൽ തുറസായ വീടുകൾ - ജനലുകൾ, വാതിലുകൾ, ചില്ലു ജാലകങ്ങൾ - പ്രകൃതി ദത്തമായ പ്രകാശ സംവിധാനം ഒരുക്കും, വൈദ്യുതി ലഭിക്കാം
9) നല്ല രീതിയിൽ സൗരോർജം ഉത്പാദിപ്പിച്ച് ഉപയോഗിക്കാമെന്ന് "സിയാൽ - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" നമുക്ക് മാതൃക കാണിച്ചു തന്നിരിക്കുന്നു.
10)വൈദുതി മോഷണം ഒഴിവാക്കിയും പ്രസരണ - വിതരണ നഷ്ടം കുറച്ചും, 700 മെഗാ വാട്ട് വൈദ്യുതി ലാഭിക്കാൻ കഴിയും .700 മെഗാ വാട്ട് എന്നാൽ 4 അതിരപ്പള്ളിക്ക് തുല്യം .

Wednesday, November 4, 2015

കെ.എസ് ആർ.ടി.സി - പൂച്ചക്കാരു മണികെട്ടും??

നമ്മുടെ കെ.എസ് ആർ.ടി.സി 1300  കോടി ലോണ്‍ എടുക്കുന്ന വാർത്ത‍ കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ കണ്ടു! കെ.എസ്.ആർ.ടി.സി ഒരു വെള്ളാനയായി വളർന്നു വളർന്ന് ആർക്കും ഒന്നും ചെയ്യാനാവാതെ ഖജനാവ്‌ മുടിക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. മാറി മാറി വരുന്ന സർക്കാരുകൾ യാതൊന്നും ചെയ്യാതെ കൈയും കെട്ടി നിൽക്കുന്നു, ജീവനക്കാരുടെ കെടുകാര്യസ്ഥതയും മേലധികാരികളുടെ ധൂർത്തും കെ.എസ്.ആർ.ടി.സി-യെ കേരളത്തിന്‌ ഒരു വലിയ ഭാരമായി മാറ്റി.  

കഴിഞ്ഞ ദിവസം  ഒരു  കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാനിരുന്നത് വാതിലിനടുത്ത സീറ്റിലാണ്‌. ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും  കയറിൽ കെട്ടിയിട്ട വാതിൽ വലിച്ചടുക്കുന്ന ജോലി എന്റെതായി. നമ്മുടെ സർക്കാർ, നമ്മുടെ വണ്ടി എന്നാണല്ലോ. ഇടയ്ക്കിടയ്ക്ക് ഡ്രൈവർ 'ആ വതിലൊന്നടയ്ക്ക്' എന്ന് വളരെ വിനീതമായി അജ്ഞാപിക്കുന്നുമുണ്ടായിരുന്നു. നല്ലൊരു തുക ശമ്പളവും പിന്നീടൊരു തുക പെൻഷനും ആയി കിട്ടാനുള്ള രണ്ടു പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ! ഒരു മാന്യ ഉപഭോക്താവായ എന്നെ പീഡിപ്പിക്കുന്നതായി തോന്നിയത് എന്റെ ഉള്ളിലെ ബൂർഷ്വാ ചിന്തഗതിമൂലമാണെന്ന് ഞാൻ പശ്ചാത്തപിച്ചു. ബസ്‌ കാലിയായിരുന്നിട്ടും യാത്രക്കാർ കൈ കാണിച്ചിട്ടും പല സ്റ്റോപ്പിലും നിർത്താൻ കൂട്ടാക്കാതെ ഡ്രൈവർ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. 

കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽ ചെന്നിറങ്ങിയപ്പോൾ അവിടെ കണ്ട അനേകം ബോർഡുകൾ ജീവക്കാരുടെ പരാതികളും പരിദേവനങ്ങളും ശമ്പള - വേതന വ്യവസ്ഥകളിലെ പോരായ്മകളും ജോലി ഭാരവും എല്ലാം വിളിച്ചു പറയുന്നതായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒട്ടും സന്തുഷ്ടരല്ല എന്ന് ഏതു ബസ്സിൽ കയറിയാലും മനസ്സിലാവും. പിന്നെ ഇതൊക്കെ ഒരു ജനസേവനം ആണല്ലോ? അല്ലേ .

ഏറണാകുളം സിറ്റിയിൽ ഓടുന്ന സ്വകാര്യ ബസ്സുകളിൽ ഒരു ഡ്രൈവർ, രണ്ടു കണ്ടക്ടർ, രണ്ടു ഡോർ ചെക്കർ എന്നിങ്ങനെ അഞ്ചു തൊഴിലാളികൾ പണിയെടുക്കുന്നു. അഞ്ചു കുടുംബങ്ങൾ സുഖമായി ജീവിക്കുന്നു, ബസ്‌ ഉടമയും ന്യായമായ ലാഭം എടുക്കുന്നു. അവർ സ്വന്തം ബസ്സിനെ പോന്നു പോലെ നോക്കുന്നു. ദിവസവും കഴുകി തുടച്ച് വൃത്തിയാക്കുന്നു, ശ്രദ്ധയോടെ ഓടിക്കുന്നു. സ്വകാര്യ ബസ്സുകളും സർക്കാർ  ബസ്സുകളും ഒരേ നിരക്കാണല്ലോ ഇടക്കുന്നത്.              

കെ.എസ്.ആർ.ടി.സി ജീവനക്കാർ തൃപ്തരല്ല, ജീവനക്കാർ തൃപ്തരല്ല, സർക്കാരിനു കോടികളുടെ നഷ്ടം, പൊതുജന സേവനം തീരെയില്ല, പിന്നെ ആർക്കു വേണ്ടിയാണ് ഈ സ്ഥാപനം? 

കെ.എസ് ആർ.ടി.സി അടച്ചു പൂട്ടണ മെന്നോ  സ്വകാര്യവല്ക്കരിക്കണമെന്നോ ഞാൻ പറയില്ല. മറിച്ച് കെ.എസ് ആർ.ടി.സി  ബസ്സിലെ യാത്രക്കൂലി കുറച്ചുകൂടെ.  മിനിമം ചാർജ്ജ് അഞ്ചു രൂപയാക്കുക, ഫെയർ സ്റ്റേജ് 25% കുറയ്ക്കുക. അങ്ങിനെയെങ്കിലും പൊതുജനത്തിന് കെ.എസ്.ആർ.ടി.സി കൊണ്ട് പ്രയോജനം ലഭിക്കട്ടെ. 1000 കോടി നഷ്ടത്തിന്റെ കൂടെ ഒരു 100 കോടി കൂടുമായിരിക്കും. എങ്കിലും അതുകൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമല്ലോ. മാത്രവുമല്ല, കാലാകാലങ്ങളിൽ സ്വകാര്യ ബസ്സ്‌ വ്യവസായികൾ ചാർജ്ജ് വർദ്ധന ആവശ്യപെട്ടു നടത്തുന്ന ഭീഷണി ഒഴിവാകുകയും ചെയ്യും .           

Tuesday, April 24, 2012

Heights of 'അസംബന്ധം'സ്

സുന്ദരിമാരായ (അല്ലാത്തവരും) യുവതികള്‍ അണിഞ്ഞൊരുങ്ങി വഴിയില്‍കൂടി നടക്കുമ്പോള്‍ അത് നോക്കി ആസ്വദിക്കുന്നവന്‍ 'ആഭാസന്‍'??!! 'ഛെ,, കണ്ടില്ലേ അവന്റെ വൃത്തികെട്ട നോട്ടം?' എന്ന് മാന്യമഹതികള്‍ ചോദിക്കും. (കേരളത്തില്‍)


 'പുലയന്‍' ഒരു വലിയ ജാതിവിഭാഗമാണ്, അവര്‍ക്ക് ജോലിക്കും പഠിക്കാനും സംവരണം ഉണ്ട്. ജാതി പറഞ്ഞാല്‍ സംവരണം കിട്ടും, ജാതി സമ്മേളനം നടത്താം. എന്നാല്‍ ഒരു പുലയനെ 'പുലയന്‍' എന്ന് വിളിച്ചാല്‍ കേരളത്തില്‍ പോലീസ് കേസെടുത്തു അകത്താക്കും!

 മുസ്ലിം ലീഗ് ഒരു മതേതര പാര്‍ട്ടിയാണ്!! അവരെ വര്‍ഗീയ പാര്‍ട്ടി എന്ന് ആരും പറയരുത്. കേരളം ഇപ്പോള്‍ ഭരിക്കുന്ന മതേതര-ജനാധിപത്യ മുന്നണിയായ യു.ഡി .എഫ് നിലനിര്‍ത്തുന്നത് 'മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്‌ (എം./ബി./ജെ./ജേ.) തുടങ്ങിയ 'ശുദ്ധ' മതേതര-ജനാധിപത്യ കക്ഷികള്‍ ചേര്‍ന്നാണ്!!

ഇതിനാണോ സാര്‍, വൈരുദ്ധ്യാത്മക (എന്തോ) വാദം എന്ന് പറയുന്നേ?

Saturday, June 26, 2010

ഏറണാകുളം(മാലിന്യം)കുളം

ഞാന്‍ തമിഴ് നാട്ടില്‍ അഞ്ചു വര്‍ഷത്തില്‍ പരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്. തമിഴന്മാരുടെ വൃത്തിയില്ലായ്മ കണ്ടു മടുത്തിട്ടാണ് തിരികെ കൊച്ചിയില്‍ വന്നു സ്ഥിരമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറണാകുളം മാര്‍ക്കറ്റില്‍ പോകാന്‍ ഇടയായി.
"ഹ്ഹോ, ഒരു കക്കൂസ് കുഴി പോലെ മാലിന്യ കൂമ്പാരം"
മാര്‍ക്കറ്റ്‌ നടുവിലൂടെ ഒഴുകുന്ന ആ കനാലിലെ വെള്ളം (മാലിന്യം) കണ്ടാല്‍ തികട്ടിവരും. മഴ പെയ്തു ഒഴുകുന്ന മാലിന്യങ്ങള്‍ക്ക്‌ നടുവില്‍ കച്ചവടം പൊടി പൊടിക്കുന്നു!!

ഞങ്ങള്‍ പാണ്ടികള്‍ എന്ന് വിളിക്കുന്ന തമിഴരെ മാപ്പ് ,,

Tuesday, August 25, 2009

ഇത്തവണയും 'ഓണം' അടിച്ചുപൊളിക്കണ്ടേ?

ഓണം കേരളത്തിന്റെ ദേശിയ ഉത്സവമാണ്. പൊന്നിന്‍ ചിങ്ങമാസത്തിലാണ് ഓണം നാം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമതഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.

ആരാണ് വിളവെടുപ്പ്‌ നടത്തുന്നത്? സ്വര്‍ണ്ണ കടക്കാര്‍, ഗൃഹോപകരണ കടക്കാര്‍, വസ്ത്ര വ്യാപാരികള്‍, സര്‍ക്കാര്‍(മദ്യം,ലോട്ടറി) .... തുടങ്ങിവര്‍ കൊയ്ത്തുതുടങ്ങി കഴിഞ്ഞു. ഇലക്ട്രോണിക് വസ്തുവകകള്‍, സ്വര്‍ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍, മദ്യം... തുടങ്ങി കോടിക്കണക്കിനു രൂപയുടെ സാധങ്ങള്‍ കേരളത്തിലെക്കൊഴുകുന്നു. മാര്‍വാടികളും ചെട്ടിയാര്‍മാറും ഓണത്തിന് വിളവെടുപ്പ്‌ നടത്തി കീശനിറച്ചു സന്തോഷത്തോടെ മടങ്ങുന്നു. ബോണസും ബാക്കി കടവും വാങ്ങി മലയാളികള്‍ ഓണം പൊടി പൊടിക്കുന്നു!!

പൂവേ പൊലി പൂവേയ്.....

(ആഗോള സാമ്പത്തീക മാന്ദ്യം: ഈയാഴ്ച വല്ല അമേരിക്കന്‍ സായ്പ്പും കൊച്ചിയില്‍ വന്നു ഷോപ്പിംഗ്‌ കണ്ടാല്‍‍ ഹാര്‍ട്ട് അറ്റാക്ക്‌ വന്നു മരിച്ചു പോകും)

Tuesday, September 2, 2008

നിക്ഷേപത്തട്ടിപ്പ് - ശബരി മോഡല്‍

20 വയസ്സ് പ്രായമുള്ള പയ്യന്‍ 500 കോടി നിക്ഷേപം സമാഹരിച്ച് തട്ടിപ്പുനടത്തി.

നിക്ഷേപസമാഹരണമത്സരത്തില്‍ ഇവനുവല്ല അവാര്‍ഡും കൊടുക്കണം। കേരളത്തില്‍ ഇത്രമാത്രം തട്ടിപ്പുകള്‍ നടന്നിട്ടും ലക്ഷങ്ങളും കോടികളും യാതൊരുചിന്തയുമില്ലാതെ ‘ശബരീനാഥ്’ മാരുടെ കയ്യില്‍ കൊടുക്കുന്നവരെ എന്തുവിളിക്കണം!! കള്ളപ്പണമാണ് ഇങ്ങിനെ നിക്ഷേപിക്കുന്നതെന്ന് നൂറു ശതമാനം ഉറപ്പ്.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html