സ്വകാര്യ കമ്പനികളും പരിഷത്തും :
ഈ വർഷത്തെ സംസ്ഥാന ബാലാ ശാസ്ത്ര കോൺഗ്രസ് സംഘാടനത്തിൽ സ്വകാര്യ കമ്പനിയുടെ പണം വാങ്ങിയതിനെ ചൊല്ലി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ വിവാദം ഉണ്ടായതായി പത്രത്തിൽ വായിച്ചു. സ്വകാര്യ കമ്പനികളോട് ഇത്ര മാത്രം അസ്പ്രിശ്യത ഈ കാലഘട്ടത്തിൽ കാണിക്കേണ്ടതുണ്ടോ? തൊഴിൽ, മൂലധനം, വികസനം, ഉല്പാദനം, ഉപഭോഗം ഇത്യാദി മേഖലകളിൽ ഇന്നത്തെ കാലത്ത് സ്വകാര്യ കമ്പനികളെ ഒഴിച്ചു നിർത്തി ചിന്തിക്കാൻ പോലും സാധിക്കുകയില്ല എന്നിരിക്കെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളി കളെയും ഉൾപെടുത്തി വിപുലീകരിക്കണം. ഈ പ്രസ്ഥാനം സർക്കാർ ജീവനക്കാർക്ക് രജിസ്റ്റെറിൽ ഒപ്പിട്ട്, സമൂഹത്തിലെക്കിറങ്ങി ബോധവൽക്കരണം നടത്താൻ ഉള്ളതായി മാറരുത്. സ്വകാര്യ മേഖലയുടെ കഴിവുകളേയും സാധ്യതകളെയും പരിഷത്ത് പ്രയോജന പ്പെടുത്തണം . സ്വകാര്യ മേഖലയോട് അയിത്തം കല്പിച്ചു മാറ്റി നിർത്തരുത് എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. പരിഷത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന, യോജിച്ചു പോകാൻ കഴിയുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് . അവരിൽ നിന്നും ഫണ്ട് വാങ്ങുന്നതൊ അവരുമായി സഹകരിക്കുന്നതോ ഒരു തെറ്റായി ശാസ്ത്രസാഹിത്യ പരിഷത്ത ഇനിയെങ്കിലും കാണരുത്. അതൊരു പഴഞ്ചൻ ചിന്താഗതിയാണ്. തൊഴിൽ ചൂഷണം ഇല്ലാത്ത, പ്രകൃതിയെ സംരക്ഷിക്കുന്ന, പരിസ്ഥിതി - ശാസ്ത്ര വികസനത്തിന് വേണ്ടി ലാഭത്തിന്റെ ഒരു വിഹിതം മാറ്റി വയ്ക്കുന്ന എത്രയോ നല്ല സ്വകാര്യ സംരംഭങ്ങളെ നമുക്ക് കേരളത്തിലും ഭാരതത്തിലും കാണാൻ കഴിയും. പൊതു മേഖലയും സർക്കാരും മാത്രമായി മുന്നോട്ടു പോയാൽ നമ്മുടെ സമൂഹത്തിന്റെ ഒരു പകുതിയെ ഒഴിവക്കുകയവും പരിഷത്ത് ചെയ്യുക. അത് സങ്കുചിതമാണ്, അസഹിഷ്ണുതയാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സ്നേഹിക്കുന്ന ഒരു എളിയ പ്രവർത്തകൻ എന്ന നിലയിലാണ് എന്റെ ഈ അഭിപ്രായം
ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314